ഇന്ന് ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസിനെ കുറിച്ചും അതിന്‍റെ ലക്ഷണങ്ങള്‍- ചികിത്സ- പ്രതിരോധം എന്നിവയെ കുറിച്ചെല്ലാം എഴുതുകയാണ്, തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ- എൻട്രോളജി വിഭാഗം കണ്‍സള്‍ട്ടന്‍റ് ഡോ. മുഹമ്മദ് യാസിദ് സിഎം...

നമ്മുടെ ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ കൈകാര്യം ചെയ്യുന്നത് കരള്‍ ആണ്. എന്നാല്‍ കരളില്‍ അണുബാധയുണ്ടാകുമ്പോള്‍ കരളിന്‍റെ പ്രവര്‍ത്തനം തന്നെ താറുമാറാകുന്നു. ഇങ്ങനെ കരളിനെ ബാധിക്കുന്ന അണുബാധയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് എന്ന് പറയാം. സാധാരണഗതിയില്‍ വരുന്ന പനിയും അനുബന്ധരോഗങ്ങളില്‍ നിന്നും ലക്ഷണങ്ങളില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും ഇല്ലാതെയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗവും വരുന്നത്. ഇത് തന്നെയാണ് വില്ലനായി മാറുന്നതും. വൈറല്‍ ഹെപ്പറ്റൈറ്റിസ് ഒരു സാധാരണ രോഗമെന്ന നിലയില്‍ വരികയും പിന്നീട് വൈറസ് ബാധയില്‍ നിന്ന് മുക്തമാകാന്‍ കഴിയാതെ വന്നാല്‍ ഗുരുതരരോഗമായി മാറുകയും ചെയ്യും.

ജൂലൈ 28 ന് ലോക ഹെപ്പറ്റൈറ്റിസ് ദിനത്തില്‍, 'ഞങ്ങള്‍ കാത്തിരിക്കുന്നില്ല' എന്ന ആഹ്വാനമാണ് ലോകാരോഗ്യ സംഘടന ഹെപ്പറ്റൈറ്റിസ് അവബോധവുമായി ബന്ധപ്പെട്ട് മുന്നോട്ടുവയ്ക്കുന്നത്. വൈറല്‍ ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ സമൂഹത്തിന്‍റെ നാനാതലങ്ങളിലുള്ളവരുടെ സജീവമായ ഇടപെടലാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്. വിവിധ തരത്തിലുള്ള ഹെപ്പറ്റൈറ്റിസ്, അവയുടെ സംക്രമണം, ലക്ഷണങ്ങള്‍, പ്രതിരോധം, ലഭ്യമായ ചികിത്സകള്‍ എന്നിവ മനസ്സിലാക്കേണ്ടത് രോഗത്തിന്‍റെ വ്യാപനം തടയുന്നതിനും ജീവന്‍ സംരക്ഷിക്കുന്നതിനും അത്യന്താപേക്ഷിതമാണ്.

എന്താണ് ഹെപ്പറ്റൈറ്റിസ്?

വൈറസ് അണുബാധ മൂലമുണ്ടാകുന്ന കരള്‍ വീക്കമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. ഇത് പ്രധാനമായും അഞ്ച് തരങ്ങളുണ്ട്: എ, ബി, സി, ഡി, ഇ എന്നിങ്ങനെ ഓരോ വൈറസും അതിന്‍റെ സംക്രമണം, ബാധിക്കുന്നതിന്‍റെ തീവ്രത, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ എന്നിവയില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ സാധാരണയായി മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പടരുന്നു. അതേസമയം ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ രോഗബാധിതരായ ആളുകളുടെ രക്തവുമായോ ശരീരസ്രവങ്ങളുമായോ ഇടകലരുന്നതിലൂടെയാണ് പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച വ്യക്തികളെ മാത്രമേ ഹെപ്പറ്റൈറ്റിസ് ഡി ബാധിക്കുകയുള്ളൂ.

രോഗലക്ഷണങ്ങള്‍

ഹെപ്പറ്റൈറ്റിസിന്‍റെ ലക്ഷണങ്ങള്‍ വൈറസിനെ ആശ്രയിച്ച് വ്യത്യാസപ്പെടാം. എന്നാല്‍ ക്ഷീണം, പനി, മഞ്ഞപ്പിത്തം (ചര്‍മ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറം), ഓക്കാനം, ഛര്‍ദ്ദി, വയറുവേദന എന്നിവ ചില സാധാരണ ലക്ഷണങ്ങളില്‍പ്പെടുന്നു. ചിലപ്പോള്‍ ഹെപ്പറ്റൈറ്റിസ് ഉള്ള ചില വ്യക്തികള്‍ക്ക് പ്രകടമായ ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. ഇത്തരം ആളുകളാണ് പെട്ടെന്ന് ഗുരുതരാവസ്ഥയിലാവുകയോ മരണപ്പെടുകയോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഹെപ്പറ്റൈറ്റിസ് രോഗബാധ കണ്ടെത്താനായി പതിവായി സ്‌ക്രീനിംഗുകള്‍ക്ക് വിധേയമാകുകയാണ് അഭികാമ്യം.

രോഗനിര്‍ണയവും ചികിത്സയും

വൈറല്‍ മാര്‍ക്കറുകള്‍ കണ്ടെത്തുന്ന ലളിതമായ രക്തപരിശോധനയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് രോഗനിര്‍ണയം നടത്തുന്നത്. നേരത്തെയുള്ള രോഗനിര്‍ണയം സമയബന്ധിതമായ ഇടപെടലിന് സഹായിക്കും. രോഗത്തിന്‍റെ വ്യാപനവും പുരോഗതിയും നിയന്ത്രിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവയ്ക്ക് പ്രത്യേക ചികിത്സയില്ലെങ്കിലും രോഗം വരാതെ ഫലപ്രദമായി തടയാന്‍ വാക്‌സിനേഷന്‍ ലഭ്യമാണ്.

ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ബാധിച്ചവര്‍ക്ക്, ആന്‍റിവൈറല്‍ മരുന്നുകള്‍ അണുബാധയെ നിയന്ത്രിക്കാനും സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. സമയബന്ധിതമായ ചികിത്സകളിലൂടെ കരള്‍ തകരാറ്, സിറോസിസ്, ലിവര്‍ ഫെയ്‌ലിയര്‍, കരള്‍ ക്യാന്‍സര്‍ പോലും ചിലപ്പോള്‍ തടയാന്‍ കഴിയും.

ഹെപ്പറ്റൈറ്റിസിന്‍റെ സങ്കീര്‍ണതകള്‍

ചികിത്സിച്ചില്ലെങ്കില്‍, വൈറല്‍ ഹെപ്പറ്റൈറ്റിസ് ഒരാളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് കരളില്‍ കലകള്‍ ഉണ്ടാക്കുകയും (സിറോസിസ്), ലിവര്‍ ഫെയ്‌ലിയര്‍, കരള്‍ ക്യാന്‍സര്‍ (ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ) എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. ഈ സങ്കീര്‍ണതകള്‍ നേരത്തെ രോഗബാധ കണ്ടെത്തുന്നതിന്‍റെയും ഉചിതമായ വൈദ്യസഹായത്തിന്‍റെയും അനിവാര്യതയാണ് വിളിച്ചോതുന്നത്.

പ്രതിരോധമാണ് പ്രധാനം

ഹെപ്പറ്റൈറ്റിസ് തടയുന്നത് വിവിധ നടപടികളിലൂടെ സാധ്യമാണ്. ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് വാക്‌സിനേഷന്‍. ഹെപ്പറ്റൈറ്റിസ് ബിക്ക്, പ്രത്യേകിച്ച് ശിശുക്കള്‍ക്കും ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ക്കും വാക്‌സിനേഷന്‍ അത്യാവശ്യമാണ്. 

സുരക്ഷിതമായ ലൈംഗികബന്ധവും ശുദ്ധമായ സൂചികള്‍ ഉപയോഗിക്കുന്നതും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പിടിപെടാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. സുരക്ഷിതമായ കുത്തിവയ്പ്പ് രീതികളെക്കുറിച്ച് അവബോധം വളര്‍ത്തുന്നത് വളരെ പ്രധാനമാണ്.

2023ലെ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്‍റെ 'തീം', 'ഞങ്ങള്‍ കാത്തിരിക്കുന്നില്ല' എന്നത്, ഹെപ്പറ്റൈറ്റിസിനെ ചെറുക്കുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്‍റെയും അടിയന്തര നടപടികളുടെയും ആവശ്യകത ഊന്നിപ്പറയുന്നു. ബോധവല്‍ക്കരണം, ആരോഗ്യപരിരക്ഷ എല്ലാവരിലേക്കും എത്തിക്കുക, പ്രതിരോധ തന്ത്രങ്ങള്‍ക്ക് പ്രചാരം നല്‍കുകയും അവ സമൂഹത്തിന്‍റെ നാനാതലങ്ങളിലേക്കും എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടാന്‍ ഗവണ്‍മെന്‍റുകളും ആരോഗ്യസംരക്ഷണ സംഘടനകളും ഗൗരവമായി രംഗത്തിറങ്ങേണമെന്ന് ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്നു.

നമുക്ക് എങ്ങനെ ഇടപെടാം?

ഹെപ്പറ്റൈറ്റിസിനെ അറിയുക: ഹെപ്പറ്റൈറ്റിസ്, അതിന്‍റെ സംക്രമണം, പ്രതിരോധ രീതികള്‍ എന്നിവയെക്കുറിച്ച് അറിയുക. അവബോധം വളര്‍ത്തുന്നതിനായി ഈ വിവരം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമൂഹവുമായും പങ്കിടുക.

പരിശോധന നടത്തുക: നിങ്ങള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബാധിച്ചിട്ടുണ്ടെന്നോ അല്ലെങ്കില്‍ അപകടസാധ്യതയുണ്ടെന്നോ നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍, പരിശോധന നടത്തുക. നേരത്തെ കണ്ടെത്തിയാല്‍ ജീവന്‍ രക്ഷിക്കാനാകും.

ചികിത്സ ഏവരിലേക്കും എത്തിക്കുക: നിങ്ങള്‍ ഉള്‍പ്പെടുന്ന കമ്യൂണിറ്റിയിലും ആഗോളതലത്തിലും ഹെപ്പറ്റൈറ്റിസ് വാക്സിനേഷനുകള്‍ എത്തിക്കുന്നതിനായും താങ്ങാനാവുന്ന വിലയില്‍ ആന്‍റിവൈറല്‍ ചികിത്സകള്‍ ലഭ്യമാക്കുന്നതിനുമായി അധികാരികളില്‍ സമ്മര്‍ദ്ദം ശക്തമാക്കുക.

ലോക ഹെപ്പറ്റൈറ്റിസ് ദിന പരിപാടികളെ പിന്തുണയ്ക്കുക: രോഗം ബാധിച്ചവര്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രകടിപ്പിക്കുന്നതിനായി ലോക ഹെപ്പറ്റൈറ്റിസ് ദിനത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുക.

സോഷ്യല്‍ മീഡിയയില്‍ പങ്കിടുക: സന്ദേശം പ്രചരിപ്പിക്കാനും ഹെപ്പറ്റൈറ്റിസിനെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും #WorldHepatitisDay എന്ന ഹാഷ്ടാഗ് ഉപയോഗിക്കുക.

ലോക ഹെപ്പറ്റൈറ്റിസ് ദിനത്തില്‍, ഈ നിശബ്ദ കൊലയാളിക്കെതിരായ പോരാട്ടത്തില്‍ അണിചേരാം. അണുബാധ, ലക്ഷണങ്ങള്‍, പ്രതിരോധം, ചികിത്സാ സാധ്യതകള്‍ എന്നിവ മനസ്സിലാക്കി ഹെപ്പറ്റൈറ്റിസിന്‍റെ വിനാശകരമായ ആഘാതത്തില്‍ നിന്ന് നമ്മെയും മറ്റുള്ളവരെയും സംരക്ഷിക്കാന്‍ സജീവമായ നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറാവുക. 'ഞങ്ങള്‍ കാത്തിരിക്കുന്നില്ല' എന്ന തീം മുന്‍നിര്‍ത്തി എല്ലാവര്‍ക്കും ആരോഗ്യകരവും ശോഭനവുമായ ഭാവി ഉറപ്പാക്കിക്കൊണ്ട് ഹെപ്പറ്റൈറ്റിസ് വിമുക്തമായ ഒരു ലോകത്തിനായി പ്രവര്‍ത്തിക്കുക.

Also Read:- എന്തുകൊണ്ട് കാലില്‍ ചൊറിച്ചിലും പുണ്ണും വരുന്നു? ചികിത്സ വൈകിച്ചാല്‍ പ്രശ്നം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo