മധുരം ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. ബേക്കറി സാധനങ്ങളോടും, മറ്റ് പലഹാരങ്ങളോടുമെല്ലാം നമുക്കുള്ള താല്‍പര്യത്തിന്റെ അടിസ്ഥാനം തന്നെ മധുരത്തോടുള്ള ഭ്രമമാണ്. എന്നാല്‍ ഇത്തരത്തില്‍ മധുരമടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും നമുക്കറിയാം. പ്രമേഹം, അമിതവണ്ണം എന്നിവയാണ് മധുരം അധികം കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട രണ്ട് വെല്ലുവിളികള്‍. 

എന്നാല്‍ ഇവയ്ക്ക് പുറമെയും ചില പ്രശ്‌നങ്ങള്‍ മധുര പലഹാരങ്ങള്‍ നമ്മളിലുണ്ടാക്കുന്നുണ്ട്. അത്തരമൊരു വിവരം പങ്കുവയ്ക്കുകയാണ് 'എവല്യൂഷന്‍ ആന്റ് ഹ്യൂമന്‍ ബിഹേവിയര്‍' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തില്‍ വന്ന പുതിയൊരു പഠന റിപ്പോര്‍ട്ട്. 

കൊളറാഡോയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. എഡിഎച്ച്ഡി (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ആക്റ്റിവിറ്റി സിന്‍ഡ്രോം), 'ബൈപോളാര്‍' രോഗം എന്നിവയുള്ളവര്‍ മധുരം അധികം കഴിക്കരുതെന്നാണ് പഠനം നിര്‍ദേശിക്കുന്നത്. എഡിഎച്ച്ഡി ഉള്ളവരില്‍ പ്രധാനമായും സ്വഭാവ വൈകല്യങ്ങളാണ് കണ്ടുവരുന്നത്. 

വിഷാദം, അസ്വസ്ഥത, എളുപ്പത്തില്‍ മാനസികാവസ്ഥകള്‍ മാറിമറിയുന്ന സാഹചര്യം എന്നിവയെല്ലാം ഇതില്‍ ചിലത് മാത്രമാണ്. ഇത്തരം പ്രശ്‌നങ്ങളെയെല്ലാം വര്‍ധിപ്പിക്കാന്‍ മധുരം ഇടയാക്കുമെന്നാണ് പഠനം പറയുന്നത്. എഡിഎച്ച്ഡി ഉള്ളവര്‍ അധികം മധുരം കഴിക്കുമ്പോള്‍ അവരില്‍ എളുപ്പം ദേഷ്യം പിടിക്കാനും, ശക്തമായ നിരാശയില്‍ ആഴ്ന്നുപോകാനുമെല്ലാം സാധ്യതള്‍ ഏറുമത്രേ. 

മുമ്പേയുള്ള സ്വഭാവ വൈകല്യങ്ങളെ ഇത് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന അവസ്ഥയുമുണ്ടാക്കുന്നു. അതിനാല്‍ തന്നെ വിഷാദവും 'ബൈപോളാര്‍' രോഗവും എഡിഎച്ച്ഡിയുമെല്ലാം ഉള്ളവര്‍ മധുരത്തില്‍ നിന്ന് അകലം പാലിക്കേണ്ടതുണ്ടെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. 

Also Read:- തന്‍റെ രോഗാവസ്ഥയെ ട്രോളിയവരോട് ആമിര്‍ ഖാന്‍റെ മകള്‍ക്ക് പറയാനുള്ളത്...