കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. ചുമ, പനി, ന്യുമോണിയ, ശ്വാസതടസ്സം, ഛർദി, വയറിളക്കം, മൂക്കൊലിപ്പ് , തൊണ്ടവേദന തുടങ്ങിയവയാണ് കൊവിഡ് 19 ബാധയുടെ ലക്ഷണങ്ങൾ.

കൊറോണ ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ തടയാനുള്ള മാർഗങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഹാൻഡ്‌ വാഷിങ്. കൊവിഡ് 19നെ തടയാന്‍ എല്ലാവരും മാസ്കും ഹാന്‍ഡ് സാനിറ്റൈസറും ഒക്കെ ഉപയോഗിക്കണമെന്ന് ലോകത്തെ എല്ലാ ആരോഗ്യമന്ത്രാലയങ്ങളും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. 

അതേസമയം ലോകത്തേമ്പാടും സാനിറ്റൈസറിനും മാസ്കും ഒന്നും കിട്ടാനില്ല. അതിനിടെയാണ് ആഢംബര വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് ഗ്രൂപ്പായ എല്‍വിഎംഎച്ച് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. പെര്‍ഫ്യൂമും കോസ്മടിക്സും നിര്‍മ്മിക്കുന്ന അവരുടെ മൂന്ന് ഫാക്ടറികള്‍ സാനിറ്റൈസറുകള്‍ നിര്‍മ്മിച്ച് ഫ്രാന്‍സിലെ ആശുപത്രികളില്‍ സൗജന്യമായി വിതരണം ചെയ്യാനായി തുറന്നു കഴിഞ്ഞു. ഈ ആഴ്ച തന്നെ 12,000 കിലോ ഗ്രാം സാനിറ്റൈസര്‍ നിര്‍മ്മിക്കുമെന്നും കമ്പനി പറഞ്ഞു.