Asianet News MalayalamAsianet News Malayalam

കൊവിഡ് പൊട്ടിപ്പുറപ്പെട്ടിട്ട് ഒരു വര്‍ഷം പിന്നിട്ടു; വാക്സിനായി പ്രതീക്ഷയോടെ ലോകം

ചൈനയിലെ ഹ്യൂബെ പ്രവിശ്യയിൽ ആദ്യത്തെ കേസ് കണ്ടെത്തിയത് 2019 നവംബർ 17നാണ്. 

one year for covid pandemic
Author
Thiruvananthapuram, First Published Nov 18, 2020, 8:44 AM IST

ലോകത്തെയാകെ ഭീതിയിലാക്കിയ കൊവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം പിന്നിട്ടു. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിൽ ആദ്യത്തെ കേസ് കണ്ടെത്തിയത് 2019 നവംബർ 17നാണ്. അന്ന് രോഗം സ്ഥിരീകരിച്ചയാളാണോ ആദ്യത്തെ രോഗി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

അജ്ഞാത വൈറസ് മൂലമുളള രോഗബാധയെക്കുറിച്ച് ലോകാരോഗ്യസംഘടനയിൽ ചൈന റിപ്പോർട്ട് ചെയ്യുന്നത് ഡിസംബർ 31നാണ്. ഇന്ത്യയിലാദ്യം രോഗം സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. വുഹാനിൽ നിന്ന് മടങ്ങിയെത്തിയ തൃശൂരിലെ വിദ്യാർത്ഥിനിക്കായിരുന്നു ജനുവരി 30ന് രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്.

ലോകമാകെ പടർന്നുപിടിച്ച  രോഗത്തിന് കൊവിഡ് 19 എന്ന പേര് നൽകിയത് 2020 ഫെബ്രുവരി 11നാണ്. പിന്നീട് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. മാർച്ച് മാസത്തോടെ ലോകമാകെ കൊവിഡ് വ്യാപനം രൂക്ഷമായി. ദിവസേന കണക്കുകള്‍ വര്‍ധിച്ചു. മരണങ്ങള്‍ കൂടി. രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മാസ്‌കുകളും ഹാന്റ് വാഷും സാനിറ്റൈസറും ജീവിതത്തിന്റെ ഭാഗമായി. 

ഇന്ന് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്നര ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. രോഗികളുടെ എണ്ണം അഞ്ചര കോടി കവിഞ്ഞു. ഈ സാഹചര്യത്തില്‍ കൊവിഡ് വാക്‌സിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലോകം.

പ്രതിരോധ മരുന്നിനായി നിരവധി പരീക്ഷണങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. ഓരോ ദിവസവും പുതിയ വിവരങ്ങളാണ് കൊറോണ വൈറസിനെ കുറിച്ച് പുറത്തുവരുന്നത്. പല വാക്സിനുകളും അതിന്‍റെ മൂന്നാം ഘട്ടത്തിലാണ്. അതിനിടെ വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് യു എസ് ബയോടെക്നോളജി കമ്പനിയായ മൊഡേണ. വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തെകുറിച്ചുള്ള കമ്പനിയുടെ ഇടക്കാല റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

എന്നാല്‍ വാക്‌സിന്റെ വരവോടുകൂടി കൊവിഡ് 19 ഇല്ലാതാകില്ലെന്നുള്ള മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കുന്നത്. നിലവില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ നാം അവലംബിക്കുന്ന വിവിധ മാര്‍ഗങ്ങളുടെ കൂട്ടത്തിലേക്ക് ഏറ്റവും പ്രയോജനപ്രദമായ ഒരു പ്രതിരോധ മാര്‍ഗമെന്നോണം വാക്‌സിന്‍ കൂടി ഉള്‍ച്ചേരും. എന്നാല്‍ അതുകൊണ്ട് മാത്രം രോഗത്തെ എളുപ്പത്തില്‍ തുടച്ചുനീക്കാമെന്ന ചിന്ത വേണ്ടെന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനേം ഗബ്രിയേസിസ് പറയുന്നത്. കൊവിഡ് 19 മഹാമാരിയെ അവസാനിപ്പിക്കാനോ പിടിച്ചുകെട്ടാനോ വാക്‌സിന്‍ കൊണ്ട് മാത്രം സാധിക്കുകയുമില്ല എന്നും അദ്ദേഹം പറയുന്നു. 
 

Also Read: ലോകത്തിനു സന്തോഷവാര്‍ത്ത, മോഡേണ വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദം!

Follow Us:
Download App:
  • android
  • ios