പുതിയ കാലത്തിന്റെ വിഷാദങ്ങൾക്ക് സമൂഹമാധ്യമങ്ങൾ ഒരു പരിധി വരെ മരുന്നാകാറുണ്ട്. എന്നാൽ ചിലര്‍ക്കാകട്ടെ, ഇതും തൃപ്തി നല്‍കാറില്ല. അങ്ങനെയുള്ളവര്‍ പെട്ടെന്ന് തന്നെ 'തനിക്ക് നിരാശ'യാണെന്ന് സ്വയം വിലയിരുത്തും. അത്തരത്തിലുള്ള ആളുകള്‍ക്ക് വായിക്കാവുന്ന ഒരു കുറിപ്പാണിത് 

പുതിയകാലത്തെ ജീവിതരീതികള്‍ വലിയ തോതില്‍ വിഷാദവും വിരസതയും സൃഷ്ടിക്കുന്നുവെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഈ പ്രശ്‌നങ്ങളെയെല്ലാം മറികടക്കാനുള്ള മാര്‍ഗങ്ങളും പുതിയ കാലത്തിനുണ്ട്. സമൂഹമാധ്യമങ്ങള്‍ ഇതിനൊരു ഉത്തമ ഉദാഹരണമാണ്.

എന്നാല്‍ ചിലര്‍ക്കാകട്ടെ, സമൂഹമാധ്യമങ്ങളുടെ ഉപയോഗവും തൃപ്തി നല്‍കാറില്ല. അങ്ങനെയുള്ളവര്‍ പെട്ടെന്ന് തന്നെ 'തനിക്ക് നിരാശ'യാണെന്ന് സ്വയം വിലയിരുത്തും. അത്തരത്തിലുള്ള ആളുകള്‍ക്ക് വായിക്കാവുന്ന ഒരു കുറിപ്പാണിത്. പ്രമുഖ മനശാസ്ത്രജ്ഞനായ ഡോ. സി ജെ ജോണ്‍ തന്റെ ഫേസ്ബുക്ക് വാളില്‍ പങ്കുവച്ചതാണ് ഈ ലളിതവും സുപ്രധാനവുമായ കുറിപ്പ്.

കുറിപ്പ് വായിക്കാം...

'ഭയങ്കര മൂഡ് ഓഫ് .ഇപ്പൊ വാട്‌സാപ്പ് നോക്കാന്‍ തോന്നണില്ല.ഫേസ് ബുക്കിലേക്ക് തിരിഞ്ഞു നോക്കിയിട്ടു ദിവസം കുറെയായി ,മൊബൈലില്‍ ഫോണ്‍ എടുക്കാന്‍ ഇന്ററിസ്റ്റില്ല.എനിക്ക് ഡിപ്രഷനല്ലേ സാറേ'

നവ മാധ്യമ കാലത്തെ വിഷാദ രോഗ ലക്ഷണ വിവരണത്തില്‍ അടുത്തിടെ കേട്ട ഒരു സ്‌റ്റൈല്‍ . ആളുകളെ അഭിമുഖീകരിക്കാന്‍ പറ്റുന്നില്ലെന്നും ഉള്‍വലിഞ്ഞുവെന്നും പറയുന്നത് പോലെ ഇമ്മാതിരി വലിയലുകളും മനസ്സ് തളരുമ്പോള്‍ ഉണ്ടാകാം.ചല മൂഡ് ഓഫുകാര്‍ കൂടുതലായി മൊബൈലില്‍ കുടുങ്ങാം.വിഷാദ പോസ്റ്റുകള്‍ തൊടുത്തു വിടാം മൊബൈല്‍ ഫോണ്‍ പെരുമാറ്റങ്ങളെ ആധാരമാക്കി ആളുകളുടെ മാനസികാവസ്ഥ അളക്കുന്ന സൂത്രങ്ങള്‍ വന്നു ചേരാം.അത് ഒരു ശാസ്ത്ര ശാഖയായി വികസിച്ചേക്കാം ഏതെങ്കിലും ഒരു വന്‍ ഫോണ്‍ കമ്പനി അത് ഏറ്റെടുത്തു മാര്‍ക്കറ്റിങ് തന്ത്രമായി ഉപയോഗിച്ചുവെന്നും വരാം.ഡിജിറ്റല്‍ ഉലകത്തില്‍ എന്തും സംഭവിക്കാം.മായയാകുന്ന സൈബര്‍ ഉലകത്തില്‍ അസ്സല്‍ ലോകത്തെ മനുഷ്യരുമായി അല്‍പ്പ സ്വല്‍പ്പം മുഖാ മുഖ സമ്പര്‍ക്കം ഉണ്ടാക്കിയാല്‍ നവ യുഗ ആട് ജീവിതത്തിലേക്ക് പോകാതിരിക്കാം.വിഷാദത്തില്‍ ചങ്ങാത്ത തണലുകള്‍ നല്‍കുന്ന സുഖം ഒന്ന് വേറെ തന്നെ.