ഒമ്പത് മുതല്‍ 18 വരെ പ്രായമുള്ള, അമിതവണ്ണമുള്ള കുട്ടികളില്‍ ഓരോ ഘടടത്തിലും വരുന്ന ശാരീരികമാറ്റങ്ങളും അത് ഹൃദയാരോഗ്യത്തെ എത്തരത്തില്‍ ബാധിക്കുന്നുവെന്നുമാണ് പഠനം നിരീക്ഷിച്ചിരിക്കുന്നത്. അമിതവണ്ണം തീര്‍ച്ചയായും കുട്ടികളില്‍ ഹൃദയത്തിന് വെല്ലുവിളിയാണെന്ന് തന്നെയാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

അമിതവണ്ണം മുതിര്‍ന്നവരിലായാലും കുട്ടികളിലായാലും പലവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ക്രമേണ നയിക്കാം. മുതിര്‍ന്നവരിലാണെങ്കില്‍ കൊളസ്‌ട്രോള്‍, ഉയര്‍ന്ന ബിപി ( ഹൈപ്പര്‍ടെൻഷൻ), ടൈപ്പ്- 2 പ്രമേഹം (Type 2 diabetes), ക്യാന്‍സര്‍ എന്നീ രോഗങ്ങള്‍ക്കെല്ലാം അമിതവണ്ണമുളളവരില്‍ സാധ്യതയുണ്ട്.

അങ്ങനെയെങ്കില്‍ കുട്ടികളിലോ! കുട്ടികളില്‍ പ്രമേഹമോ (Type 2 diabetes) ബിപിയോ കൊളസ്‌ട്രോളോ വരികയില്ലെന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ അമിതവണ്ണം കുട്ടികളിലും ( Obesity Children ) കൊളസ്‌ട്രോളിനും ബിപിക്കുമെല്ലാം കാരണമായി വരാം.ഈ രണ്ട് പ്രശ്‌നങ്ങളും മുതിര്‍ന്നവരിലായാലും കുട്ടികളിലായാലും ഹൃദയത്തെയാണ് പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുക. 

അതിനാല്‍ തന്നെ കുട്ടികളിലെ അമിതവണ്ണം നിയന്ത്രിച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് 'ക്ലിനിക്കല്‍ പീഡിയാട്രിക്‌സ്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്ട്ട്. 

ഒമ്പത് മുതല്‍ 18 വരെ പ്രായമുള്ള, അമിതവണ്ണമുള്ള കുട്ടികളില്‍ ( Obesity Children ) ഓരോ ഘടടത്തിലും വരുന്ന ശാരീരികമാറ്റങ്ങളും അത് ഹൃദയാരോഗ്യത്തെ എത്തരത്തില്‍ ബാധിക്കുന്നുവെന്നുമാണ് പഠനം നിരീക്ഷിച്ചിരിക്കുന്നത്. അമിതവണ്ണം തീര്‍ച്ചയായും കുട്ടികളില്‍ ഹൃദയത്തിന് വെല്ലുവിളിയാണെന്ന് തന്നെയാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

ഡയറ്റില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നതോടെ ഈ അപകടസാധ്യത വളരെയധികം കുറയ്ക്കാന്‍ സാധിക്കുമെന്നും ഒപ്പം തന്നെ പഠനം പറയുന്നു. 'അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍' പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള ഡയറ്റ്, മെഡിറ്ററേനിയന്‍ ഡയറ്റ്, പച്ചക്കറികള്‍ മാത്രം അടങ്ങുന്ന 'പ്ലാന്റ് ബേസ്ഡ് ഡയറ്റ്' എന്നിങ്ങനെ മൂന്ന് ഡയറ്റും ഇത്തരത്തില്‍ അമിതവണ്ണമുള്ള കുട്ടികള്‍ക്കായി ഇവര്‍ നിര്‍ദേശിക്കുന്നു. 

ഈ മൂന്ന് ഡയറ്റും സമഗ്രമായ ഡയറ്റ് രീതികളാണെന്ന് പഠനം പറയുന്നു. പച്ചക്കറികളും പഴങ്ങളും ഇവയില്‍ ധാരാളമായി ഉള്‍ക്കൊള്ളുന്നു. ഉപ്പ് മിതമായി മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. റെഡ് മീറ്റ്- പ്രോസസ്ഡ് മീറ്റ് എന്നിവയുടെ ഉപയോഗവും മിതമായ അളവില്‍ മതി. ഒരു ഫിസീഷ്യന്റെ കൂടി നിര്‍ദേശപ്രകാരം ഡയറ്റില്‍ കാര്യമായ ശ്രദ്ധ ചെലുത്താനായാല്‍ കുട്ടികളിലെ അമിതവണ്ണം ഹൃദയത്തെ അപകടത്തില്‍ പെടുത്തുന്നതില്‍ നിന്ന് നമുക്ക് രക്ഷിക്കാനാകുമെന്നാണ് ഗവേഷകര്‍ പഠനറിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.

Also Read:- അമിതവണ്ണവും പ്രമേഹവും കുറയ്ക്കാൻ ഏറ്റവും നല്ല പഴങ്ങൾ ഏതൊക്കെ?