ഒരുപാട് വെള്ളം കുടിച്ചാൽ മരിച്ചു പോകുമോ? ഒരു പരിധിയിൽ കൂടുതൽ വെള്ളം, കുറഞ്ഞ സമയത്തിനുള്ളിൽ വെറും വയറ്റിൽ അകത്തുചെന്നാൽ മരിച്ചു പോകും എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഹൈപ്പർ ഹൈഡ്രേഷൻ, വാട്ടർ ടോക്‌സിമിയ എന്നിങ്ങനെ പല തരത്തിൽ അറിയപ്പെടുന്ന ഒരു അവസ്ഥയാണ് 'ഫോഴ്സ്ഡ് വാട്ടർ ഇൻടോക്‌സിഫിക്കേഷൻ'. വളരെ അപൂർവമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരം ഒരു സംഭവം കഴിഞ്ഞ ദിവസം കൊളറാഡോയിൽ നിന്ന് പുറത്തുവരികയുണ്ടായി. 

കൊളറാഡോയിലെ എൽ പാസോ കൗണ്ടിയിലെ റയാൻ സാബിൻ, താരാ സാബിൻ ദമ്പതികളെ ലോക്കൽ പൊലീസ് സ്വന്തം മകന്റെ മരണത്തിന് ഉത്തരവാദികളാണ് എന്നാരോപിച്ച് അറസ്റ്റു ചെയ്തിരിക്കുകയാണ് എന്ന് ഇൻഡിപെൻഡന്റ് പത്രം റിപ്പോർട്ട് ചെയ്യുന്നു. അവർ ജന്മനാ മൂത്രസഞ്ചിക്ക് ജനിതക തകരാറുള്ള തങ്ങളുടെ മകൻ, പതിനൊന്നുകാരൻ സാക്കറിയെ നാലു മണിക്കൂർ നേരത്തിനുള്ളിൽ നാലു ലിറ്ററിലധികം വെള്ളം നിർബന്ധിച്ച് കുടിപ്പിച്ചു അവർ. നമ്മൾ ഒരു പരിധിയിൽ കൂടുതൽ വെള്ളം അകത്താക്കിയാൽ അതിനെ കൈകാര്യം ചെയ്യാൻ നമ്മുടെ വൃക്കകൾക്ക് സാധിക്കില്ല. ഒരു പരിധിയിൽ കൂടുതൽ വെള്ളം അകത്തുചെന്നാൽ അത് നമ്മുടെ കോശങ്ങളെ തകരാറിലാക്കും. മരണത്തിനു വരെ അത് കാരണമാകാം.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം വെള്ളം, സാക്കറിയുടെ കുഞ്ഞു ദേഹത്തേക്ക് നിർബന്ധിച്ച് കയറ്റിയതാണ് അവന്റെ ജീവൻ അപകടത്തിലാക്കിയത് എന്ന് കൊളറാഡോയിലെ ഡോക്ടർമാർ പറഞ്ഞു. 

 


ജന്മനാതന്നെ മൂത്രത്തിൽ ഇരുണ്ട നിറവും ഒപ്പം വല്ലാത്ത നാറ്റവും വരുന്ന അസുഖമുണ്ടായിരുന്നു സാക്കറിക്ക്. രാത്രി കിടക്കയിൽ അറിയാതെ മൂത്രം പോവുകയും ചെയ്തിരുന്നു അവന്. അതിന്റെ ചികിത്സയുടെ ഭാഗമായി അവനു ഡോക്ടർമാർ നല്ലപോലെ വെള്ളം കുടിക്കണം ദിവസവും എന്ന് നിർദേശിച്ചിരുന്നു. എല്ലാം ശരിയാവും വരെ അവനെ ഡയപ്പർ ധരിപ്പിച്ച് കിടത്താനായിരുന്നു ഡോക്ടർമാരുടെ നിർദേശം. അതിൻ പ്രകാരം അവർ ദിവസവും ചുരുങ്ങിയത് രണ്ടു ലിറ്റർ വെള്ളമെങ്കിലും രാത്രിക്കുള്ളിൽ പലപ്പോഴായി കുടിപ്പിച്ചു പോന്നിരുന്നു. എന്നാൽ, ചിലപ്പോൾ അവൻ വാശി കാണിച്ചുകളയും. അപ്പോഴൊക്കെ, ഇതിന്റെ പേരിൽ അച്ഛനിൽ നിന്നും രണ്ടാനമ്മയിൽ നിന്നും നിരന്തരം മർദ്ദനമേറ്റുവാങ്ങിയിരുന്നു ആ കുഞ്ഞ്. 

സാക്കറി മരിച്ച ദിവസം വൈകുന്നേരം റയാൻ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ താര അന്നത്തെ ദിവസം അവൻ ഒരു ഗ്ലാസ് വെള്ളം പോലും കുടിച്ചിട്ടില്ല എന്ന വിവരം അവന്റെ അച്ഛനെ അറിയിച്ചു. അച്ഛൻ മകനെ വെള്ളം കുടിപ്പിക്കാൻ നോക്കിയപ്പോഴൊക്കെ അവൻ ഒന്നോരണ്ടോ കവിൾ കുടിച്ച ശേഷം കുലച്ചു കളയുമായിരുന്നു വെള്ളം.

അന്ന് അവനെ വെള്ളം കുടിപ്പിക്കാൻ നോക്കിയപ്പോൾ അവൻ വല്ലാതെ ബഹളം വെച്ച് കൈകാലിട്ടടിച്ച് തങ്ങളെ ദേഷ്യം പിടിപ്പിച്ചു എന്ന് അച്ഛനമ്മമാർ പൊലീസിനോട് പറഞ്ഞു. ദേഷ്യം വന്നപ്പോൾ താൻ അറിയാതെ രണ്ടുപ്രാവശ്യം അവനെ തൊഴിച്ചിരുന്നു എന്നും അച്ഛൻ റയാൻ പറഞ്ഞു. എന്നാൽ, കാലിലാണ് തൊഴിച്ചത് എന്നാണ് അയാൾ പറയുന്നത്. അതിനു ശേഷമാണ് ഉറങ്ങും മുമ്പ് നാലുമണിക്കൂറിനുള്ളിൽ ആ അച്ഛനമ്മമാർ ചേർന്ന് മകനെ നിർബന്ധിച്ച് നാലു ലിറ്റർ വെള്ളം കുടിപ്പിച്ചത്. 

രാത്രി പതിനൊന്നുമണിയോടെ കിടത്തി ഉറക്കിയ ശേഷം അവൻ എപ്പോഴോ എഴുന്നേറ്റ് ഛർദ്ദിച്ചു കാണണം എന്നും, രാവിലെ അവൻ തന്റെ കിടപ്പറയിലെ കട്ടിലിൽ വായിൽ നിന്ന് നുരയും പതയും വന്ന് മരിച്ചുകിടക്കുന്നതാണ് തങ്ങൾ കണ്ടത് എന്നും സക്കറിയയുടെ അച്ഛനമ്മമാർ പറയുന്നു. കുട്ടിയുടെ ദേഹത്ത് കടുത്ത മർദ്ദനമേറ്റ പാടുകൾ ഉണ്ടെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചു. അവർ മരണകാരണമായി പറഞ്ഞത് 'ഫോഴ്സ്ഡ് വാട്ടർ ഇൻടോക്‌സിഫിക്കേഷൻ' എന്ന അവസ്ഥയായിരുന്നു. 

എന്തായാലും സ്വന്തം മകന്റെ മരണത്തിന് കാരണക്കാരായി എന്ന കുറ്റത്തിന് തല്ക്കാലം ജാമ്യം നൽകാതെ ജയിലിൽ തന്നെ പാർപ്പിച്ചിരികയാണ് ഈ അച്ഛനമ്മമാരെ. അവർക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റമാണ് ചാർജ്ജ് ചെയ്യപ്പെട്ടിട്ടുള്ളത്. 

നഗ്നരായ പോൺ താരങ്ങളെക്കൊണ്ട് കൗമാരക്കാരെ ബോധവൽക്കരിച്ച് ന്യൂസിലൻഡ് ഗവൺമെന്റിന്റെ പോൺ വിരുദ്ധ ക്യാമ്പയിന്‍...