ഈ അഞ്ച് പോഷകങ്ങളുടെ കുറവ് നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കാം...
അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ചില പോഷകങ്ങളുടെ അഭാവം ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാം.

ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വർധിച്ചുവരുകയാണ്. ലോകത്തെ കണക്ക് നോക്കിയാൽ ഏറ്റവുമധികം ആളുകളുടെ മരണത്തിന് ഇടയാക്കുന്നത് ഹൃദ്രോഗങ്ങളാണ്. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ചില പോഷകങ്ങളുടെ അഭാവം ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാം.
അത്തരത്തില്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
മഗ്നീഷ്യമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്, ഇത് മഗ്നീഷ്യം കുറവുമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ മഗ്നീഷ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍ ചീര, സാല്‍മണ്‍ ഫിഷ്, അവക്കാഡോ, ബനാന, കൊഴുപ്പ് കുറഞ്ഞ തൈര്, നട്സ്, വിത്തുകൾ തുടങ്ങിയവ കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
രണ്ട്...
പൊട്ടാസ്യമാണ് ഈ പട്ടികയിലെ രണ്ടാമന്‍. പൊട്ടാസ്യത്തിന്‍റെ കുറവ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചില പഠനങ്ങളും പറയുന്നുണ്ട്. അതിനാല്‍ ഉരുളക്കിഴങ്ങ്, ബീന്‍സ്, വാഴപ്പഴം, അവക്കാഡോ, പാല്‍, സാല്‍മണ്‍ ഫിഷ് തുടങ്ങിയ പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
മൂന്ന്...
വിറ്റാമിന്‍ ഡിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ കുറവ് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. കൂടാതെ കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാനും വിറ്റാമിന്‍ ഡി ആവശ്യമാണ്. ഇതിനായി മുട്ടയുടെ മഞ്ഞക്കരു, സാൽമണ്‍ ഫിഷ്, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്...
കാത്സ്യമാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതില്‍ കാത്സ്യം വലിയ പങ്ക് വഹിക്കുന്നു. കാത്സ്യത്തിന്‍റെ അഭാവം മൂലം രക്തസമ്മര്‍ദ്ദം കൂടാം. ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ പാല്‍, തൈര്, സോയാ ബീന്‍സ് തുടങ്ങിയവ കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
അഞ്ച്...
ബി വിറ്റാമിനുകളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ബി-6, ബി-12, ബി-9 എന്നിവ ഹൃദയാരോഗ്യം വർധിപ്പിക്കുമെന്ന് പഠനങ്ങളും പറയുന്നു. അതിനാല്‍ ബി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
Also read: ദിവസവും ഒരു കപ്പ് സ്ട്രോബെറി കഴിക്കുന്നത് ഈ രണ്ട് രോഗങ്ങളെയും തടയുമെന്ന് പുതിയ പഠനം...