ഡിസംബര്‍ മുതല്‍ തന്നെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നു.

കൊവിഡ് 19ന്‍റെ വകഭേദമായ ഒമിക്രോൺ (Omicron) ബാധിക്കുന്നവരുടെ എണ്ണം ലോകത്തെങ്ങും വർധിച്ച് വരികയാണ്. ഒമിക്രോണ്‍ നിസാരനല്ലെന്ന ലോകാരോഗ്യ സംഘടന മേധാവിയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് അമേരിക്കയിലെ (America) അവസ്ഥ. വെള്ളിയാഴ്ച മാത്രം ഒരുലക്ഷം പേരെയാണ് അമേരിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അന്നേ ദിവസം ആറര ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് (covid 19) സ്ഥിരീകരിച്ചത്. ഡിസംബര്‍ മുതല്‍ തന്നെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നു.

അതേസമയം, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ രണ്ട് ലക്ഷത്തോട് അടുക്കുന്നു.109000 പേർക്കാണ് രാജ്യത്ത് ഒടുവിൽ കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയിൽ 24 മണിക്കൂറിനിടെ 24000ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യാൻ ദില്ലി ദുരന്ത നിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും.

അതിനിടെ സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സീൻ നാളെ മുതൽ ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് ബൂസ്റ്റർ ഡോസ് ആദ്യം നല്‍കുന്നത്. ഇതിനായി പ്രത്യേക രജിസ്ട്രേഷൻ വേണ്ട. ഓൺലൈനായും സ്പോട്ടിലെത്തിയും വാക്സിൻ ബുക്ക് ചെയ്യാം.

മുന്‍ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണ്. രോഗികളെ വലിയതോതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

Also Read: ഒരിക്കല്‍ കൊവിഡ് ബാധിച്ചവര്‍ക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത അഞ്ച് മടങ്ങ് വരെ കൂടുതൽ: ഡബ്ല്യുഎച്ച്ഒ