Asianet News Malayalam

ലോക്ഡൗൺ കാലത്ത് സമ്മർദ്ദം കുറഞ്ഞു, സ്വാഭാവിക ഗർഭധാരണം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ

''ഐ‌വി‌എഫ് ചികിത്സ‌ പൂർ‌ത്തിയാക്കാൻ‌ കഴിയാത്ത ഒമ്പത് പേർ‌ ലോക്ഡൗൺ മാസങ്ങളിൽ സ്വാഭാവികമായും ഗർഭം ധരിച്ചു'' - ഗൈനക്കോളജിസ്റ്റും വന്ധ്യതാ സ്പെഷ്യലിസ്റ്റുമായ അമിത് പതങ്കർ ടെെംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Noticeable rise in natural pregnancies during lockdown days
Author
Pune, First Published May 20, 2020, 2:35 PM IST
  • Facebook
  • Twitter
  • Whatsapp

പുനെയിലെ 30 വയസുകാരിയായ ഒരു യുവതി വർഷങ്ങളായി വന്ധ്യതാ ചികിത്സ ചെയ്ത് വരികയായിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ഇൻജക്ഷനുകളാണ് അവർക്ക് എടുക്കേണ്ടി വന്നത്. മാർച്ച് 24ന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ചികിത്സ പൂർത്തിയാക്കാൻ ഇവർക്ക് കഴിഞ്ഞില്ല. ഏപ്രിൽ അവസാന ആഴ്ചയോടെയാണ് അവർ ആ സന്തോഷവാർത്ത അറിയുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഒരു സഹായവുമില്ലാതെ ഇവർക്ക് സ്വാഭാവിക ഗർഭധാരണം നടന്നിരിക്കുന്നു.

''ഐ‌വി‌എഫ് ചികിത്സ‌ പൂർ‌ത്തിയാക്കാൻ‌ കഴിയാത്ത ഒമ്പത് പേർ‌ ലോക്ഡൗൺ മാസങ്ങളിൽ സ്വാഭാവികമായും ഗർഭം ധരിച്ചു'' - ഗൈനക്കോളജിസ്റ്റും വന്ധ്യതാ സ്പെഷ്യലിസ്റ്റുമായ അമിത് പതങ്കർ ടെെംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സാധാരണ നിലയിൽ ഒരു ഐവിഎഫ് ചികിത്സയ്ക്ക് വേണ്ട സമയം ആറുമാസമാണ്. ചില കേസുകളിൽ അതിൽ കൂടുതൽ സമയം എടുക്കാറുണ്ടെന്നും ഡോ. അമിത് പറയുന്നു. 

സമ്മർദ്ദം കുറഞ്ഞു; സ്വാഭാവിക ഗർഭധാരണം വർധിക്കുന്നു: ഡോ. ഷെെജസ് നായർ പറയുന്നു...

ഈ ലോക്ഡൗൺ കാലത്ത് ഐവിഎഫ് പോലുള്ള ചികിത്സകൾ തീരുമാനിക്കപ്പെട്ട ചിലർക്കെങ്കിലും സ്വഭാവിക ​ഗർഭം ഉണ്ടാവുന്നുണ്ട്. കേരളത്തിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. ഈ ലോക്ഡൗൺ സമയത്ത് കൊവിഡ് സംബന്ധമായ സമ്മർദ്ദം ഉണ്ടെങ്കിലും, ജോലി സംബന്ധമായും, ദെെനംദിന തിരക്കുകളുമായും ബന്ധപ്പെട്ട് ഉണ്ടാകുന്ന സമ്മർദ്ദം കുറഞ്ഞിട്ടുണ്ടെന്ന് കണ്ണൂരിലെ ARMC IVF ഫെർട്ടിലിറ്റി സെന്ററിലെ ഗൈനക്കോളജിസ്റ്റും വന്ധ്യതാ സ്പെഷ്യലിസ്റ്റുമായ ​ഡോ. ഷെെജസ് നായർ പറയുന്നു.

മാനസിക സമ്മർദ്ദം വന്ധ്യതയ്ക്ക് വലിയൊരു കാരണമാവാറുണ്ട്. സ്ത്രീ വന്ധ്യതക്കുള്ള ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന് അണ്ഡോല്പാദനത്തിലെ വ്യതിയാനങ്ങളാണ്. അണ്ഡോല്പാദനത്തിന്റെ കൃത്യത തീരുമാനിക്കുന്നത് തലച്ചോറിനുള്ളിൽ അടങ്ങിയ ഹൈപ്പോതലാമസ് എന്ന ​ഗ്രന്ഥിയാണ്. തലച്ചോറിന്റെ പ്രവർത്തനത്തിൽ, മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന നെ​ഗറ്റീവ് ഇഫക്ടിനെക്കുറിച്ചു എല്ലാവർക്കും അറിയാവുന്നതാണല്ലോ. അതിനാൽ സമ്മർദ്ദം കുറയുന്നതോട് കൂടി, ഈ ഹൈപ്പോതലാമസും അത് പോലെയുള്ള മറ്റ് അവയവ കൂട്ടയ്മകളും നന്നായി പ്രവർത്തിക്കുകയും അത് ഒരു സ്ത്രീയിൽ ക്യത്യമായ അണ്ഡവിസർജ്ജനം നടക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നുവെന്ന്, അദ്ദേഹം പറയുന്നു.

ചെറിയ രീതിയിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ആണുങ്ങളുടെ വന്ധ്യതയിലും മാനസിക സമ്മർദ്ദത്തിന്റെ പങ്ക് വളരെ വലുതാണ്. പുരുഷബീജം ഉണ്ടാകുന്നത് ഒരു നീണ്ട പ്രക്രിയ വഴിയാണ്. ഏകദേശം 60 മുതൽ 90 ദിവസം വരെ നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയ. പല ഘട്ടങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ് ചലനശേഷിയുള്ള ഒരു നല്ല ബീജം ഉണ്ടാവുന്നത്. കഴിക്കുന്ന നല്ല ഭക്ഷണവും, ശ്വസിക്കുന്ന നല്ല വായുവും എല്ലാം ഇതിനെ സഹായിക്കും. വീട്ടിൽ ഒതുങ്ങിക്കൂടി, വീട്ടിലെ ഭക്ഷണം മാത്രം കഴിച്ചതും, മലിന അന്തരീക്ഷത്തിൽ നിന്ന് വിട്ട് നിന്നതുമെല്ലാം സ്വാഭാവിക ഗർഭധാരണത്തെ സഹായിച്ചിരിക്കാമെന്നും  ഡോ ഷൈജസ് പറയുന്നു.

മറ്റൊന്ന്, ഈ ലോക്ഡൗൺ സമയത്താണ് ദമ്പതിമാർ ഏറ്റവും കൂടുതൽ ഒരുമിച്ച് സമയം ചെലവഴിച്ചത്. അതുകൊണ്ട് ഇവർ തമ്മിൽ കൂടുതൽ തവണ ബന്ധപ്പെടാനുള്ള സാഹചര്യവും ഉണ്ടായി. ഗർഭധാരണത്തിലേക്ക് നയിക്കുന്ന, അണ്ഡവിസർജനത്തിനോട് ചേർന്നുള്ള ദിവസങ്ങളിലുള്ള ബന്ധപ്പെടലുകളും ഈ കാലയളവിൽ ഉണ്ടായത് ഇതിന് പിന്നിലെ മറ്റൊരു പ്രധാന കാരണമായി ഡോ. ഷെെജസ് ചൂണ്ടിക്കാട്ടുന്നു.

വേഗം വാ അച്ഛാ, അമ്മേ..." വാടകഗർഭപാത്രങ്ങളിൽ വിരിഞ്ഞ കുഞ്ഞുങ്ങൾ കെഞ്ചുന്നത് ഇങ്ങനെ...


 

Follow Us:
Download App:
  • android
  • ios