ഇന്ന് ഒക്ടോബര്‍ 10, ലോക മാനസികാരോഗ്യദിനമാണ്. ഈ ദിവസത്തില്‍ അടുത്ത കാലത്തായി ഏറെ വര്‍ധിച്ചുവരുന്നൊരു പ്രശ്നത്തിലേക്ക് വിരല്‍ചൂണ്ടുകയാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ബീന വി എസ്. കൗമാരക്കാരിലെ ഫോണുപയോഗമുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ചും മാതാപിതാക്കള്‍ നിര്‍ബന്ധമായും അറിയേണ്ട സുപ്രധാനമായ വിവരങ്ങളുമാണ് ബീന വി എസ് പങ്കുവയ്ക്കുന്നത്...
ഇന്ന് കാട്ടുതീ പോലെ പടര്‍ന്നുപിടിച്ചിരിക്കുന്ന അവസ്ഥയാണ് ഇന്‍റര്‍നെറ്റ് അഡിക്ഷൻ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ അഡിക്ഷൻ. ഗാഡ്ഗെറ്റ് അഡിക്ഷൻ എന്നും ഇതിനെ പറയാം. ഇതൊരു ബിഹേവിയറല്‍ അഡിക്ഷൻ ആണ്. കൗമാരക്കാരിലാണ് കൂടുതലായും കണ്ടുവരുന്നത്.
കൊവിഡിന് കാലത്ത് പഠനമെല്ലാം ഓൺലൈൻ വഴിയായപ്പോള്‍ കുട്ടികള്‍ക്കെല്ലാം ഫോണ്‍ യഥേഷ്ടം ഉപയോഗിക്കാൻ കിട്ടി. ഇതിന് ശേഷം അവര്‍ ആ ശീലത്തില്‍ തന്നെ മുന്നോട്ട് പോരുകയാണ് ചെയ്തത്. അതിനാല്‍ തന്നെ കൊവിഡിന് ശേഷം ഈ പ്രവണത വളരെയധികം കൂടിയിട്ടുണ്ട്.
നമുക്കറിയാം 10-19 വയസുവരെയുള്ള കാലമാണ് കൗമാരം. ജീവിതത്തിന്‍റെ രണ്ടാം ഘട്ടം എന്ന് പറയുന്ന കാലഘട്ടം. ഈ ഘട്ടത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. ശാരീരികമായും മാനസികമായും സാമൂഹ്യപരമായും വൈകാരികമായുമൊക്കെ ഒരുപാട് മാറ്റങ്ങള്‍ വരുന്ന സമയം.
ഈ സമയത്ത് പുതിയ സാധനങ്ങളിലേക്ക്- ആളുകളിലേക്ക് എല്ലാം പെട്ടെന്ന് ആകര്‍ഷിക്കപ്പെടും. സാഹസിക കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള താല്‍പര്യം, എടുത്തുചാട്ടം, പിയര്‍ പ്രശ്നം എന്നിവയെല്ലാം ഏറെ സ്വാധീനിക്കുന്ന കാലഘട്ടമാണിത്.
ശരിക്കും പഠനങ്ങള്‍ പറയുന്നത് കൗമാരക്കാര്‍ പഠനകാര്യങ്ങള്‍ക്കല്ലാതെ ദിവസത്തില്‍ രണ്ട് മണിക്കൂറിലധികം ഫോണില്‍ ചിലവിടരുത് എന്നാണ്. ഈ രണ്ട് മണിക്കൂര്‍ തന്നെ ആരോഗ്യകരമായ കണ്ടന്‍റുകള്‍ക്ക് വേണ്ടിയായിരിക്കണം ഫോണുപയോഗിക്കേണ്ടത്.
ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം ഇന്ന് എന്തുമാത്രം കൂടിയിട്ടുണ്ട് എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ല. നമുക്കറിയാം, ഔദ്യോഗിക ജീവിതത്തിലായാലും സ്വകാര്യ ജീവിതത്തിലായാലും ഇന്‍റര്‍നെറ്റ് നമുക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിയിട്ടുണ്ട്.
ധാരാളം ഗുണങ്ങള്‍ ഇതിനുണ്ട്. അതിനൊപ്പം തന്നെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളും ഇതിനുണ്ട്. ഇന്‍റര്‍നെറ്റ് അഡിക്ഷനുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ഒരുപാട് പഠനങ്ങള്‍ ഇന്ത്യക്ക് അകത്തും പുറത്തുമെല്ലാം നടക്കുന്നുണ്ട്.
ഇന്‍റര്‍നെറ്റ് അഡിക്ഷൻ...
ഫോണ്‍- അല്ലെങ്കില്‍ ഇന്‍റര്‍നെറ്റ് ഉപയോഗം തീരെ കുറയ്ക്കാനോ നിയന്ത്രിക്കാനോ സാധിക്കാത്തവണ്ണം ദിവസത്തില്‍ പത്തും പതിനഞ്ചും പതിനാറും മണിക്കൂറും അതില്‍ ചിലവിടുന്ന അവസ്ഥ. ഭക്ഷണം, ഉറക്കം, വ്യായാമം പോലുള്ള, നമ്മുടെ അടിസ്ഥാനപരമായ കാര്യങ്ങളെ കൂടി മറന്നുകൊണ്ട് ഫോണില്‍ തന്നെ തുടരുന്ന അവസ്ഥ.
ഇന്‍റര്‍നെറ്റ്/ ഫോണ്‍/ കംപ്യൂട്ടര്‍ ഉപയോഗിക്കൻ കഴിയാതെ വരുന്ന സാഹചര്യങ്ങളില്‍ ദേഷ്യം, ടെൻഷൻ, ഉത്കണ്ഠ, വിഷാദം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ നേരിടുന്ന അവസ്ഥ. ഡേറ്റ തീര്‍ന്നുപോവുകയോ കറന്‍റ് പോവുകയോ എല്ലാം ചെയ്യുന്ന സാഹചര്യങ്ങള്‍ പോലും എടുക്കാൻ സാധിക്കില്ല.
സമൂഹത്തില്‍ നിന്ന് ഉള്‍വലിഞ്ഞ് മാറിയിരിക്കുക, കള്ളം പറയുക, വാഗ്വാദങ്ങളിലേര്‍പ്പെടുക, ജോലി - പഠനം എന്നിവ ബാധിക്കപ്പെടുക, അമിതമായ ശരീരക്ഷീണം എന്നിവയെല്ലാം ഇന്‍റര്‍നെറ്റ് അഡിക്ഷന്‍റെ ലക്ഷണങ്ങളാണ്.
ക്രേവിംഗ് എന്നുവച്ചാല്‍ ഫോണ്‍ അല്‍പനേരം മാറ്റിവച്ച് വേറെന്തെങ്കിലും ചെയ്യാൻ നോക്കുമ്പോഴും ഇതിലേക്ക് തിരിച്ച് വരാനുള്ള അമിതമായ പ്രവണത. അതായത് പതിവായി മദ്യപിക്കുന്ന ഒരാള്‍ക്ക് അത് കിട്ടാതെ വരുമ്പോഴുള്ള അവസ്ഥ പോലെ.
ചിലര്‍ മൂഡ് ശരിയാക്കാൻ, ബോറടി മാറ്റാൻ, അല്ലെങ്കില്‍ ടെൻഷൻ മാറ്റാൻ ആണെന്ന് പറഞ്ഞ് ഫോണില്‍ ഒരുപാട് സമയം ചിലവിടാറുണ്ട്. ഇതും അഡിക്ഷന്‍റെ ലക്ഷണം തന്നെയാണ്.
ശാരീരിക ബുദ്ധിമുട്ടുകള്‍...
ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനാല്‍ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. വ്യായാമം ചെയ്യില്ല. ഭക്ഷണം കഴിക്കാത്ത പ്രശ്നമുണ്ടാകും, അതുപോലെ സമയത്തിന് കഴിക്കാത്ത പ്രശ്നം, ഫോണ്‍ നോക്കി കഴിച്ച് ശീലിച്ചവരാണെങ്കില്‍ അത് അമിതമായി കഴിക്കുന്നതിലേക്കും നയിക്കും. ശരീരഭാരത്തിലും ഇതിന് അനുസരിച്ച് മാറ്റം വരും.
കണ്ണിന് ഏല്‍ക്കുന്ന കേടുപാടുകളാണ് മറ്റൊരു ഭീഷണി. ഡ്രൈ ഐ, കണ്ണ് മങ്ങല്‍, തലവേദന, ഡബിള്‍ വിഷൻ എന്നിങ്ങനെയുള്ള പ്രയാസങ്ങളെല്ലാം നേരിടാം. ഏറെ നേരം ഫോണുപയോഗിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ശരീരത്തിന്‍റെ 'പോസ്ചര്‍' അഥവാ ഘടനയെയും ബാധിക്കും. ഇതുമൂലം ശരീരവേദനയൊക്കെ പതിവായി മാറും.
നിരന്തരം ഫോണുപയോഗിക്കുന്നത് കേള്‍വിക്കും പ്രശ്നമാണ്. എപ്പോഴും ഹെഡ്സെറ്റ് വച്ച് പാട്ട് കേള്‍ക്കുകയോ, വീഡിയോ കാണുകയോ എല്ലാം ചെയ്യുന്നവരുണ്ട്. ചിലര്‍ ഇത് വച്ചുകൊണ്ട് തന്നെ ഉറങ്ങും. അതെല്ലാം കേള്‍വിയെ ബാധിക്കുന്ന ശീലമാണ്. ചില കേസുകളില്‍ എന്നത്തേക്കുമായി കേള്‍വി പ്രശ്നമുണ്ടാകാൻ വരെ ഇത് കാരണമാകും. ചെവിക്കുള്ളില്‍ അണുബാധകളുണ്ടാകാനും ഇത് കാരണമാകാം.
ഫോണ്‍ ഉപയോഗം- അതുപോലെ തന്നെ ഹെഡ്സെറ്റ് സ്ഥിരമായി വയ്ക്കുന്ന ശീലവുമെല്ലാം റോഡപകടങ്ങളിലേക്കും ഏറെ വഴിവയ്ക്കാറുണ്ട്.
മനസിനെ ബാധിക്കുന്നത്...
ഇന്‍റര്‍നെറ്റ്- സോഷ്യല്‍ മീഡിയ എന്നിവയുടെ അമിതോപയോഗം മാനസികാരോഗ്യത്തെയും മോശമായി ബാധിക്കുന്നതാണെന്ന് അറിയാമല്ലോ. ഏറെ സമയം സോഷ്യല്‍ മീഡിയയിലോ മറ്റോ ചിലവിടുമ്പോള്‍ അതിന് പുറത്തുള്ള ലോകം നഷ്ടപ്പെടുത്തുകയാണ്. ഇത് വലിയൊരു പ്രശ്നമാണ്.
കുട്ടികളുടെ പ്രത്യേകിച്ച് കൗമാരക്കാരുടെ കാര്യത്തില്‍ മാതാപിതാക്കള്‍ നേരിടുന്ന ഒരു വലിയ പ്രശ്നമാണിത്. ഒരു പാരന്‍റ് പറഞ്ഞിട്ടുണ്ട്, അവരുടെ രണ്ട് മക്കളും വീട്ടിലാരെങ്കിലും വന്നാല്‍ പുറത്തേക്ക് വരികയോ അവരോട് സംസാരിക്കുകയോ സഹകരിക്കുകയോ ഒന്നും ചെയ്യില്ല. വീട്ടിലെ കാര്യങ്ങളെന്തെങ്കിലും ചെയ്യാൻ പറഞ്ഞാലും പിന്നെ... പിന്നെ... എന്ന് നീട്ടിവച്ചുകൊണ്ടിരിക്കും.
ഉറക്കക്കുറവാണ് പിന്നെ നേരിടുന്നൊരു വലിയ ഭീഷണി. കൗമാരകാലമെന്നത് പറയുന്നത് വളര്‍ച്ചയുടെ കാലമാണല്ലോ, ഈ സമയത്ത് ഉറക്കക്കുറവ് നേരിടുന്നത് വലിയ രീതിയിലാണ് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുക. ചിലര്‍ വളരെ അപകടകരമായ രീതിയിലുള്ള സെക്ഷ്വല്‍ പെരുമാറ്റത്തിലേക്കെല്ലാം എത്താറുണ്ട്.
ഇൻസ്റ്റഗ്രാം, ടെലഗ്രാം, ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകള്‍ വഴിയെല്ലാം കൗമാരക്കാര്‍ ഇങ്ങനെയുള്ള കുരുക്കുകളില്‍ ചെന്ന് പെടുന്ന കേസുകള്‍ വരുന്നത് ഇങ്ങനെയണ്. നഗ്ന ഫോട്ടോ- വീഡിയോ എന്നിവ കൈമാറുക, സെക്സ് ചാറ്റ് നടത്തുക എന്നിങ്ങനെയൊക്കെയുള്ള പ്രശ്നങ്ങള്‍ വരാം.
അതുപോലെ തന്നെ വയലൻസ് കണ്ടന്‍റ് കൂടുതലുള്ള വീഡിയോകള്‍-സീരീസുകള്‍ എന്നിവ കാണുന്ന കുട്ടികളുടെ എണ്ണവും ഇന്ന് വളരെ കൂടുതലാണ്. ഇതും കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ്. കുട്ടികളുടെ പെരുമാറ്റം 'അഗ്രസീവ്' (അക്രമമനോഭാവം) ആകുന്നതിലേക്ക് ഇത് നയിക്കാം. മുൻകോപം, എടുത്തുചാട്ടം എല്ലാം കുട്ടികളില്‍ ഇതുമൂലം കാണാം. മാതാപിതാക്കള്‍ ഏറെ ശ്രദ്ധിക്കേണ്ടൊരു കാര്യമാണിത്. ഇത്തരം വീഡിയോകള്‍ കുട്ടികള്‍ കാണുന്നത് ശ്രദ്ധിക്കുകയാണ് വേണ്ടത്.
കാരണം ഇത് ചിലപ്പോഴൊക്കെ ചികിത്സയുടെ ഘട്ടം വരെ എത്താറുണ്ട്. ആത്മവിശ്വാസക്കുറവ്, കുടുംബപ്രശ്നങ്ങള്‍, പഠനത്തില്‍ പിന്നാക്കം പോകല്‍ എന്നിവയിലേക്കെല്ലാം സോഷ്യല്‍ മീഡിയ അഡിക്ഷൻ - ഇന്‍റര്‍നെറ്റ് അഡിക്ഷൻ ഇടയാക്കാറുണ്ട്.
ഇപ്പോള്‍, കൗമാരക്കാരുടെയെല്ലാം ഹരമാണ് ബിടിഎസ് മ്യൂസിക്, കൊറിയൻ വെബ് സീരീസൊക്കെ. ഇതൊന്നും കാണുന്നതില്‍ തെറ്റില്ല. പക്ഷേ നമ്മുടെ കാര്യങ്ങളെ ബാധിക്കരുത്. കൗമാരക്കാരിലാണെങ്കില്‍ പഠനമാണ് അവരുടെ പ്രധാന ജോലി. അതിനെ ബാധിക്കുംവിധത്തിലേക്ക് എത്തരുത്. അത് ഭാവിയെ ബാധിക്കും. ഒന്നുമാകാതെ പോകേണ്ടി വരുന്ന അവസ്ഥ വരെയെത്തും.
ഇന്‍റര്‍നെറ്റ്- സോഷ്യല്‍ മീഡിയ ഉപയോഗം അമിതമാകുമ്പോള്‍ അത് എന്തായാലും നമ്മുടെ തലച്ചോറിനെ ദോഷകരമായി ബാധിക്കും. ഇക്കാര്യത്തില്‍ സംശയമില്ല. അത് നമ്മുടെ ചിന്താശേഷിയെയും തകര്‍ക്കുന്നു. അതിനാല്‍ തന്നെ കഴിവതും ഇത് മാതാപിതാക്കള്‍ തുടക്കം തൊട്ടേ ശ്രദ്ധിക്കുകയും നിയന്ത്രിക്കുകയും ചെയ്യണം.
-ബീന വിഎസ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
നിംസ് മെഡിസിറ്റി
നെയ്യാറ്റിൻകര
Also Read:- സ്ട്രെസ് അകറ്റാൻ എല്ലാ ദിവസവും നിങ്ങള്‍ക്ക് ചെയ്യാവുന്നത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
