''ഈ വ്യക്തിക്ക് ഇങ്ങനെയുള്ള സ്വഭാവ സവിശേഷതകള്‍ ഉണ്ട് എന്ന് മനസിലാക്കാൻ പോലും ഒരുപക്ഷേ ആ ഡോക്ടര്‍ക്ക് അവസരം കിട്ടിയിരുന്നിരിക്കില്ല. അത് വളരെ ദാരുണമായ അവസ്ഥയാണ്. ഏറ്റവും കെയറിംഗായിട്ടാണ് അവരൊരു രോഗിയെ ചികിത്സിക്കാനായി നോക്കുക. അയാളുടെ പ്രശ്നത്തെയാണ് അവര്‍ ഫോക്കസ് ചെയ്യുന്നത്. എങ്ങനെ ആ പ്രശ്നത്തെ പരിഹരിക്കാമെന്നായിരിക്കും ആ സമയത്ത് ആ കുട്ടി ചിന്തിച്ചിട്ടുണ്ടാവുക..''
ഏറ്റവും 'കെയറിംഗ്' ആയി ജോലി ചെയ്യേണ്ടൊരു പ്രൊഫഷനാണ് ഡോക്ടര്‍മാരുടേത്. അല്ലെങ്കില്‍ മെഡിക്കല്‍ ഫീല്‍ഡിലുള്ളവരുടേത് എന്ന് പറയാം. എന്നാല്‍ ഇവരുടെ സുരക്ഷയ്ക്ക് നമ്മള്‍ എത്രമാത്രം പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് ചിന്തിക്കേണ്ട സമയമാണിത്.
ഒരു ഡോക്ടറുടെ കൊലപാതകത്തിലേക്ക് വരെ കാര്യങ്ങളെത്തിയിരിക്കുകയാണ്. മെഡിക്കല്‍ ഫീല്‍ഡില്‍ തന്നെ ഏറ്റവുമധികം അപകടം നേരിടാൻ സാധ്യതയുള്ളവരാണ് സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളുമെല്ലാം. കാരണം മാനസിക പ്രശ്നങ്ങളുള്ളവര്‍ മാത്രമല്ല, പലപ്പോഴും 'ആന്‍റി-സോഷ്യല്‍ പേഴ്സണാലിറ്റി'- എന്നുവച്ചാല്‍ സമൂഹികവിരുദ്ധ സ്വഭാവമുള്ളവര്‍, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിട്ടുള്ളവര്‍, ഒരു കുറ്റബോധവുമില്ലാതെ ആരെയും ആക്രമിക്കുന്ന സ്വഭാവമെല്ലാം കാണിക്കുന്നവര്‍ എല്ലാം സൈക്യാട്രിയിലും സൈക്കോളജിയിലും വരാറുണ്ട്.
ചില സമയങ്ങളില്‍ മാനസികപ്രശ്നങ്ങളാണെന്ന് കെട്ടിച്ചമച്ച് ചിലയാളുകള്‍ നിയമത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കാറുണ്ട്. ഇങ്ങനെയുള്ള ആളുകളും സൈക്യാട്രിയില്‍ വരാറുണ്ട്. പക്ഷേ സൈക്യാട്രിയിലോ സൈക്കോളജിയിലോ ഉള്ളവരാണെങ്കില്‍ ഇവര്‍ ഇതിന് വേണ്ടി കുറച്ചുകൂടി ട്രെയിൻഡ് ആണ് എന്ന് പറയാം. ഏത് സമയത്തും ഒരപകടം സംഭവിക്കാമെന്ന് മുന്നില്‍ കണ്ടുകൊണ്ടാണ് അവര്‍ ജോലി ചെയ്യുന്നത്.
എന്നാല്‍ ബാക്കിയുള്ള ഡോക്ടര്‍മാരുടെ കാര്യത്തിലേക്ക് വരുമ്പോള്‍ അവര്‍ക്ക് ഒരുപാട് പരിമിതികളുണ്ട്. അതും ഏറെ 'അഗ്രസീവായ' (അക്രമാസക്തനായ ) ഒരാളെ ട്രീറ്റ് ചെയ്യുമ്പോള്‍. അതുകൊണ്ട് തന്നെ മിക്കപ്പോഴും ഇത്തരം കേസുകള്‍ സൈക്യാട്രിയിലേക്ക് റഫര്‍ ചെയ്യുകയായിരിക്കും ചെയ്യുക. കാരണം അവര്‍ക്ക് പെട്ടെന്ന് മരുന്ന് നല്‍കേണ്ട ആവശ്യമുണ്ടായിരിക്കും. വയലന്‍റായ അവസ്ഥയെ കണ്‍ട്രോള്‍ ചെയ്തില്ലെങ്കില്‍ ഒരുപാട് പ്രശ്നങ്ങളാണ്. മറ്റുള്ളവരെ ഉപദ്രവിക്കുന്നത് തന്നെ വലിയ പ്രശ്നം. അത് ഇപ്പറയുന്നത് പോലെ കൊലപാതകത്തില്‍ വരെയെത്താം.
ഇപ്പോള്‍ കൊട്ടാരക്കരയിലെ സംഭവത്തില്‍ ഈ വ്യക്തിക്ക് ഇങ്ങനെയുള്ള സ്വഭാവ സവിശേഷതകള്‍ ഉണ്ട് എന്ന് മനസിലാക്കാൻ പോലും ഒരുപക്ഷേ ആ ഡോക്ടര്‍ക്ക് അവസരം കിട്ടിയിരുന്നിരിക്കില്ല. അത് വളരെ ദാരുണമായ അവസ്ഥയാണ്. ഏറ്റവും കെയറിംഗായിട്ടാണ് അവരൊരു രോഗിയെ ചികിത്സിക്കാനായി നോക്കുക. അയാളുടെ പ്രശ്നത്തെയാണ് അവര്‍ ഫോക്കസ് ചെയ്യുന്നത്. എങ്ങനെ ആ പ്രശ്നത്തെ പരിഹരിക്കാമെന്നായിരിക്കും ആ സമയത്ത് ആ കുട്ടി ചിന്തിച്ചിട്ടുണ്ടാവുക.

അവര്‍ക്ക് ഇങ്ങനെയൊരു അപകടം നടന്നേക്കുമെന്ന് യാതൊരു സൂചനയുമില്ല. അതുകൊണ്ട് തന്നെ രക്ഷപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലുമുള്ള സമയമില്ല. അതിനുള്ളില്‍ അപകടം നടക്കുകയാണ്. എന്താണ് അവിടെ സംഭവിച്ചതെന്ന് നമുക്കറിയില്ല. ഇയാളുടെ മുൻകാല ചരിത്രവും നമുക്ക് അറിയില്ല. ഇയാള്‍ തന്നെ പൊലീസിന് ഫോണ്‍ ചെയ്തിട്ട് തന്നെ ആരെല്ലാമോ ചേര്‍ന്ന് ഉപദ്രവിക്കാൻ ശ്രമിക്കുന്നുവെന്ന് പരാതിപ്പെട്ടതായാണ് വാര്‍ത്തകളിലൂടെ മനസിലാകുന്നത്.
രാത്രി പൊലീസിനെ വിളിച്ച് തന്നെ ആരോ ഉപദ്രവിക്കാൻ വരുന്നു എന്ന് ഇദ്ദേഹം പരാതിപ്പെടുകയായിരുന്നല്ലോ. വാര്‍ത്തയിലൂടെ ഇദ്ദേഹത്തിന്‍റെ അയല്‍ക്കാരൻ പറയുന്നത് കേട്ടപ്പോള്‍ മനസിലായത് ഇദ്ദേഹം ആ സമയത്ത് അസാധാരണമായ മനോനിലയില്‍ ആയിരുന്നു എന്നാണ്. വല്ലാതെ പേടിച്ചിരുന്നു. തന്നെയാരോ കൊല്ലാൻ വരുന്നുവെന്ന് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ശരീരത്തില്‍ പരുക്കുണ്ടായിരുന്നു. കൂടാതെ പരിചയമുള്ളവരെ പോലും മറ്റ് പല പേരുകളുമായിരുന്നുവത്രേ വിളിച്ചിരുന്നത്.
പരിചയമുള്ളവരെ തന്നെ മറ്റ് പലരായും കാണുന്നു, അങ്ങനെ വിളിച്ചു എന്നെല്ലാം കേള്‍ക്കുമ്പോള്‍ ഇതൊരു 'ഇല്യൂഷൻ' അല്ലെങ്കില്‍ 'ഡെല്യൂഷൻ' പോലത്തെ അവസ്ഥയായിട്ടാണ് തോന്നുന്നത്. അതായത് ഇല്ലാത്ത കാര്യങ്ങള്‍ ഉള്ളതായി തോന്നും. ഇതാണ് സാഹചര്യമെങ്കില്‍ അതൊരു മാനസികപ്രശ്നമാണ്.
ഇത്തരം പ്രശ്നങ്ങളുള്ളവര്‍ എല്ലാ സമയത്തും 'അബ്നോര്‍മല്‍' ആയി പെരുമാറണം എന്നില്ല. അതുകൊണ്ടാകാം ഇദ്ദേഹം സ്കൂളിലും മറ്റും നല്ല പെരുമാറ്റമാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം ഈ പ്രശ്നം ഇവരുടെ ഉള്ളില്‍ ഉണ്ടാവുകയും ചെയ്യാം. ഇത് ഏത് സമയത്തും തീവ്രതയോടെ പുറത്തുവരാവുന്നതുമാണ്.
ഇദ്ദേഹം മദ്യം പതിവായി ഉപയോഗിച്ചിരുന്നു എന്നത് വ്യക്തമാണ്. ഭാര്യയും മക്കളുമെല്ലാം നാല് വര്‍ഷത്തോളമായി ഇദ്ദേഹത്തിനൊപ്പമല്ല താമസം. ഇങ്ങനെ പതിവായി മദ്യത്തിലോ മറ്റ് ലഹരികളിലോ അഭയം തേടിയാല്‍ അത് മാനസികനിലയെ മോശമായി ബാധിക്കാം.
നമ്മള്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഒരുപക്ഷേ നേരത്തെ തന്നെ ഇദ്ദേഹത്തിന് വ്യക്തിത്വപ്രശ്നങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. അല്ലെങ്കില്‍ പിന്നീട് മാനസികപ്രശ്നങ്ങള്‍ പിടിപെട്ടതാകാം. ഒരുപക്ഷേ കുടുംബം തന്നെ ഇദ്ദേഹത്തെ ഉപേക്ഷിച്ചുപോകാൻ കാരണമായി വന്നത് ഇതെല്ലമാകാം. സാധ്യതകളാണ് പങ്കുവയ്ക്കുന്നത്. ആ വ്യക്തിയെ കൃത്യമായി സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി ഫലം കിട്ടുന്നത് വരെയും നമുക്ക് ഇക്കാര്യങ്ങളൊന്നും ഉറപ്പിക്കാൻ സാധിക്കില്ല.
ഇത്തരത്തിലുള്ള പെരുമാറ്റവുമായി വരുന്നവരെ ആശുപത്രിയിലെത്തിക്കുമ്പോള്‍ അവരെ സൈക്യാട്രിയിലേക്ക് തന്നെ ആദ്യം കൊണ്ടുപോകാൻ ശ്രമിക്കണം. അല്ലാതെ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോകുന്നത് ശരിയായ തീരുമാനമല്ല. കാരണം സൈക്യാട്രിയിലുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി മറ്റ് ജീവനക്കാര്‍ക്കെല്ലാം ഇങ്ങനെയുള്ള വ്യക്തി എങ്ങനെയാണ് പെരുമാറാൻ പോകുന്നത് എന്ന് കുറെയൊക്കെ മനസിലാക്കാൻ സാധിക്കും. അവര്‍ എല്ലാ ദിവസവും ഇങ്ങനെയുള്ള രോഗികളെ കാണുന്നതല്ലേ. അപ്പോള്‍ അവരെ കൈകാര്യം ചെയ്യാൻ അവര്‍ക്ക് കുറച്ചുകൂടി കഴിവുണ്ടാകും.
ഈ കേസില്‍ അല്‍പം കൂടി ശ്രദ്ധ പൊലീസോ മറ്റുള്ളവരോ പാലിച്ചിരുന്നെങ്കില്‍ ഒരു ദുരന്തം ഒഴിവാക്കാൻ സാധിക്കുമായിരുന്നു. ഈ വിഷയം തീര്‍ച്ചയായും ബോധവത്കരണം വളരെയധികം ആവശ്യമായി വരുന്നത് തന്നെയാണ്. പൊലീസുകാര്‍ക്കോ, ആരോഗ്യപ്രവര്‍ത്തകര്‍ക്കോ മാത്രമല്ല സമൂഹത്തില്‍ ഏതൊരു മേഖലയില്‍ നില്‍ക്കുന്നവര്‍ക്കും ഇത് അറിയണം. എവിടെയായിരുന്നാലും ഇങ്ങനെയുള്ള ദുരന്തങ്ങള്‍ സംഭവിച്ചുകൂട.
നമ്മള്‍ പലപ്പോഴും അക്രമാസക്തരായ ആളുകളുടെ കാര്യം പറയുമ്പോള്‍ - ഉദാഹരണത്തിന് ഭാര്യയെ സംശയിക്കുന്നൊരു ഭര്‍ത്താവ്... അയാള്‍ പറയുകയാണ്- ഞാനവളെ കൊന്നിരിക്കും. ഇങ്ങനെയൊരു സംസാരമുണ്ടാകുമ്പോള്‍ പൊതുവെ എല്ലാവരും അത് 'അവൻ വാശിപ്പുറത്ത് പറയുന്നതാണ്', 'ദേഷ്യം തീര്‍ക്കാൻ പറയുന്നതാണ്', 'അവനൊരു പാവമാണ് ഇത് കഴിയുമ്പോള്‍ അവനതങ്ങ് മറന്നുപോകും'- 'ഇവരൊക്കെ വെറുതെ വിരട്ടലല്ലേ ഉള്ളൂ- അല്ലാതൊന്നും ചെയ്യില്ല' എന്നെല്ലാം പറയുന്നത് കേട്ടിട്ടില്ലേ?
എന്നാല്‍ അങ്ങനെയല്ല. പെട്ടെന്ന് അക്രമാസക്തമാകുന്ന- എടുത്തുചാടി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വം (ഇംപള്‍സീവ് പേഴ്സണാലിറ്റി) ഉള്ളവര്‍- ഇവരെയൊന്നും മാനസികരോഗത്തിന്‍റെ കൂട്ടത്തില്‍ പെടുത്താൻ പറ്റില്ല. അതൊക്കെ വ്യക്തിത്വ വൈകല്യങ്ങളാണ്. നിയമപരമായി ശിക്ഷ നേരിടാനും അര്‍ഹരാണ് ഇവര്‍. ഇവരെ നിസാരമാക്കി തള്ളിക്കളയരുത്. അത് അംഗീകരിക്കാനാവില്ല.
ഈ കേസില്‍ ഇദ്ദേഹത്തിന്‍റെ ചരിത്രമെന്താണെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. മുമ്പ് ആരോടെങ്കിലും ഇങ്ങനെ അക്രമം കാണിച്ചിട്ടുണ്ടോ? ഇദ്ദേഹം ഒരു അധ്യാപകനാണെന്നാണ് പറയുന്നത്- മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ഇദ്ദേഹം എന്തെങ്കിലും ക്രിമിനല്‍ കാര്യങ്ങള്‍ മുമ്പ് ചെയ്തിട്ടുണ്ടോ? ഇങ്ങനെയുള്ള പല കാര്യങ്ങളും നാം അറിയേണ്ടതുണ്ട്.

നമ്മള്‍ സൈക്യാട്രിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പത്ത് വയസായ കുട്ടികളെ വരെ അവിടെ കൊണ്ടുവരും. കത്തിയെടുത്ത് വീട്ടിലുള്ള എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടൊക്കെയാകും ഇങ്ങനെ കൊണ്ടുവരുന്നത്. ആ ലെവല്‍ വരെ എത്തുമ്പോഴാണ് മാതാപിതാക്കള്‍ പോലും കുട്ടിയിലെ പ്രശ്നങ്ങള്‍ മനസിലാക്കുന്നത്. അപ്പോള്‍ പോലും ഇത് നിസാരമായി എടുക്കാം എന്ന് അവര്‍ ചിന്തിക്കാറുണ്ട്. കുഴപ്പമില്ല- വലുതാകുമ്പോള്‍ ശരിയാകും എന്നെല്ലാം പറയുന്നത് കേള്‍ക്കാം.
ഇങ്ങനെ സ്വഭാവവൈകല്യങ്ങള്‍ കാണിക്കുന്നവരെ ചെറുപ്പം മുതലെ വെറുതെ വിടുന്ന രീതി നല്ലതല്ല. ഈ പ്രവണത നമ്മുടെ വീടുകളിലും സമൂഹത്തിലുമെല്ലാം ഉണ്ട്. സ്വഭാവത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ചെറുപ്പത്തിലേ നടത്തേണ്ടതാണ്. കാരണം കൊച്ചുകുട്ടികള്‍ ചെറുപ്പത്തിലേ കാണിക്കുന്ന സ്വഭാവം അവര്‍ വലുതാകുംതോറും കൂടിക്കൂടി വരികയും സാമൂഹ്യവിരുദ്ധ സ്വഭാവമുള്ളവരായി മാറുകയും സമൂഹത്തിന് ദ്രോഹം ചെയ്യാനായി തുടങ്ങുകയും ചെയ്യും.
ചെറിയ പ്രായത്തില്‍ മോഷണം നടത്തുന്നു, അല്ലെങ്കില്‍ വീട്ടിലുള്ള മൃഗങ്ങളെ ഉപദ്രവിക്കുന്നു, വീട്ടിലെ സാധനങ്ങള്‍ നശിപ്പിച്ചുകളയുന്നു, ഇങ്ങനെയൊക്കെ സ്വഭാവരീതിയുള്ള കുട്ടിയെ നമ്മള്‍ തീര്‍ച്ചയായും ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ. നമുക്ക് അപകടം വരാത്ത രീതിയില്‍ അവരെ കൊണ്ടുപോകണം. അതുപോലെ തന്നെ സമൂഹത്തില്‍ മറ്റുള്ളവര്‍ക്കും ഇവര്‍ കാരണം അപകടങ്ങളൊന്നും വരാതെ നാം നോക്കണം.
പെട്ടെന്ന് അക്രമാസക്തരാകുന്ന ആളുകള്‍, ക്രൂരത കാണിക്കുന്ന ആളുകള്‍ - ഇവരില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാൻ... എങ്ങനെ ഇത്തരത്തിലുള്ള അപകടങ്ങളില്‍ നിന്ന് സുരക്ഷിതരാകണം എന്നുള്ള കാര്യങ്ങളിലെല്ലാം പൊതുവില്‍ തന്നെ ബോധവത്കരണം ആവശ്യമാണ്. പലപ്പോഴും ഇത്തരത്തില്‍ അഗ്രസീവായ ആളുകള്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത രീതിയിലാണ് പെരുമാറുക.
പ്രത്യേകിച്ച് മെഡിക്കല്‍ സ്റ്റൂഡിന്‍റ്സിനൊക്കെ ഈ വിഷയങ്ങളില്‍ പ്രത്യേക ബോധവത്കരണം നല്‍കിയിരിക്കണം. അവര്‍ക്ക് ക്ലാസുകള്‍ ആവശ്യമാണെങ്കില്‍ അത് കൊടുക്കണം. അവരുടെ സുരക്ഷിതത്വം നമുക്ക് ഉറപ്പുവരുത്താൻ സാധിക്കണം. കാരണം ഡോക്ടര്‍മാരോ ആരോഗ്യപ്രവര്‍ത്തകരോ ഇല്ലാത്തൊരു സമൂഹത്തില്‍ നമുക്ക് ജീവിക്കുക സാധ്യമല്ലല്ലോ! അത്രത്തോളം ഗൗരവമുള്ള വിഷയമാണിതെന്ന് നാം മനസിലാക്കാനുള്ള വൈകിയ സമയമാണിതെന്ന് പറയാം.
പ്രിയ വര്‍ഗീസ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
'ബ്രീത്ത് മൈൻഡ് കെയര്‍'
തിരുവല്ല

