അല്‍ഷിമേഴ്സ് ബാധിക്കപ്പെട്ട ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം നേരത്തെയുള്ളവ മറന്നുപോകുന്നതിനൊപ്പം പുതിയ വിവരങ്ങള്‍ മനസ്സിലാക്കാനും അത് തലച്ചോറില്‍ സൂക്ഷിച്ചുവയ്ക്കുന്നതിനുമുള്ള കഴിവ് പതിയെപ്പതിയെ നഷ്ടപ്പെടുന്നു. ഈ ഓര്‍മ്മക്കുറവ് ദൈനംദിന കാര്യങ്ങള്‍ പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് മാറും. ചുറ്റുമുള്ളവരെയും ചുറ്റുപാടുകളെയും മറന്നുപോകുന്ന അവസ്ഥയിലേക്ക് വരുന്നതോടെ അസുഖം അതിന്‍റെ ഗൗരവാവസ്ഥയിലേക്ക് മാറുന്നു.
തലച്ചോറിലെ ഓരോ കോശങ്ങളായി നശിച്ച് തലച്ചോര്‍ ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് മറവിരോഗം അഥവാ അല്‍ഷിമേഴ്‌സ് രോഗം. നശിച്ചുപോകുന്ന കോശങ്ങളെ തിരിച്ചുകൊണ്ടു വരാനോ അവയുടെ വ്യാപനം തടയാനോ കഴിയില്ലെന്നതാണ് ഈ രോഗം ബാധിച്ചവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നാളെ സെപ്തംബര്‍ 21ന് ലോക അല്‍ഷിമേഴ്സ് ദിനമാണ്. അല്‍ഷിമേഴ്സ് രോഗത്തെ കുറിച്ച് കാര്യമായ അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം അല്‍ഷിമേഴ്സ് ദിനമായി ആചരിക്കുന്നത്.
അല്‍ഷിമേഴ്സ് ബാധിക്കപ്പെട്ട ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം നേരത്തെയുള്ളവ മറന്നുപോകുന്നതിനൊപ്പം പുതിയ വിവരങ്ങള്‍ മനസ്സിലാക്കാനും അത് തലച്ചോറില്‍ സൂക്ഷിച്ചുവയ്ക്കുന്നതിനുമുള്ള കഴിവ് പതിയെപ്പതിയെ നഷ്ടപ്പെടുന്നു. ഈ ഓര്‍മ്മക്കുറവ് ദൈനംദിന കാര്യങ്ങള്‍ പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് മാറും. ചുറ്റുമുള്ളവരെയും ചുറ്റുപാടുകളെയും മറന്നുപോകുന്ന അവസ്ഥയിലേക്ക് വരുന്നതോടെ അസുഖം അതിന്‍റെ ഗൗരവാവസ്ഥയിലേക്ക് മാറുന്നു.
ഹൃദ്രോഗങ്ങളും ക്യാന്‍സറും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനു കാരണമാകുന്നത് അല്‍ഷിമേഴ്‌സ് രോഗമാണെന്ന് ചില പഠനങ്ങള്‍ പറയുന്നു. മറവിരോഗങ്ങളില്‍ ഒന്നാണ് അല്‍ഷിമേഴ്‌സ്. ഡോ. അലോയ്‌സ് അല്‍ഷിമേഴ്‌സിന്‍റെ പേരിലാണ് ഈ അസുഖം അറിയപ്പെടുന്നത്.
കൂടുതല്‍ പഠനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്. തലച്ചോറില്‍ കാണുന്ന അമിലോയ്ഡ് പ്ലേറ്റ്‌സ്, ടാംഗ്ള്‍ഡ് സ്ട്രക്‌ചേഴ്‌സ് (ടിഎയു), ന്യൂറോണുകളുടെ ബന്ധം വിച്ഛേദിക്കപ്പെടുന്നത് തുടങ്ങിയവയാണ് അല്‍ഷിമേഴ്‌സിന്‍റെ പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നത്.
ഓര്‍മ്മക്കുറവ്, ചലനങ്ങള്‍ക്ക് പ്രയാസം, മണം തിരിച്ചറിയുന്നതിനുള്ള പ്രയാസം, കാഴ്ച, ഇടങ്ങള്‍ തമ്മിലുള്ള കണക്കുകൂട്ടലുകള്‍ നഷ്ടപ്പെടുക, ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടേയിരിക്കുക തുടങ്ങിയവയാണ് ആദ്യം കാണുക. ഇതെല്ലാം മറവിരോഗത്തിനുള്ള സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.
രോഗലക്ഷണങ്ങൾ...
ഓരോ രോഗിക്കും ഓരോ തരം ലക്ഷണങ്ങളാവാം. സാധാരണഗതിയില്‍ ഭാഷാപരമായ ചില പ്രശ്‌നങ്ങള്‍ ആദ്യം കാണും. ചില വാക്കുകള്‍ ഓര്‍മിക്കാന്‍ കഴിയാതെ വരിക, പ്രധാനപ്പെട്ട കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാലും കഴിയാതെ വരിക, പതിവായി ഇടപഴകുന്ന സ്ഥലങ്ങളിലെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള അകലം കണക്കുകൂട്ടാന്‍ കഴിയാതെ വരിക തുടങ്ങിയ ലക്ഷണങ്ങള്‍ ആദ്യം കണ്ടേക്കാം.

ഇതില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ മറവി കാണുമ്പോള്‍, മൂന്നു മുതല്‍ ആറു മാസം വരെ സമയത്തിനുള്ളില്‍ മറവിയില്‍ വര്‍ധനവുണ്ടാകുമ്പോള്‍ അല്‍ഷിമേഴ്‌സ് രോഗം തിരിച്ചറിയാനുള്ള പരിശോധനകള്‍ നടത്തണം. എംആര്‍ഐ, സിടി സ്‌കാന്‍, രക്തപരിശോധനകള്‍ തുടങ്ങിയവയൊക്കെ ഇതിനായി നടത്താറുണ്ട്.
വഴിയും സ്ഥലവും തിരിച്ചറിയാന്‍ കഴിയാതെ അലഞ്ഞുനടക്കുക, പണം എണ്ണിനോക്കാന്‍ കഴിയാതെ, ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരിക, സ്വന്തം വ്യക്തിത്വത്തില്‍ വരുന്ന മാറ്റങ്ങള്‍ പോലും തിരിച്ചറിയാന്‍ കഴിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് ആദ്യഘട്ടത്തില്‍ കാണാറുള്ളത്. അടുത്ത ഘട്ടത്തില്‍ ഭാഷ, യുക്തി, നീതിന്യായം, വൈകാരിക തീരുമാനങ്ങള്‍, ബോധപൂര്‍വമെടുക്കുന്ന തീരുമാനങ്ങള്‍ തുടങ്ങിയവയെ ബാധിക്കുന്നു. ഈ വിധത്തിലുള്ള പ്രക്രിയകള്‍ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ പ്രത്യേകഭാഗം നശിച്ചുപോകുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്.
ഈ ഘട്ടത്തില്‍ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനും ഓര്‍ത്തുവയ്ക്കാനും പ്രയാസമായിരിക്കും. വസ്ത്രം ധരിക്കാന്‍ പോലും ഈ ഘട്ടത്തില്‍ കഴിയാതെയാകും. കുടുംബങ്ങളിലുള്ളവരെയും സുഹൃത്തുക്കളെയും തിരിച്ചറിയാന്‍ കഴിയാതെ വരും. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതെ വരും. രോഗികളുടെ ഓര്‍മ്മനഷ്ടം കൂടിവരികയും ആശയക്കുഴപ്പങ്ങള്‍ കൂടി വരികയും ചെയ്യും. ഇല്ലാത്ത കാര്യങ്ങള്‍ കാണാനും കേള്‍ക്കാനുമൊക്കെ തുടങ്ങും. മതിഭ്രമം സംഭവിച്ചതു പോലെ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കും, ഉള്ള കാര്യങ്ങള്‍ ഇല്ലെന്നും. ഇതോടൊപ്പം തന്നെ കാരണമൊന്നുമില്ലാതെ ഭയപ്പെടുന്ന അവസ്ഥയും ഉണ്ടാകും.
അടുത്ത ഘട്ടത്തില്‍ രോഗിയുടെ മുഴുവന്‍ ഓര്‍മ്മകളും നഷ്ടമായിട്ടുണ്ടാകും. ഇതോടൊപ്പം മറ്റു ശാരീരിക പ്രവര്‍ത്തനങ്ങളും അവതാളത്തിലാകും. നേരത്തെ പറഞ്ഞ പ്ലേറ്റ്‌സും, ടിഎയുകളും തലച്ചോറില്‍ നിറഞ്ഞിട്ടുണ്ടാകും. ശരീരം പൂര്‍ണ്ണമായും കിടപ്പിലായ സ്ഥിതിയിലാവും. പലപ്പോഴും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴേക്ക് തന്നെ തലച്ചോറില്‍ കാര്യമായ നാശനഷ്ടം സംഭവിച്ചുകാണും.
ചെറുപ്പക്കാരിലെ അൽഷിമേഴ്സ്...
ചെറുപ്പക്കാരില്‍ കാണുന്ന മറവിരോഗം സാധാരണഗതിയില്‍ സ്യൂഡോ ഡിമെന്‍ഷ്യ ആണ് പറയുക. ഒരു സാധനം ഇന്ന സ്ഥലത്ത് വച്ചു എന്നത് നമ്മുടെ തലച്ചോറില്‍ രേഖപ്പെടുത്താതെ പോകുന്നതാണ് ഇത്തരം മറവിയുടെ പിന്നില്‍. തലച്ചോറിന്‍റെ സാധ്യതയ്ക്ക് അപ്പുറത്ത് തലച്ചോറിനെ സമ്മര്‍ദ്ദത്തിലാക്കുന്ന സ്ഥിതി ഇത്തരം സാഹചര്യത്തിലെത്തിച്ചേക്കാം.
ടെംബര്‍ ലോബിനെ ബാധിക്കുന്ന മറ്റു രോഗങ്ങള്‍, അടിക്കടിയുണ്ടാകുന്ന ക്ഷതങ്ങള്‍, ടെംബറല്‍ ലോബ് ഭാഗത്താണെങ്കില്‍ അത് മറവിരോഗത്തിലേക്ക് പോയേക്കാം. അപകടം നടന്നതിനെക്കുറിച്ച് കുറച്ച് സമയത്തേക്ക് ഓര്‍മ നഷ്ടപ്പെടാറുണ്ട്.

ഡിമെന്‍ഷ്യ എന്നത് നമ്മുടെ മനസിന്‍റെ പ്രാപ്തിയുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ ഒന്ന് മാത്രമാണ് ഓര്‍മ്മ. ഭാഷ, ദിശാബോധം, കണക്കുകൂട്ടാനുള്ള പ്രയാസം, തിരിച്ചറിയാനുള്ള ശേഷി തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നില്‍ കുറവ് വന്നാല്‍ അതിനെ ഡിമെന്‍ഷ്യ എന്നാണ് വിളിക്കുന്നത്. ഇതില്‍ മറവി സംഭവിക്കുന്നവരെയാണ് അല്‍ഷിമേഴ്‌സ് രോഗികള്‍ ആയി കണക്കാക്കുന്നത്. അല്‍ഷിമേഴ്‌സ് രോഗികളില്‍ വിഷാദരോഗം വരാനുള്ള സാഹചര്യം വളരെ കൂടുതലാണ്. പെട്ടെന്ന് സങ്കടം വരിക, പ്രതികരിക്കുക തുടങ്ങിയവയും ഇതിന്‍റെ ഭാഗമാണ്.
അല്‍ഷിമേഴ്‌സ് രോഗത്തിന് ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും അതിന്‍റെ ലക്ഷണങ്ങള്‍ക്ക് പലതിനും ചികിത്സ നല്‍കാന്‍ കഴിയും. അല്‍ഷിമേഴ്‌സ് രോഗബാധയുടെ വേഗം കുറയ്ക്കാന്‍ ഇത് സഹായിക്കുകയും ചെയ്യും.
മറ്റ് കാരണങ്ങള്‍ കൊണ്ട് സംഭവിക്കുന്ന അല്‍ഷിമേഴ്‌സ് രോഗത്തിനും ചികിത്സയിലൂടെ മെച്ചപ്പെട്ട അവസ്ഥയുണ്ടാക്കാന്‍ സാധിക്കും. ഉദാഹരണത്തിന് തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് തൈറോയ്ഡ് നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുന്നതിലൂടെ അതുമൂലമുണ്ടാകുന്ന മറവിരോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. അതുകൊണ്ട് മറവി രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്ന ആളുകളെ വൈകാതെ തന്നെ ആവശ്യമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ആരോഗ്യപരിചരണം ഉറപ്പുവരുത്തുകയും ചെയ്യുകയാണ് ഏറ്റവും നിര്‍ണ്ണായകമായ കാര്യം.
ലേഖനം തയ്യാറാക്കിയത് : ഡോ. പി പി വാസുദേവന്‍,
സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഫിസിഷ്യന്‍
തലശ്ശേരി മിഷന്‍ ഹോസ്പിറ്റല്‍, തലശ്ശേരി
Also Read:- മറവിരോഗത്തിന്‍റെ സൂചന നേരത്തെ കണ്ടുപിടിക്കാം; പഠനം
