ജിമ്മിലെ വര്‍ക്കൗട്ടുകള്‍ വണ്ണം കുറയ്ക്കാൻ സഹായിക്കുമ്പോള്‍ യോഗ ഇക്കാര്യത്തില്‍ ഒട്ടുമേ സഹായകരമല്ല എന്നതാണ് യോഗക്കെതിരെയുള്ള ഒരു പ്രചാരണം. ഇതെല്ലാം വ്യക്തിപരമായ താല്‍പര്യങ്ങള്‍ തന്നെയാണ്. എങ്കിലും വണ്ണം കുറയ്ക്കാൻ യോഗ സഹായകമല്ല എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നാണ് യോഗ വിദഗ്ധര്‍ പറയുന്നത്.

നാളെ ജൂൺ 21, അന്താരാഷ്ട്ര യോഗാദിനം ( Inernational Day of Yoga 2022 ) ആണ്. യോഗ ചെയ്യുന്നത് ശരീരത്തിനെന്ന ( Practising Yoga ) പോലെ തന്നെ മനസിനും വളരെ നല്ലതാണെന്ന് നമുക്കറിയാം. മനസിനെ കൂടി ഉള്‍ക്കൊള്ളുന്ന പ്രാക്ടീസ് എന്ന നിലയിലാണ് യോഗ അംഗീകൃതമാകുന്നതും. എന്നാല്‍ യോഗ പരിശീലിക്കുന്നത് കൊണ്ട് ശരീരത്തിന് കാര്യമായ മെച്ചങ്ങളില്ലെന്ന് വാദിക്കുന്നവര്‍ നിരവധിയാണ്. 

പ്രത്യേകിച്ച് ജിമ്മിലെ വര്‍ക്കൗട്ടുകള്‍ വണ്ണം കുറയ്ക്കാൻ സഹായിക്കുമ്പോള്‍ യോഗ ഇക്കാര്യത്തില്‍ ഒട്ടുമേ സഹായകരമല്ല എന്നതാണ് യോഗക്കെതിരെയുള്ള ഒരു പ്രചാരണം. ഇതെല്ലാം വ്യക്തിപരമായ താല്‍പര്യങ്ങള്‍ തന്നെയാണ്. എങ്കിലും വണ്ണം കുറയ്ക്കാൻ യോഗ സഹായകമല്ല എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നാണ് യോഗ വിദഗ്ധര്‍ പറയുന്നത്. 

പ്രത്യക്ഷമായിട്ടല്ലെങ്കില്‍ പരോക്ഷമായി യോഗ വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് തന്നെയാണ് ഇവര്‍ വാദിക്കുന്നത്. എങ്ങനെയെല്ലാമാണ് യോഗ വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത? ഈ യോഗാദിനത്തിന്‍റെ ( Inernational Day of Yoga 2022 ) പശ്ചാത്തലത്തിൽ അത് കൂടി മനസിലാക്കാം.

ഒന്ന്...

യോഗ പരിശീലിക്കുമ്പോള്‍ ( Practising Yoga ) നാം സ്വയം തിരിച്ചറിയുകയാണ്. സ്വന്തം ശരീരത്തെ, മനസിനെ, ആവശ്യങ്ങളെ, ആഗ്രഹങ്ങളെ എല്ലാം. ഇതിലൂടെ ജീവിതത്തിലെ ആകെ പ്രവര്‍ത്തനങ്ങളെയും പുനര്‍നിര്‍മ്മിച്ചെടുക്കാനാകും. അത്തരത്തില്‍ ഭക്ഷണം കഴിക്കുന്നതില്‍ വലിയ രീതിയില്‍ മാറ്റം വരുത്താന്‍ സാധിക്കും. 'മൈന്‍ഡ്ഫുള്‍ ഈറ്റിംഗ്' ആണ് യോഗയിലൂടെ ആര്‍ജിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണരീതി. 

നമ്മുടെ ആവശ്യങ്ങളെ തിരിച്ചറിഞ്ഞ്, അതിന് അനുസരിച്ച് ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കുന്ന രീതിയാണിതെന്ന് ലളിതമായി പറയാം. 'മൈൻഡ്ഫുള്‍ ഈറ്റിംഗി'ല്‍ ഭക്ഷണം ആസ്വദിച്ചാണ് കഴിക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് ആവശ്യമുള്ള ഘടകങ്ങള്‍ ഭക്ഷണത്തിലൂടെ ഉറപ്പുവരുത്താനുമാകും ഒപ്പം തന്നെ അമിതമായി കഴിക്കുന്നത് ഒഴിവാകുകയും ചെയ്യുന്നു. ഇങ്ങനെ വണ്ണം കുറയ്ക്കാൻ നമുക്ക് സാധിക്കും. 

രണ്ട്...

വണ്ണം കൂടുന്നതിന് ചിലരിലെങ്കിലും കാരണമാകുന്നത് നിത്യജീവിതത്തല്‍ അവരനുഭവിക്കുന്ന സ്ട്രെസ് ( മാനസിക സമ്മര്‍ദ്ദം) ആണ്. യോഗ പരിശീലിക്കുന്നതിലൂടെ സ്ട്രെസ് വലിയ രീതിയില്‍ കുറയ്ക്കാനോ, കൈകാര്യം ചെയ്യാനോ സാധിക്കും. ഇങ്ങനെയും വണ്ണം കൂടുന്നത് തടയാം. 

മൂന്ന്...

യോഗ പതിവായി പരിശീലിക്കുന്നതിലൂടെ പേശികളെ ബലപ്പെടുത്താന്‍ സാധിക്കും. നമ്മുടെ ശരീരഭാരം നമ്മളില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണ് യോഗയില്‍ വരുന്നത്. പേശികള്‍ ബലപ്പെട്ട് ശരീരം ശക്തമാകുന്നു എന്ന് പറയുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ വര്‍ക്കൗട്ടിന് സമാനം തന്നെയാണ്. ഇതും വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. 

നാല്...

ചിലര്‍ക്ക് പതിവായി ഉറക്കപ്രശ്നങ്ങളുണ്ടാകാം. ഇത് ക്രമേണ വണ്ണം കൂട്ടുന്നതിന് കാരണമാകാറുണ്ട്. ഉറക്കപ്രശ്നങ്ങള്‍ വലിയ രീതിയില്‍ പരിഹരിക്കാന്‍ യോഗയ്ക്ക് സാധ്യമാണ്. ഇതിലൂടെയും വണ്ണം കൂടാനുള്ള സാധ്യതകളെ ഒഴിവാക്കാം. 

Also Read:- ശ്വാസകോശത്തെ സംരക്ഷിക്കാൻ ശീലിക്കാം ഈ ശ്വസന വ്യായാമങ്ങൾ