വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കടന്നുപോകുമ്പോഴേക്ക്, അല്ലെങ്കില്‍ ഒരു കുഞ്ഞ് പിറക്കുമ്പോഴേക്ക് ലൈംഗികജീവിതത്തില്‍ മടുപ്പ് അനുഭവിച്ച് തുടങ്ങുന്നവരാണ് ഇന്ന് ഏറെ പേരും. പലപ്പോഴും പങ്കാളികള്‍ തമ്മില്‍ ആത്മാര്‍ത്ഥമായ അടുപ്പവും ഇഷ്ടവും സൂക്ഷിക്കാനാകാത്തതിനാലാണ് ഇത്തരമൊരു വിരക്തിയുണ്ടാകുന്നത്. 

പ്രണയമെന്നത് സമയബന്ധിതമായി മാത്രം നിലനില്‍ക്കുന്ന വികാരമാണ്. അതിനെക്കാള്‍ എന്തുകൊണ്ടും പ്രധാനമാണ്, രണ്ട് പേര്‍ തമ്മിലുള്ള അടുപ്പവും ധാരണയും. അതുണ്ടെങ്കില്‍ എപ്പോഴും ബന്ധത്തെ പുതുക്കി സൂക്ഷിക്കാനാകും. അതുതന്നെയാണ് ഒരു പരിധി വരെ ലൈംഗികജീവിതത്തേയും സുരക്ഷിതമാക്കി നിര്‍ത്തുന്നത്. 

ലൈംഗികജീവിതത്തിലും നേരത്തേ സൂചിപ്പിച്ചത് പോലെ പുതുക്കല്‍ നടത്തേണ്ടതുണ്ട്. അതിനുള്ള ഒരു പ്രധാന ഉപാധിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കിടപ്പറയിലെ തുറന്ന സംഭാഷണമാണ് ലൈംഗികതയെ ആസ്വാദ്യമാക്കി നിലനിര്‍ത്താന്‍ ദമ്പതികളെ സഹായിക്കുന്നത്. ഇതുതന്നെയാണ് ലൈംഗികജീവിതത്തെ പുതുക്കാന്‍ സഹായക്കുന്ന പ്രധാന ഉപാധിയും. 

ഓരോ വ്യക്തിയും ദിവസേനയുള്ള ജീവിതത്തില്‍ സ്വയം മാറിക്കൊണ്ടിരിക്കുന്നുണ്ട്. അതിനനുസരിച്ച് ലൈംഗികമായ അഭിരുചികളിലും മാറ്റം വന്നുചേര്‍ന്നേക്കാം. എന്നാല്‍ ഈ മാറ്റങ്ങള്‍ പങ്കാളി അറിയാതെ പോകും. സമാനമായി, പങ്കാളിയില്‍ കാലം വരുത്തുന്ന മാറ്റങ്ങള്‍ നിങ്ങളും അറിയാതെ പോയേക്കാം. ഈ ധാരണയില്ലായ്മ ക്രമേണ ലൈംഗികവിരക്തിയിലേക്ക് നയിക്കും. 

അതിനാല്‍ മാസത്തിലൊരിക്കലെങ്കിലും ലൈംഗികതയെന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു ഹ്രസ്വസംഭാഷണമൊരുക്കുക. ഇതിന് വേണ്ടി ചില മുന്നൊരുക്കങ്ങള്‍ നിങ്ങള്‍ക്കെടുക്കാം.

ഒന്ന്...

ഇന്നും, പല ദമ്പതികള്‍ക്കും ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യാന്‍ മടിയുണ്ട്. എന്നാല്‍ ഒരു 'ഐസ് ബ്രേക്കിംഗ്' സേറ്റേജിലധികം ഈ ഉത്കണ്ഠയ്ക്ക് പ്രാധാന്യമില്ലെന്ന് തിരിച്ചറിയുക. എത്രയും വേഗത്തില്‍ 'ഐസ് ബ്രേക്കിംഗ്' നടത്താനും ശ്രമിക്കുക. 

രണ്ട്...

പങ്കാളിയെ മടുപ്പിക്കുന്ന തരത്തില്‍ നേരിട്ട് വിഷയത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരരുത്. എങ്ങനെയുള്ള വ്യക്തിത്വമാണ് നിങ്ങളുടെ പങ്കാളിയുടേത് എന്ന് നിങ്ങള്‍ക്ക് തന്നെയാണ് ഏറ്റവും നന്നായി അറിയാനാവുക. അതിനാല്‍, അയാളുടെ 'ഇംപ്രഷന്‍' നഷ്ടപ്പെടുത്താത്ത തരത്തില്‍ ചെറിയ വിഷയങ്ങളില്‍ തൊട്ട് സംഭാഷണം തുടങ്ങാം. 

മൂന്ന്...

ഒരിക്കലും മുന്‍കൂര്‍ തീരുമാനിച്ച് ഇത്തരമൊരു സംഭാഷണത്തിലേര്‍പ്പെടരുത്. അതുപോലെ ദീര്‍ഘനേരം വിരസമാകുന്ന തരത്തിലേക്ക് ഇത് നീട്ടിക്കൊണ്ടുപോവുകയുമരുത്. 

നാല്...

ലൈംഗികജീവിതത്തില്‍ പരസ്പരം പോരായ്മകള്‍ തുറന്നുപറയാനും തിരുത്തലുകള്‍ നടത്താനും മടി കാണിക്കരുത്. പങ്കാളിയുടെ 'പോസിറ്റീവ്' വശങ്ങള്‍ മാത്രം പറയാം എന്ന തീരുമാനം വേണ്ട. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍, സ്‌നേഹപൂര്‍വ്വം തന്നെ ശ്രദ്ധയില്‍ വരുത്താം. ഒരിക്കലും അത് 'ഇന്‍സള്‍ട്ട്' എന്ന പരിധിയില്‍ വരികയും അരുത്. 

അഞ്ച്...

പങ്കാളിയുടെ അഭിരുചികളും താല്‍പര്യങ്ങളും അംഗീകരിക്കാനുള്ള തുറന്ന് മനസ് നിങ്ങളിലുണ്ടായിരിക്കണം. അത് വാക്കുകളില്‍ കൂടിത്തന്നെ പങ്കാളിയെ അറിയിക്കാം. ലൈംഗികജീവിതത്തില്‍ പുതുമകള്‍ പരീക്ഷിക്കാമെന്ന് പങ്കാളി പറയുമ്പോള്‍ അത് പ്രോത്സാഹിപ്പിക്കാതെ ഉടനെ മുടക്കം പറയരുത്. നമുക്ക് നോക്കാം എന്ന തരത്തില്‍ 'പൊസിറ്റീവ്' ആയി പ്രതികരിക്കുക. 'കംഫര്‍ട്ടബിള്‍' അല്ലാത്ത എന്തും പതിയെ പങ്കാളിയോട് സ്‌നേഹപൂര്‍വ്വം അവതരിപ്പിക്കുകയുമാവാം.