ലോകമാനസികാരോ​ഗ്യ ദിനത്തോട് അനുബന്ധിച്ചാണ് ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറാ ഖാന്‍ തന്റെ വിഷാദരോ​ഗകാലത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. കഴിഞ്ഞ നാലുവർഷത്തോളം താൻ വിഷാദരോ​ഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും ഇറ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. ഒട്ടേറെപ്പേര്‍ പിന്തുണ അറിയിച്ചെങ്കിലും അപൂര്‍വം ചിലര്‍ ഇറ ഖാനെ വിമര്‍ശിച്ചുകൊണ്ടും കമന്റുകള്‍ രേഖപ്പെടുത്തി. 

ഇത്തരത്തില്‍ വിമര്‍ശിച്ചവര്‍ക്കെതിരെയും ഇറ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. 'രോഗത്തെക്കുറിച്ചുള്ള എന്റെ സന്ദേശത്തിനു ചുവട്ടില്‍ വിദ്വേഷ കമന്റിട്ടാല്‍ എനിക്കത് മായ്ക്കേണ്ടിവരും. വീണ്ടും അതുതന്നെ തുടര്‍ന്നാല്‍ അങ്ങനെയുള്ളവരെ ഒഴിവാക്കി എനിക്കു മുന്നോട്ടുപോകേണ്ടിവരും'- എന്നാണ് ഇറ നല്‍കുന്ന മുന്നറിയിപ്പ്. 

തന്റെ വീഡിയോയ്ക്ക് താഴെ വിദ്വേഷ കമന്റുകള്‍ എഴുതിയവരുടെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യണോ വേണ്ടയോ എന്നകാര്യത്തില്‍ ഇറ ഇന്‍സ്റ്റഗ്രാമിലൂടെ വോട്ടെടുപ്പും നടത്തി. 56 ശതമാനം പേരും വിദ്വേഷ കമന്റുകള്‍ മായ്ക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.

 

അതേസമയം, വിദ്വേഷ കമന്റുകള്‍ തന്നെ ഒരു തരത്തിലും ബാധിക്കാറില്ലെന്നും ഇറ പറയുന്നു. വിഷാദ രോഗത്തെക്കുറിച്ചും മാനസിക പ്രശ്നങ്ങളെക്കുറിച്ചും തുറന്ന ചര്‍ച്ച വേണമെന്നും ഇറ അഭിപ്രായപ്പെടുന്നു. 

ആമിർ ഖാന് ആദ്യഭാര്യ റീന ദത്തയിലുള്ള മകളാണ് ഇറ. അഭിനയത്തേക്കാൾ സിനിമയുടെ പിന്നണി പ്രവർത്തനങ്ങളോടാണ് ഇറയ്ക്ക് താൽപര്യം. ഹസൽ കീച്ച്, വരുൺ പട്ടേൽ തുടങ്ങിയവരെ അണിനിരത്തി 'മിഡിയ' എന്ന പേരിൽ ഒരു നാടകവും ഇറ സംവിധാനം ചെയ്തിരുന്നു.  

Also Read: 'കഴിഞ്ഞ നാലുവർഷമായി വിഷാദരോ​ഗത്തിന് ചികിത്സയിലാണ്'; തുറന്നുപറഞ്ഞ് താരപുത്രി...