വാക്സിനേഷനും ഒമിക്രോണ്‍ ബിഎ.1 നല്‍കുന്ന പ്രതിരോധശക്തിയും ഒമിക്രോണ്‍ ബിഎ.2വിനെ ചെറുത്തുനില്‍ക്കാന്‍ സഹായകമായിട്ടുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ബിഎ.1നെ അപേക്ഷിച്ച് രോഗവ്യാപനശേഷി ബിഎ.2 വിന് കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു

കൊവിഡ് 19 വൈറസായ ഒമിക്രോണിന്റെ ( Omicron Variant ) ഉപവകഭേദം ബിഎ. 2 ആണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം കേസുകള്‍ ( Covid 19 India ) സൃഷ്ടിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്റിസ്റ്റുകളെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ ദേശീയമാധ്യമങ്ങളെല്ലാം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ നാലാഴ്ചയായി രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ള ആകെ കൊവിഡ് കേസുകളില്‍ 80 ശതമാനത്തിലധികവും ഒമിക്രോണ്‍ ബിഎ.2 ആണെന്നാണ് റിപ്പോര്‍ട്ട്. പുനെയില്‍ കഴിഞ്ഞ ഒരാഴ്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ കാര്യം ഉദാഹരണമായെടുത്താല്‍, 85 ശതമാനത്തിലധികവും ഒമിക്രോണ്‍ ബിഎ.2 ആയിരുന്നു. അതേസമയം നിലവില്‍ പുനെയില്‍ കേസുകള്‍ കുറഞ്ഞുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാക്സിനേഷനും ഒമിക്രോണ്‍ ബിഎ.1 നല്‍കുന്ന പ്രതിരോധശക്തിയും ഒമിക്രോണ്‍ ബിഎ.2വിനെ ചെറുത്തുനില്‍ക്കാന്‍ സഹായകമായിട്ടുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ബിഎ.1നെ അപേക്ഷിച്ച് രോഗവ്യാപനശേഷി ബിഎ.2 വിന് കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.

അതിവേഗം രോഗവ്യാപനം നടത്തുമെന്നതായിരുന്നു ഒമിക്രോണ്‍ ബിഎ.1ന്റെ തന്നെ സവിശേഷത. ഇതിനെക്കാള്‍ രോഗവ്യാപനശേഷിയെന്നത് അല്‍പം ആശങ്കയുണ്ടാക്കുന്ന വിവരമാണ്.

ആശങ്കയ്ക്ക് ഇട വരുത്തിയേക്കാവുന്ന വകഭേദങ്ങളുടെ പട്ടികയിലാണ് ഒമിക്രോണ്‍ ബിഎ.2വിനെ ലോകാരോഗ്യ സംഘടനയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനശേഷി, തീവ്രത, വീണ്ടും ബാധിക്കാനുള്ള സാധ്യത, പരിശോധനയില്‍ കണ്ടെത്താനുള്ള സാധ്യത, ചികിത്സ ഫലം ചെയ്യുന്നത്, വാക്സിനോടുള്ള ചെറുത്തുനില്‍പ് എന്നിവയെ എല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ആശങ്കപ്പെടേണ്ട വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തിയിരിക്കുന്നത്.

ഒമിക്രോണ്‍ ബിഎ.1 നെ അപേക്ഷിച്ച് ശരീരത്തില്‍ പ്രവേശിച്ച് വൈകാതെ തന്നെ വലിയ തോതില്‍ പെരുകുന്നതിന് ബിഎ.2വിന് ശേഷിയുണ്ടെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജനിതകമായി ബിഎ.1ല്‍ നിന്ന് വ്യത്യസ്തമായ ബിഎ.2 വൈറസിലുള്ള പ്രോട്ടീനുകളില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡിലും വ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പരിമിതമായ ചില വിവരങ്ങള്‍ മാത്രമാണ് ഇതുവരെ ഒമിക്രോണ്‍ ബിഎ.2വിനെ സംബന്ധിച്ച് ലഭ്യമായിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഇതിനെ കൂടുതല്‍ നിരീക്ഷണത്തിലാക്കുകയും പഠനങ്ങള്‍ തുടരുകയും വേണ്ടതുണ്ടെന്നാണ് പുനെയില്‍ നിന്ന് തന്നെയുള്ള ഗവേഷകര്‍ ആവശ്യപ്പെടുന്നത്.

എന്തായാലും ബിഎ.1 അണുബാധ നേരിട്ടവര്‍ക്ക് അതില്‍ നിന്ന് ലഭിച്ചിട്ടുള്ള പ്രതിരോധശേഷി മൂലം ബിഎ.2വിനെ ഒരു പരിധി വരെ ചെറുക്കാന്‍ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നത്. ഏറ്റവും കുറഞ്ഞത് ബിഎ.1 മൂലമുള്ള അണുബാധയ്ക്ക് ശേഷം ചെറിയ കാലയളവിലേക്ക് എങ്കിലും ബിഎ.2വിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

Also Read:- ഒരിക്കല്‍ ഒമിക്രോണ്‍ ബാധിച്ചാല്‍ പിന്നീട് കൊവിഡ് രോഗം പിടിപെടില്ലേ?

കൊവിഡ് 19മായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുക തന്നെയാണ്. വാക്‌സിന്‍ വ്യാപകമായി ലഭ്യമായിത്തുടങ്ങിയതോടെ ആശ്വാസത്തിനുള്ള വക തെളിഞ്ഞുവെങ്കിലും ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരുന്നു. ആദ്യഘട്ടത്തിലുണ്ടായിരുന്ന 'ആല്‍ഫ' വകഭേദത്തെക്കാള്‍ ശക്തനായ 'ഡെല്‍റ്റ' വകഭേദം പിന്നീട് ഇന്ത്യ അടക്കം പല രാജ്യങ്ങളിലും കഠിനമായ കൊവിഡ് തരംഗങ്ങള്‍ക്ക് കാരണമായി. ഇപ്പോഴിതാ 'ഒമിക്രോണ്‍' എന്ന വകഭേദമാണ് നമുക്ക് മുമ്പിലുള്ള ഭീഷണി.

ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2 ( BA.2 ) അഥവാ 'ഒമിക്രോണിന്റെ മകന്‍' ഒമിക്രോണിനെക്കാള്‍ ഭയപ്പെടേണ്ട രോഗകാരിയാണെന്നാണ് പുതിയ വിവരം... Read More...