Asianet News MalayalamAsianet News Malayalam

Prostate Cancer : 'പ്രോസ്റ്റേറ്റ് ക്യാൻസര്‍ ലക്ഷണങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാം';പുരുഷന്മാര്‍ അറിയാൻ

ലോകത്ത് തന്നെ പുരുഷന്മാരില്‍ ഏറ്റവുമധികം കാണപ്പെടുന്ന അര്‍ബുദങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. ശ്വാസകോശാര്‍ബുദം കഴിഞ്ഞാല്‍ പുരുഷന്മാരില്‍ ഏറ്റവുമധികം ബാധിക്കപ്പെടുന്ന അര്‍ബുദം പ്രോസ്റ്റേറ്റ് അര്‍ബദുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്‍റെ തോത് വര്‍ധിച്ചുവരികയാണെന്നതും ശ്രദ്ധേയമായ കാര്യമാണ്.

prostate caner may not show urinary problems in all cases says a study
Author
Trivandrum, First Published Aug 5, 2022, 10:28 PM IST

മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമയത്തിന് രോഗനിര്‍ണയം നടത്താനായാല്‍ ഫലപ്രദമായ ചികിത്സ ഇന്ന് ക്യാൻസര്‍ രോഗത്തിന് ലഭ്യമാണ്. എന്നാല്‍ പലപ്പോഴും ഇത് നടക്കാതെ പോകുന്നത് രോഗലക്ഷണങ്ങള്‍ ( Cancer Symptoms )  ശ്രദ്ധിക്കാതെ പോകുന്നതിനാലാണ്. ഇതോടെ രോഗം കണ്ടെത്താനും ചികിത്സ ലഭ്യമാക്കാനും വൈകുന്നു. ഭൂരിപക്ഷം ക്യാൻസര്‍ മരണങ്ങളും ഇത്തരത്തില്‍ സംഭവിക്കുന്നതാണെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. 

ഇത്തരത്തില്‍ പ്രോസ്റ്റേറ്റ് ക്യാൻസര്‍ ( Prostate Cancer ) നിര്‍ണയം വൈകുന്നതിനുള്ള ഒരു കാരണം വ്യക്തമാക്കുകയാണ് പുതിയൊരു പഠനറിപ്പോര്‍ട്ട്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 

പ്രോസ്റ്റേറ്റ് ക്യാൻസര്‍ ( Prostate Cancer ) എന്നാല്‍ പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്നതാണ്. പുരുഷന്മാരുടെ പ്രത്യുത്പാദന അവയവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. ശുക്ലം ഉത്പാദിപ്പിക്കുകയെന്നതാണ് ഇതിന്‍റെ പ്രധാന ധര്‍മ്മം. 

ലോകത്ത് തന്നെ പുരുഷന്മാരില്‍ ഏറ്റവുമധികം കാണപ്പെടുന്ന അര്‍ബുദങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. ശ്വാസകോശാര്‍ബുദം കഴിഞ്ഞാല്‍ പുരുഷന്മാരില്‍ ഏറ്റവുമധികം ബാധിക്കപ്പെടുന്ന അര്‍ബുദം പ്രോസ്റ്റേറ്റ് അര്‍ബദുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്‍റെ തോത് വര്‍ധിച്ചുവരികയാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. 

2018ല്‍ മാത്രം 12 ലക്ഷത്തിലധികം പുതിയ പ്രോസ്റ്റേറ്റ് ക്യാൻസര്‍ കേസുകള്‍ ലോകമെമ്പാടുമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും മൂന്നര ലക്ഷത്തിലധികം പേര്‍ രോഗം മൂലം മരിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം തന്നെ പ്രോസ്റ്റേറ്റ് ക്യാൻസര്‍ സമയത്തിന് തിരിച്ചറിയേണ്ടതിന്‍റെയും ചികിത്സയെടുക്കേണ്ടതിന്‍റെയും ആവശ്യകതയാണ് ഓര്‍മ്മിപ്പിക്കുന്നത്. 

പലപ്പോഴും മൂത്രാശയസംബന്ധമായ ബുദ്ധിമുട്ടുകള്‍ പ്രകടമാകുന്നത് വരേക്കും പ്രോസ്റ്റേറ്റ് ക്യാൻസര്‍ പരിശോധന രോഗികള്‍ നടത്താതിരിക്കുന്നു എന്നതാണ് പഠനം ചൂണ്ടിക്കാട്ടുന്ന സുപ്രധാനവിവരം. പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ഭാഗമായി മൂത്രാശയ സംബന്ധമായ വിഷമതകള്‍ കാണുന്നതാണ്. എന്നാല്‍ എല്ലാ കേസുകളിലും ഇത് കാണണമെന്നില്ല. അല്ലെങ്കില്‍ തുടക്കത്തിലേ പ്രകടമാകണമെന്നില്ല. അതിനാല്‍ തന്നെ ഇത്തരം വിഷമതകള്‍ നേരിടുന്നത് വരെ മറ്റ് ചെറിയ ലക്ഷണങ്ങള്‍ ( Cancer Symptoms )  നിസാരമാക്കുകയും രോഗനിര്‍ണയം വൈകിക്കുകയും ചെയ്യിക്കുന്നതിനാലാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍ കേസുകളും മരണവും ഇത്രമാത്രം കൂടുന്നതെന്നാണ് പഠനം പറയുന്നത്. 

'പ്രോസ്റ്റേറ്റ് ക്യാൻസര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ മൂത്രാശയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കാണുമെന്ന് ഉറപ്പിക്കും. അത് കാണാത്തിടത്തോളം രോഗത്തെ കുറിച്ച് സംശയിക്കുക പോലുമില്ല. ഈ തെറ്റിദ്ധാരണ കാലങ്ങളായി നിലനില്‍ക്കുന്നതാണ്. ഇത് ഒരുപാട് കേസുകള്‍ കണ്ടെത്തുന്നത് വൈകിക്കാറുണ്ട്. വളരെ പ്രധാനപ്പെട്ടൊരു വിഷയം തന്നെയാണിത്..'- പഠനത്തിന് നേതൃത്വം നല്‍കിയ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള പ്രൊഫസര്‍ വിൻസന്‍റ് ജ്ഞാനപ്രകാശം പറയുന്നു. 

ക്യാൻസര്‍ ചികിത്സയിലൂടെ ഭേദമാക്കാൻ സാധിക്കുന്ന ഘട്ടത്തില്‍ മൂത്രാശയ പ്രശ്നങ്ങളോ മറ്റ് ലക്ഷണങ്ങളോ ഒന്നും കാണിച്ചെന്ന് വരില്ല. ആ ഘട്ടത്തിന് ശേഷം രോഗം കണ്ടെത്തുമ്പോഴേക്ക് വളരെ വൈകിയിരിക്കുമെന്നും ഇദ്ദേഹം പറയുന്നു. 

നാല്‍പത് കഴിഞ്ഞ പുരുഷന്മാര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ആരോഗ്യകാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയും ഇക്കൂട്ടത്തില്‍ ക്യാൻസര്‍ സാധ്യതകള്‍ കൂടി പരിശോധിക്കുകയുമാണ് വേണ്ടതെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഒരിക്കലും ക്യാൻസര്‍ രോഗത്തില്‍ ലക്ഷണങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കരുതെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു. പ്രത്യേകിച്ച് വീട്ടിലാര്‍ക്കെങ്കിലും അത്തരമൊരു ചരിത്രമുള്ളവര്‍. 

കൃത്യമായ ഇടവേളകളിലുള്ള ചെക്കപ്പ് തന്നെയാണ് ഏത് തരത്തിലുള്ള ക്യാൻസര്‍ രോഗവും സമയത്തിന് കണ്ടെത്താൻ സഹായിക്കുക. ഇത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം ഒരുപോലെ ബാധകമാണ്. ഒപ്പം തന്നെ ആരോഗ്യകരമായ ജീവിതശൈലി മുന്നോട്ടുകൊണ്ടുപോവുകയും വേണം. 

Also Read:- ഭക്ഷണം കഴിക്കാൻ വിഷമം; ഈ ക്യാൻസര്‍ ലക്ഷണങ്ങള്‍ അറിയൂ

Follow Us:
Download App:
  • android
  • ios