ചുണ്ട് വരണ്ട് പൊട്ടുന്നത് പലരുടെയും പ്രശ്നമാണ്. തണുപ്പ് കാലത്താണ് ചുണ്ട് കൂടുതലും വരണ്ട് പൊട്ടുന്നത്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല.

 ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ നമ്മൾ പലതരം ലിപ് ബാം ഉപയോ​ഗിക്കാറുണ്ട്. ലിപ് ബാമിൽ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അത് കൂടുതൽ ദോഷം ചെയ്യാറുമുണ്ട്. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ വീട്ടിൽ തയ്യാറാക്കാവുന്ന നാച്ചുറല്‍ ലിപ് സ്‌ക്രബുകളെ കുറിച്ചറിയാം...

കോഫി സ്ക്രബ്...

ചർമ്മത്തിന് വളരെ മികച്ചതാണ് കോഫി. ഒരു ടീസ്പൂൺ കോഫി പൗഡർ തേനിൽ മിക്സ് ചെയ്യുക. ശേഷം നല്ല പോലെ മിശ്രിതമാക്കുക. ​ഈ സ്ക്രബ് ചുണ്ടിൽ 15 മിനിറ്റ് പുരട്ടുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക.

ഷു​ഗർ സ്ക്രബ്...

വളരെ എളുപ്പം തയ്യാറാക്കാവുന്ന സ്ക്രബാണിത്. രണ്ട് ടീസ്പൂൺ ഒലീവ് ഓയിലിൽ ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുക. ശേഷം നല്ല പോലെ മിശ്രിതമാക്കുക. ഈ സ്ക്രബ് ചുണ്ടിൽ 15 മിനിറ്റ് പുരട്ടാവുന്നതാണ്. ശേഷം കഴുകുക.

കോക്കനട്ട് ഓയിൽ സ്ക്രബ്...

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഏറ്റവും മികച്ചതാണ് വെളിച്ചെണ്ണ. രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയിൽ ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് ചുണ്ടിൽ പുരട്ടുക. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയുക മാത്രമല്ല ചുണ്ടിന് കൂടുതൽ നിറം കിട്ടാനും സഹായിക്കും.