ഈ തരംഗത്തില്‍ ഓക്‌സിജന്‍ നില താഴുന്ന കൊവിഡ് രോഗികളുടെ എണ്ണം വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ രാജ്യത്ത് ഒമിക്രോണിനെ കൂടാതെ ഡെല്‍റ്റയും കൊവിഡ് കേസുകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അധിക കേസുകളും ഒമിക്രോണ്‍ മൂലമുള്ളത് തന്നെയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമാണ് ( Third Wave ) ഇപ്പോള്‍. രണ്ടാം തരംഗത്തെ അപേക്ഷിച്ചുനോക്കുമ്പോള്‍ അല്‍പം ആശ്വാസമേകുന്ന തരത്തിലുള്ള കാഴ്ചകളാണ് മൂന്നാം തരംഗസമയത്തുള്ളത്. ഇതില്‍ ഏറ്റവും പ്രധാനം മരണനിരക്ക് ( Covid Death ) നല്ലതോതില്‍ താഴ്ന്നു എന്നത് തന്നെയാണ്. 

ഡെല്‍റ്റ എന്ന വകഭേദമാണ് രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ സാധിക്കുമെന്നതായിരുന്നു ഡെല്‍റ്റയുടെ പ്രത്യേകത. എന്നാല്‍ ഇതിനെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ സാധിക്കുന്ന ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ മൂന്നാം തരംഗം സൃഷ്ടിച്ചിരിക്കുന്നത്. 

ഡെല്‍റ്റയെക്കാള്‍ വേഗത്തില്‍ രോഗവ്യാപനം നടത്തുമെങ്കിലും രോഗതീവ്രതയുടെ കാര്യത്തില്‍ ഡെല്‍റ്റയോളം പ്രശ്‌നകാരിയല്ല ഒമിക്രോണ്‍ എന്നാണ് നിലവിലെ വിലയിരുത്തല്‍. ഡെല്‍റ്റ വകഭേദം മൂലം കൊവിഡ് പിടിപെട്ടിരുന്നവരില്‍ വലിയൊരു വിഭാഗത്തിനും ഓക്‌സിജന്‍ നില താഴുകയും ഇത് കാര്യമായ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു. 

അതേസമയം ഈ തരംഗത്തില്‍ ഓക്‌സിജന്‍ നില താഴുന്ന കൊവിഡ് രോഗികളുടെ എണ്ണം വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ രാജ്യത്ത് ഒമിക്രോണിനെ കൂടാതെ ഡെല്‍റ്റയും കൊവിഡ് കേസുകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അധിക കേസുകളും ഒമിക്രോണ്‍ മൂലമുള്ളത് തന്നെയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്. 

ആകെ പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ് രാജ്യത്തെ മൊത്തം കൊവിഡ് ആക്ടീവ് കേസുകളുടെ 77 ശതമാനമെന്നും ഇതില്‍ അധികവും ഒമിക്രോണ്‍ തന്നെയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. ഡിസംബര്‍- ജനുവരി മാസങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയായിരുന്നു. ാെമിക്രോണിന്റെ ഉപ വകഭേദമായ BA.2 എന്ന വകഭേദവും ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നുണ്ട്- ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. 

ഇതിനിടെ കൊവിഡ് വാക്‌സിനെ വ്യാപകമായി ആളുകള്‍ തള്ളിപ്പറയുന്നത് സ്വീകാര്യമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മരണനിരക്ക് കുറഞ്ഞതും, ഐസിയു രോഗികളുടെ എണ്ണം കുറഞ്ഞതുമെല്ലാം വാക്‌സിനേഷന്റെ ഫലമായാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. 

'വീടുകളില്‍ തന്നെ തുടരുന്ന കൊവിഡ് രോഗികളില്‍ 90 ശതമാനം പേര്‍ക്കും വളരെ തീവ്രത കുറഞ്ഞ രോഗബാധയാണ് ഉണ്ടായിട്ടുള്ളത്. ഓക്‌സിജന്‍ ആവശ്യം ഐസിയു പരിചരണം എന്നിവയും കുറഞ്ഞിരിക്കുന്നു. ഇതെല്ലാം വാക്‌സിനേഷന്റെ ഫലമായാണ് സംഭവിച്ചിട്ടുള്ളത്'- ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.

Also Read:- കൊവിഡിന്റെ പുതിയ ഉപവകഭേദമായ ബിഎ 2 അപകടകാരിയോ? ​​ഗവേഷകർ പറയുന്നത്