ഓരോ വകഭേദം വരുമ്പോഴും കൊവിഡ് ലക്ഷണങ്ങളില്‍ നേരിയ തോതിലെങ്കിലും വ്യത്യാസങ്ങള്‍ കാണാറുണ്ട്. ഒമിക്രോണിന്റെ കാര്യത്തിലും സംഗതി സമാനം തന്നെ. എന്നാലിപ്പോള്‍ ഒമിക്രോണ്‍ ബിഎ.2 എന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് കൂടുതല്‍ കേസുകളും സൃഷ്ടിക്കുന്നത്. ഇതാണെങ്കില്‍ കൊവിഡ് പരിശോധനയില്‍ ( ആര്‍ടിപിസിആര്‍) കണ്ടെത്താനും ഏറെ പ്രയാസമാണ്
കൊവിഡ് 19മായുള്ള നമ്മുടെ പോരാട്ടം തുടങ്ങിയിട്ട് ( Covid 19 Crisis ) രണ്ട് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ജനതികവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് ( Virus Mutants ) വലിയ തോതിലുള്ള ഭീഷണിയാണ് നമുക്കെതിരെ ഉയര്‍ത്തിയത്. ആല്‍ഫ, ബീറ്റ, ഡെല്‍റ്റ എന്നീ വകഭേദങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഒമിക്രോണ്‍ ( Omicron Variant ) എന്ന വകഭേദമാണ് രോഗവ്യാപനം കാര്യമായും നടത്തുന്നത്.
ഡെല്‍റ്റ, നമുക്കറിയാം ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും ശക്തമായ കൊവിഡ് തരംഗം സൃഷ്ടിച്ച വഭേദമാണ്. കൊവിഡ് 19 അടിസ്ഥാനപരമായ ഒരു ശ്വാസകോശ രോഗമാണെങ്കിലും പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ അത് പ്രതികൂലമായി ബാധിക്കുന്നതായി നാം കണ്ടു. എന്നാല്‍ ഡെല്‍റ്റ കൃത്യമായും ശ്വാസകോശത്തെ തന്നെ ലക്ഷ്യം വയ്ക്കുന്നൊരു വകഭേദമായിരുന്നു.
അതുകൊണ്ട് തന്നെ രോഗികളില്‍ വലിയൊരു വിഭാഗം പേര്‍ക്കും ശ്വാസതടസം നേരിടുകയും ഓക്‌സിജന്‍ നില താഴുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. ഇന്ത്യയിലാണെങ്കില്‍ രണ്ടാം തരംഗസമയത്ത്, ധാരാളം രോഗികളുണ്ടായപ്പോള്‍ ഈ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിന് ആരോഗ്യമേഖലയ്ക്ക് കഴിയാതെ വരികയും ചികിത്സ ലഭിക്കാതെ തന്നെ രോഗികള്‍ മരിച്ചുവീഴുകയും ചെയ്യുന്ന കാഴ്ച നമ്മള്‍ കണ്ടു.
ഡെല്‍റ്റയില്‍ നിന്ന് വ്യത്യസ്തമായിരുന്നു പിന്നീട് വന്ന ഒമിക്രോണ്‍ എന്ന വകഭേദം. ഡെല്‍റ്റയെക്കാള്‍ വളരെ വേഗത്തില്‍ രോഗവ്യാപനം നടത്താന്‍ ഒമിക്രോണിന് കഴിവുണ്ട്. എന്നാല്‍ ഡെല്‍റ്റയോളം തന്നെ രോഗതീവ്രത ഒമിക്രോണിന് ഇല്ലെന്നാണ് നമ്മുടെ അനുഭവവും ഒപ്പം തന്നെ വിവിധ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്.
ഓരോ വകഭേദം വരുമ്പോഴും കൊവിഡ് ലക്ഷണങ്ങളില്‍ നേരിയ തോതിലെങ്കിലും വ്യത്യാസങ്ങള്‍ കാണാറുണ്ട്. ഒമിക്രോണിന്റെ കാര്യത്തിലും സംഗതി സമാനം തന്നെ. എന്നാലിപ്പോള്‍ ഒമിക്രോണ്‍ ബിഎ.2 എന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് കൂടുതല്‍ കേസുകളും സൃഷ്ടിക്കുന്നത്. ഇതാണെങ്കില്‍ കൊവിഡ് പരിശോധനയില്‍ ( ആര്‍ടിപിസിആര്‍) കണ്ടെത്താനും ഏറെ പ്രയാസമാണ്.
ഇന്ത്യ അടക്കം പലയിടങ്ങളിലും ഇന്ന് ഏറ്റവുമധികം കേസുകള്‍ സൃഷ്ടിക്കുന്നു എന്ന നിലയില്‍, ഒമിക്രോണ്‍ ബിഎ.2വില്‍ മറ്റ് വകഭേദങ്ങളില്‍ നിന്ന് എങ്ങനെയാണ് ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കുന്നതെന്ന് അറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടായിരിക്കും.
പ്രാഥമിക ലക്ഷണങ്ങളില്‍ വലിയ മാറ്റമില്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അതായത്, തൊണ്ടവേദന, ചുമ, ചുമ്മല്‍, ജലദോഷം, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളെല്ലാം തന്നെ ബിഎ.2വിലും മാറിയും മറിഞ്ഞും കാണപ്പെടാം. ചിലരില്‍ ഇവയ്‌ക്കൊപ്പം പനിയും കാണാം.
ഇതിന് പുറമെ രണ്ട് ലക്ഷണങ്ങള്‍ വളരെ കാര്യമായരീതിയില്‍ ഒമിക്രോണ്‍ ബിഎ.2വില്‍ കാണാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതില്‍ ഒന്ന് അസഹനീയമായ തളര്‍ച്ച, രണ്ട് തലകറക്കം. തളര്‍ച്ച വൈറല്‍ അണുബാധകളില്‍ സാധാരണമാണ്. കൊവിഡിന്റെ കാര്യത്തിലും അങ്ങനെ തന്നെ. എന്നാലിത് എല്ലാവരിലും ഒരുപോലെ കാണണമെന്നില്ല. അതേസമയം ഒമിക്രോണ്‍ ബിഎ.2 ആണെങ്കില്‍ സാരമായ രീതിയില്‍ തന്നെ തളര്‍ച്ച അനുഭവപ്പെടാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒമിക്രോണ്‍ വകഭേദത്തെക്കാള്‍ 30 ശതമാനം കൂടുതല്‍ വേഗതയിലാണേ്രത ബിഎ.2 രോഗവ്യാപനം നടത്തുന്നത്. എന്നാല്‍ ഡെല്‍റ്റയോളം തന്നെ അപകടകാരിയല്ല ഒമിക്രോണും, ബിഎ.2വും എന്നും പഠനങ്ങള്‍ പറയുന്നു. വാക്‌സിന്‍ നല്‍കുന്ന പ്രതിരോധ ശക്തി, നേരത്തേ രോഗം ബാധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആര്‍ജ്ജിക്കുന്ന പ്രതിരോധ ശക്തി എന്നിവയെ എല്ലാം എളുപ്പത്തില്‍ മറികടന്ന് ശരീരത്തിനുള്ളില്‍ പ്രവേശിക്കാനും, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് തന്നെ പെരുകാനുമെല്ലാം ബിഎ.2വിന് സാധ്യമാണ്.
Also Read:- ജപ്പാനെ പിടിച്ചുകുലുക്കി ഒമിക്രോണ്‍; ഒരു മാസത്തെ മരണനിരക്ക് തന്നെ പേടിപ്പെടുത്തുന്നത്
