വയനാട്ടിലെ വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം, ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം
വവ്വാലുകളെ ആവാസ വ്യവസ്ഥയിൽ നിന്ന് കല്ലെറിഞ്ഞും മറ്റും തുരത്തരുതെന്നാണ് നിർദേശം. ചെറിയ പനിയാണെങ്കിൽ പോലും സ്വയം ചികിത്സ ഒഴിവാക്കണം എന്നാണ് അറിയിപ്പ്.

വയനാട്: വവ്വാലുകളിൽ നിപയുടെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും വയനാട്ടിൽ ആശങ്കയൊന്നുമില്ലെന്ന് ജില്ലാ ഭരണകൂടം. വവ്വാലുകളെ ആവാസ വ്യവസ്ഥയിൽ നിന്ന് കല്ലെറിഞ്ഞും മറ്റും തുരത്തരുതെന്നാണ് നിർദേശം. ചെറിയ പനിയാണെങ്കിൽ പോലും സ്വയം ചികിത്സ ഒഴിവാക്കണം എന്നാണ് അറിയിപ്പ്.
കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ഐസിഎംആർ വ്യാപകമായി വവ്വാലുകളുടെ സാമ്പിൾ ശേഖരിച്ചു പരിശോധിച്ചിരുന്നു. വയനാട്ടിൽ നിന്നും ശേഖരിച്ച വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. പൊതുജന അവബോധം കൂട്ടാൻ മാത്രമാണ് വിവരം പുറത്തുപറഞ്ഞത്. എന്നാല്‍, ഈ സ്ഥിരീകരണം ജില്ലയിലെ ടൂറിസത്തെയും കച്ചവടത്തെയുമെല്ലാം ബാധിക്കുമോ എന്ന ആശങ്ക ഉയരുകയാണ്. എന്നാൽ, ഭയം വേണ്ട ജാഗ്രത മതിയെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക, അസുഖങ്ങൾക്കുള്ള സ്വയം ചികിത്സ മാറ്റിവച്ചു ഡോക്ടറെ കാണുക, എന്നിങ്ങനെയാണ് നിർദേശം. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കുമാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ലക്ഷണങ്ങൾ കാണിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്ന് ഡിഎംഒ അറിയിച്ചു.