Asianet News MalayalamAsianet News Malayalam

രണ്ട് ഡോസ് വാക്‌സിനും എടുത്തോ?; എങ്കില്‍ ഈ പഠനം പറയുന്നത് കേള്‍ക്കൂ...

പല രാജ്യങ്ങളിലും പല വാക്‌സിനുകളാണ് കൊവിഡിനെതിരെ പ്രയോഗിക്കപ്പെടുന്നത്. ഇന്ത്യയിലാണെങ്കില്‍ കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ വാക്‌സിനുകളാണ് കാര്യമായി ഉപയോഗിക്കപ്പെടുന്നത്. ഇവ രണ്ടും രണ്ട് ഡോസ് വീതമാണ് എടുക്കേണ്ടത്

people received both vaccine doses are less likely to infect covid 19 says study
Author
UK, First Published Aug 6, 2021, 11:25 AM IST

കൊവിഡ് 19 മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് നിലവില്‍ വാക്‌സിനേഷന്‍ മാത്രമാണ് നമുക്ക് ലഭ്യമായ മാര്‍ഗം. മാസ്‌ക് ധരിക്കുന്നതും, സാമൂഹികാകലം പാലിക്കുന്നതും, ഇടവിട്ട് കൈകള്‍ ശുചിയാക്കുന്നതുമെല്ലാം കൊവിഡ് പ്രതിരോധത്തില്‍ അടിസ്ഥാനമാര്‍ഗങ്ങള്‍ തന്നെയാണ്. എന്നാല്‍ വാക്‌സിനുള്ള പ്രാധാന്യം ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന് നമുക്കറിയാം. 

പല രാജ്യങ്ങളിലും പല വാക്‌സിനുകളാണ് കൊവിഡിനെതിരെ പ്രയോഗിക്കപ്പെടുന്നത്. ഇന്ത്യയിലാണെങ്കില്‍ കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ വാക്‌സിനുകളാണ് കാര്യമായി ഉപയോഗിക്കപ്പെടുന്നത്. ഇവ രണ്ടും രണ്ട് ഡോസ് വീതമാണ് എടുക്കേണ്ടത്. 

ഏതായാലും രണ്ട് ഡോസ് എടുക്കേണ്ട വാക്‌സിനുകളെ സംബന്ധിക്കുന്ന പുതിയൊരു പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണിപ്പോള്‍. കൊവിഡ് മഹാമാരിയെ കുറിച്ച് യുകെയില്‍ ഗവേഷകര്‍ ചേര്‍ന്ന് നടത്തുന്ന പഠനങ്ങളുടെ സീരിസിലുള്‍പ്പെടുന്നതാണ് (REACT-1 The Real-time Assessment of Community Transmission)  ഈ പഠനറിപ്പോര്‍ട്ടും. 

രണ്ട് ഡോസ് വാക്‌സിനും എടുത്തവരില്‍ കൊവിഡ് 19 പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയോളം കുറയുമെന്നാണ് ഈ പഠനത്തിന്റെ നിഗമനം. 98,000ത്തിലധികം പേരെ ഉള്‍ക്കൊള്ളിച്ചാണേ്രത ഗവേഷകര്‍ പഠനം നടത്തിയത്. ഇവരുടെ കേസ് വിശദാംശങ്ങള്‍ അടിസ്ഥാനപ്പെടുത്തി വിശദമായ പഠനം നടത്തുകയായിരുന്നു ഗവേഷകര്‍. 

മെയ് മുതല്‍ ജൂണ്‍ വരെ യുകെയില്‍ കൊവിഡ് കേസുകളില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നുവെന്നും എന്നാല്‍ ജൂലൈ രണ്ടാം വാരത്തിന് ശേഷം കേസുകള്‍ കുറഞ്ഞുവെന്നും ഇതിന് കാരണം കൂടുതല്‍ പേര്‍ മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ചതാണെന്നും പഠനം അവകാശപ്പെടുന്നു. 

'ഞങ്ങളുടെ വാക്‌സിനേഷന്‍ നടപടികള്‍ ഫലപ്രദമായി കൊവിഡ് കേസുകളെ പ്രതിരോധിക്കുന്നുണ്ട്. ഇതുമൂലം മറ്റ് നിയന്ത്രണങ്ങളിലെല്ലാം അയവ് വരുത്താന്‍ സാധിക്കും. എന്നാല്‍ അശ്രദ്ധയോടെ തുടര്‍ന്നാല്‍ അത് പൂര്‍വാധികം ശക്തിയായി തിരിച്ചടി സമ്മാനിക്കുമെന്നും ബോധ്യമുണ്ട്. വൈറസിനൊപ്പം തന്നെ ജീവിക്കാന്‍ എങ്ങനെ സാധ്യമാകുമെന്നാണ് ഞങ്ങള്‍ പരിശോധിക്കുന്നത്...'- യുകെ ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവീദ് പറയുന്നു. 

ഫൈസര്‍'ബയോ എന്‍ ടെക് വാക്‌സിന്‍, ഓക്‌സ്ഫര്‍ഡ്' ആസ്ട്രാസെനേക്ക വാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് യുകെയില്‍ കാര്യമായി ഉപയോഗിക്കപ്പെടുന്നത്. ഇതില്‍ ഫൈസറിനാണ് കൊവിഡിനെ കുറെക്കൂടി ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുകയെന്ന് 'പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) അറിയിക്കുന്നു. വാക്‌സിനേഷന്‍ പ്രോഗ്രാമിലൂടെ ഏതാണ്ട് രണ്ട് കോടിയിലധികം കൊവിഡ് കേസുകളെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നാണ് യുകെ അവകാശപ്പെടുന്നത്.

Also Read:- വാക്‌സിന്‍ ക്ഷാമം രൂക്ഷമായേക്കും; ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാനുള്ള തീരുമാനത്തിലുറച്ച് സമ്പന്ന രാജ്യങ്ങള്‍

Follow Us:
Download App:
  • android
  • ios