മാതാപിതാക്കള്‍ അനുമതി നല്‍കിയതോടെ കുഞ്ഞിന്‍റെ ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവ ദാനം ചെയ്യുകയായിരുന്നു. പരേലിലെ ഗ്ലോബല്‍ ആശുപത്രിയിലുംപെഡ്ഡര്‍ റോഡിലെ ജസ്ലോക് ആശുപത്രിയിലുമായി വൃക്ക പ്രവര്‍ത്തനം നിലച്ച് മരണം മുന്നില്‍ കണ്ട് കഴിയുകയായിരുന്ന രണ്ട് രോഗികള്‍ക്കാണ് കുഞ്ഞിന്‍റെ വൃക്കകള്‍ മാറ്റിവച്ചത്. 

അവയവദാനം സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ എപ്പോഴും നമ്മളില്‍ ദുഖവും ആശ്വാസവും പ്രതീക്ഷയുമെല്ലാം ഒരേ സമയം നിറയ്ക്കാറുണ്ട്. പ്രത്യേകിച്ച് മരണാനന്തരം നടത്തുന്ന അവയവദാനമാകുമ്പോഴാണ് അത് മറ്റ് ജീവനുകള്‍ക്ക് കാവലായി എന്ന് കേള്‍ക്കുമ്പോള്‍ പോലും ഒരു ദുഖം നമ്മെ മൂടുക. 

അതും ചെറിയ കുട്ടികള്‍ മരിച്ച ശേഷം, നടക്കുന്ന അവയവദാനമാകുമ്പോള്‍ തീര്‍ച്ചയായും അത് ഏവരെയും സ്പര്‍ശിക്കും. എങ്കില്‍പ്പോലും ഇത്തരം വാര്‍ത്തകള്‍ നമുക്ക് പകര്‍ന്നുനല്‍കുന്ന പ്രത്യാശ ചെറുതല്ല. 

ഇപ്പോഴിതാ മുംബൈയില്‍ നിന്ന് അത്തരത്തിലൊരു വാര്‍ത്ത വരികയാണ്. മൂന്ന് വയസുള്ള കുഞ്ഞിന്‍റെ അപ്രതീക്ഷിത വിയോഗത്തിലും വേദനയില്‍ തളരാതെ അവയവദാനത്തിന് അനുമതി നല്‍കിയിരിക്കുകയാണ് കുഞ്ഞിന്‍റെ മാതാപിതാക്കള്‍. 

മുംബൈ ഡോംബിവിളി സ്വദേശിയായ മൂന്ന് വയസുകാരൻ സ്റ്റേഷനറി ബൈക്ക് ദേഹത്തേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് തലയ്ക്ക് പരുക്കേറ്റതോടെയാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. മൂത്ത സഹോദരനൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നുവത്രേ കുഞ്ഞ്. ഇതിനിടെ അബദ്ധത്തില്‍ വ്യായാമത്തിന് ഉപയോഗിക്കുന്ന സ്റ്റേഷനറി ബൈക്ക് കുഞ്ഞിന്‍റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. 

വീഴ്ചയില്‍ കുഞ്ഞിന്‍റെ തല തറയില്‍ ശക്തിയായി ഇടിച്ചതോടെയാണ് ആന്തരീകമായി പരുക്ക് സംഭവിച്ചത്. ആദ്യം അടുത്തുള്ള ഒരു ആശുപത്രിയിലേക്കും പിന്നീട് വദിയ ചില്‍ഡ്രൻസ് ആശുപത്രിയിലേക്കും മാറ്റി. തുടര്‍ന്ന് തലച്ചോറില്‍ ശസ്ത്രക്രിയയിും നടത്തി. എങ്കിലും മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. 

തുടര്‍ന്ന് മാതാപിതാക്കള്‍ അനുമതി നല്‍കിയതോടെ കുഞ്ഞിന്‍റെ ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവ ദാനം ചെയ്യുകയായിരുന്നു. പരേലിലെ ഗ്ലോബല്‍ ആശുപത്രിയിലുംപെഡ്ഡര്‍ റോഡിലെ ജസ്ലോക് ആശുപത്രിയിലുമായി വൃക്ക പ്രവര്‍ത്തനം നിലച്ച് മരണം മുന്നില്‍ കണ്ട് കഴിയുകയായിരുന്ന രണ്ട് രോഗികള്‍ക്കാണ് കുഞ്ഞിന്‍റെ വൃക്കകള്‍ മാറ്റിവച്ചത്. 

പ്രായം അനുയോജ്യമായ രോഗികളില്ലാത്തതിനാല്‍ ഹൃദയം ചെന്നൈയിലേക്ക് മാറ്റിയിരിക്കുകയാണ്. കരള്‍ മറ്റൊരു രോഗിക്കും മാറ്റിവച്ചുകഴിഞ്ഞു. 

മരണാനന്തരം അവയവം ദാനം ചെയ്തവരില്‍ മുംബൈയിലെ ഏറ്റവും പ്രായം കുറഞ്ഞവരുടെ പട്ടികയിലേക്ക് ഇതോടെ ഒരു വ്യക്തി കൂടി ആവുകയാണ്. രാജ്യത്തെ നിരവധി പേരെ സ്വാധീനിക്കുന്നൊരു വാര്‍ത്ത കൂടിയാണിത്. ആശുപത്രിയില്‍ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ജീവനക്കാരുമടക്കം ഏവരും സല്യൂട്ടോടെയാണ് കുഞ്ഞിന് അന്തിമോപചാരം അര്‍പ്പിച്ചത്. കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്കും ആദരം അര്‍പ്പിക്കുന്നതായി ആശുപത്രി അറിയിച്ചിരിക്കുന്നു. 

Also Read:- കുട്ടികളെ നല്ലരീതിയില്‍ സ്വാധീനിക്കാൻ മാതാപിതാക്കള്‍ക്ക് എന്നും ചെയ്യാവുന്ന ഏഴ് കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News