ഹൈദരാബാദ്: ​ഗർഭിണിയുടെ അണ്ഡാശയത്തിൽ നിന്ന് നീക്കം ചെയ്തത് 20 സെന്റീമീറ്റർ വലിപ്പമുള്ള മുഴ. കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (കിംസ്) വിദഗ്ധരാണ് ​മുഴ നീക്കം ചെയ്തതു. നാല് മാസം ഗർഭിണിയായ യുവതിയിൽ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തുകയും അണ്ഡാശയ ‌മുഴ വിജയകരമായി നീക്കം ചെയ്യുകയായിരുന്നു.

ശസ്ത്രക്രിയയിലൂടെ അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ജീവൻ രക്ഷിക്കാനായെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. വസുന്ദര ചീപുരുപ്പള്ളി പറഞ്ഞു. ഒൻപത് ആഴ്ച ഗർഭിണിയായപ്പോഴാണ്  27 കാരിയായ നന്ദിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഗർഭിണിയായ യുവതിയ്ക്ക് അണ്ഡാശയത്തില്‍ മുഴ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

മുഴ വലിയ വലിപ്പത്തിലേക്ക് വളർന്നത് കുടൽ, മൂത്രാശയ, മൂത്രസഞ്ചി എന്നിവയിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുമായിരുന്നുവെന്ന് ഡോ.വസുന്ദര പറഞ്ഞു. പരിശോധനയിൽ 20 സെന്റിമീറ്ററുള്ള മുഴയാണെന്ന് കണ്ടെത്തി. തുടക്കത്തിൽ 13 ആഴ്ച ഗർഭകാലം വരെ ​ഗർഭിണിയെ വൈദ്യശാസ്ത്രപരമായി കൈകാര്യം ചെയ്തു. പിന്നീട് ഞങ്ങൾ ഈ വെല്ലുവിളി ഏറ്റെടുത്തു. ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. യുവതിയെ രണ്ട് ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യുമെന്ന് ഡോ. വസുന്ദര പറഞ്ഞു.