വളരെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ നാമെല്ലാവരും ചിലപ്പോഴൊക്കെ ആഗ്രഹിക്കുന്നതാണ് കുറച്ചു ദിവസം ഈ തിരക്കൊന്നും ഇല്ലാതെ വെറുതെ ഇരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്. അതെ, വലിയ തിരക്കുകള്‍ നിറഞ്ഞ ദിനങ്ങൾക്കൊടുവില്‍ കുറച്ചു ദിവസങ്ങള്‍ ശാന്തമായി ഇരിക്കാന്‍ കഴിയുക നല്ലത് തന്നെ. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായി നിർബന്ധിതമായി വിശ്രമിക്കേണ്ട ചില സാഹചര്യങ്ങള്‍ നമുക്കു വരാറുണ്ട്. 

രോഗബാധിതര്‍ ആകുമ്പോള്‍, ശസ്ത്രക്രിയയ്ക്കു ശേഷം, പ്രസവാനന്തരം ഒക്കെ ഇത്തരം സാഹചര്യങ്ങള്‍ വരാറുണ്ട്. ലോകമാകെ കൊറോണ ഭീതിയില്‍ ആയിരിക്കുന്ന ഈ സമയം രോഗം ഉള്ളവരുമായി ഇടപഴകിയവര്‍ എന്നാൽ ഇപ്പോൾ രോഗലക്ഷണം ഇല്ലാത്തവരായ ആളുകള്‍ 28 ദിവസം ക്വാറന്റൈൻ അതായത് സമൂഹവുമായി യാതൊരു സമ്പർക്കവുമില്ലാതെ കഴിയണം എന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. 

വീട്ടില്‍ മുറിയടച്ചിരിക്കുന്നതിന്റെ ബോറടി, കുറച്ചു ദിവസം ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥ എന്നീ കാരണങ്ങളാല്‍ ഇതൊഴിവാക്കുന്ന രീതി രോഗവ്യാപനം വലിയ അളവില്‍ വർധിക്കാൻ കാരണമാകും എന്നതിനാലാണ് ക്വാറന്റൈൻ വേണമെന്ന് നിർദേശിക്കുന്നത്. 

മനസ്സിനെ ശാന്തമാക്കാനുള്ള മാർ​ഗങ്ങൾ കണ്ടെത്താം...

രോഗംമൂലം വിശ്രമിക്കേണ്ടി വരുന്ന അവസ്ഥയായാലും, ക്വാറന്റൈൻ പോലെയുള്ള സാഹചര്യമായാലും സാമൂഹികമായി വളരെ സജീവമായിരുന്ന മുൻപത്തെ രീതികളില്‍ പെട്ടെന്നൊരു മാറ്റം വരുന്ന അവസ്ഥ മനസ്സിനെ വിഷാദത്തിലേക്കോ മാനസിക സമ്മർദ്ദത്തിലേക്കോ കൊണ്ടുപോകാതെ നമ്മുടെ മനസ്സിനെ കാക്കേണ്ടതിന്റെ ഉത്തരവാദിത്വവും ശ്രമങ്ങളും നാം ഓരോരുത്തരും തുടങ്ങേണ്ടതായുണ്ട്.

 താൽകാലികമായി മാത്രമാണ് എങ്കിലും പെട്ടെന്നു വന്ന മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ അല്പം സമയം അനുവദിക്കുക. ഇതു താത്കാലികമായ ഒരു സ്ഥിതി മാത്രമാണ് എന്നു സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മടുപ്പോടുകൂടി അല്പകാലം മാത്രം നീണ്ടു നിന്നേക്കാവുന്ന സാഹചര്യത്തെ കാണുന്നത് മനസ്സിനെ വിഷാദത്തില്‍ ആക്കും. 

 അമിതമായി ചിന്തിച്ചു മനസ്സിനെ ആധി പിടിപ്പിക്കാതെ നോക്കുകയാണ് പ്രധാനം. ഇന്റെിര്നെനറ്റും ഫോണും ടിവിയുമെല്ലാം ബോറടിക്കാതെ ദിവസങ്ങള്‍ കടന്നുപോകാന്‍ സഹായിക്കും. വായിക്കുന്നതിലൂടെയും സിനിമ കാണുന്നതിലൂടെയും എല്ലാം അമിതമായി ചിന്തിച്ച് വിഷമിക്കുന്നതില്‍നിന്നും മനസ്സിന്റെ  ശ്രദ്ധ മാറ്റാന്‍ സഹായിക്കും. എങ്ങനെയും മനസ്സിനെ ബിസിയാക്കിവയ്ക്കുക എന്നതാണ് ഇത്തരം സാഹചര്യങ്ങളില്‍ മാനസികാരോഗ്യം നിലനിർത്താൻ ഏറ്റവും നല്ല മാർ​ഗം.

മാർ​ഗ നിർദേശങ്ങള്‍ പാലിച്ചേ മതിയാവൂ...

ആരോഗ്യ വകുപ്പിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചേ മതിയാവൂ. ആരൊക്കെയാണ് മാസ്ക് ഉപയോഗിക്കേണ്ടത്, ഉപയോഗിക്കേണ്ട രീതി, വ്യക്തി ശുചിത്വത്തെ കുറിച്ചും ഒക്കെ വളരെ ബോധവാന്മാര്‍ ആകേണ്ട സമയമാണിത്. എവിടെയും മാസ്ക് കിട്ടാനാവാത്ത സ്ഥിതിയും, ഉള്ളത് വലിയ വിലക്കൂടുതലില്‍ മാത്രം വാങ്ങേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്.

പലരും മൂക്കില്‍ നിന്നും അകന്ന് താടിയില്‍ മാസ്ക് അണിയുന്നതായൊക്കെ പലയിടത്തും കാണാം. ഇതൊക്കെതെറ്റായ പ്രവണതയാണ്. നമുക്കങ്ങനെ ഒരു ശീലമില്ലായ്മയും ഇതിനു കാരണമാകുന്നുണ്ട്. എനിക്ക് രോഗം വരില്ല എന്ന അമിത ആത്മവിശ്വാസം അപകടം ക്ഷണിച്ചു വരുത്തുന്ന രീതി ഒഴിവാക്കുക.

നല്ല ഉറക്കം അത്യാവശ്യം....

പെട്ടെന്നു ജീവിത ക്രമങ്ങളില്‍ വ്യത്യാസം വരുമ്പോള്‍ ഉറക്കത്തെ അതു ബാധിക്കാന്‍ ഇടയുണ്ട്. പകല്‍ സമയം ഉറക്കം ഒഴിവാക്കി എല്ലാ ദിവസവും ഉറങ്ങാന്‍ കൃത്യ സമയം പാലിക്കാന്‍ ശ്രമിക്കാം. കഴിയുമെങ്കില്‍ മുറിയില്‍ ചെറിയ വ്യായാമങ്ങള്‍ ചെയ്യാം, ഭക്ഷണം ആവശ്യത്തില്‍ കുറഞ്ഞു പോകാതെയും അമിതമാകാതെയും ശ്രദ്ധിക്കുക.

കുറ്റബോധം വേണ്ട...

ഞാന്‍ എല്ലാവർക്കും ഭാരമായല്ലോ, ഞാന്‍ കാരണം ആർക്കെങ്കിലും അസുഖം പകരുമോ, ഞാന്‍ സാമ്പത്തികമായ ബാധ്യത ഉണ്ടാക്കുന്നോ, എനിക്കു ജോലിക്കു പോകാന്‍ കഴിയുന്നില്ലല്ലോ എന്നെല്ലാമുള്ള ചിന്തകള്‍ എപ്പോഴെങ്കിലും മനസ്സിലേക്കു വന്നാല്‍ ആ നിമിഷം ഉടന്‍തന്നെ “stop” എന്നു മനസ്സില്‍ പറഞ്ഞ് മറ്റെന്തെങ്കിലും കാര്യത്തിലേക്കു ശ്രദ്ധ മാറ്റുക. 

 ഇത്തരം ചിന്തകള്‍ കുറ്റബോധം, ആത്മഹത്യയെപ്പറ്റിയുള്ള ചിന്ത എന്നിവയിലേക്കു കൊണ്ടെത്തിക്കാന്‍ കാരണമാകും എന്നതിനാല്‍ ഒരു കാരണവശാലും ഇത്തരം ചിന്തകൾക്ക്  ഇടം കൊടുക്കരുത്. ഫോണിലൂടെയും വീഡിയോ കോള്‍ വഴിയും സുഹൃത്തുക്കളും ബന്ധുക്കളുമായി ആശയവിനിമയം സാധ്യമാണ് എന്നത് ഏറെ ആശ്വാസം ഉള്ള കാര്യമാണ്. ഞാന്‍ ഒറ്റയ്ക്കല്ല എന്ന തോന്നല്‍ നിലനിർത്താൻ ഇതിലൂടെ കഴിയുക എന്നത് വളരെ പ്രധാനമാണ്.

സ്റ്റിഗ്മ ഒഴിവാക്കാം...

രോഗം ഭേദമായി വന്നതിനുശേഷവും ആളുകള്‍ ഒറ്റപ്പെടുത്തുമോ എന്ന ഭയം പല ആളുകളും നേരിടാന്‍ ഇടയുണ്ട്. മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുമോ എന്നൊക്കെ അമിതമായി ചിന്തിച്ചു കൂട്ടുന്നത്‌ ഒഴിവാക്കുക. പൊതുവേ മാനസിക പ്രശ്നമുള്ളവര്‍ വർങ്ങളോളം അവരുടെ മാനസിക വ്യഥ ചികിത്സയിലൂടെ മാറ്റാന്‍ മുന്നോട്ടു വരാത്തതിനുള്ള ഒരു പ്രധാന കാരണംസമൂഹത്തില്‍ ഒറ്റപ്പെടുമോ എന്ന ഭയം കാരണമാണ്. 

പകര്‍ച്ച വ്യാധികള്‍ വന്നു സുഖപ്പെട്ട ആളുകള്‍ അല്ലെങ്കില്‍ ക്വാറന്റൈനില്‍ ഉള്ള ആളുകൾക്കും ഒക്കെ ഈ സാഹചര്യങ്ങള്‍ മാറിയശേഷവും ചിലപ്പോള്‍ മാനസിക പ്രശ്നങ്ങള്‍ നിലനിൽക്കുന്നു എങ്കില്‍ അതു തുറന്നു പറയാന്‍ മനസ്സു കാണിക്കുക. 

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ റിപ്പോർട്ട് ‌ ചെയ്യാതെ പോകുന്ന അവസ്ഥ ഒഴിവാക്കാം. വളരെ ശക്തമായ മുൻകരുതലുകളും നടപടികളും സ്വീകരിക്കുന്നതിലൂടെ മാത്രമേ കൂടുതല്‍ ആളുകളിലേക്ക്‌ രോഗം പടരുന്ന അവസ്ഥ നിയന്ത്രിക്കാന്‍ കഴിയൂ എന്ന വസ്തുത മനസ്സിലാക്കി സഹകരിക്കാനുള്ള മനസ്സു കാണിക്കുകയാണ് നാം ചെയ്യേണ്ടത്.

എഴുതുന്നത്:

പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (RCI Registered)
റാന്നി, പത്തനംതിട്ട
Call: 8281933323(10am to 2pm)