സ്വന്തം കുഞ്ഞിനെ അച്ഛനോ അമ്മയോ കൊലപ്പെടുത്തുന്ന സംഭവം ഇതാദ്യമായല്ല നമ്മള്‍ കേള്‍ക്കുന്നത്. ഓരോ സംഭവത്തിലും പ്രതികള്‍ക്ക് പറയാന്‍ പല കാരണങ്ങളുമുണ്ടാകും. എന്നാല്‍ ഈ കാരണങ്ങളൊക്കെ ഒരു ജീവനെ, പൂ പറിച്ചുകളയുന്ന ലാഘവത്തോടെ ഇല്ലാതാക്കാന്‍ തക്ക ഗൗരവമുള്ളതാണോ? 

തങ്ങളുടെ ഇരട്ടപ്പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ച് ദിവസങ്ങള്‍ മാത്രം പ്രായമിരിക്കെ മുക്കിക്കൊന്ന മാതാപിതാക്കളെക്കുറിച്ചാണ് ഇനി പറയുന്നത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നിരിക്കുന്നത്. 

കൂലിപ്പണിക്കാരനായ വസീമിനും ഭാര്യ നസ്മയ്ക്കും ഏഴ് വയസുള്ള ഒരു മകനുണ്ട്. ഇതിനിടെയാണ് നസ്മ വീണ്ടും ഗര്‍ഭിണിയായത്. പ്രസവിച്ചപ്പോള്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍. അവര്‍ക്ക് 20 ദിവസം പ്രായമായപ്പോഴേക്കും വസീമും നസ്മയും ആ കടുത്ത തീരുമാനത്തിലേക്കെത്തിയിരുന്നു.

അങ്ങനെ കുഞ്ഞുങ്ങളുമായി അവര്‍ വീടിന് സമീപത്തുള്ള ഒരു കുളത്തിനടുത്തേക്ക് നടന്നു. അവിടെ നിന്ന് കുഞ്ഞുങ്ങളെ കുളത്തിലേക്കെറിഞ്ഞുകളഞ്ഞു. പിറ്റേന്ന് കുഞ്ഞുങ്ങളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ അന്വേഷണത്തില്‍ വസീമും നസ്മയും ചേര്‍ന്നാണ് കുഞ്ഞുങ്ങളെ കൊന്നതെന്ന് വ്യക്തമായി. 

ചോദ്യം ചെയ്യലിനിടെ അവര്‍ കുറ്റം സമ്മതിച്ചു. കൊലയ്ക്കുള്ള കാരണവും അവര്‍ പറഞ്ഞു. ഒട്ടും സാമ്പത്തിക സ്ഥിതിയില്ലാത്ത കുടുംബമാണ് തങ്ങളുടേത്. ഒരു കുഞ്ഞ് നേരത്തേയുണ്ട്. അത് കൂടാതെയാണ് ഇപ്പോള്‍ ഇരട്ടക്കുഞ്ഞുങ്ങളുണ്ടായത്. അവരെ കൂടി നോക്കാനുള്ള അവസ്ഥയില്ലാത്തതിനാല്‍ ഏറെ ചിന്തിച്ച ശേഷം കൊന്നുകളയാന്‍ തീരുമാനിക്കുകയായിരുന്നു. 

ഏത് പ്രതിസന്ധിയിലും മക്കളെയും കുടുംബത്തെയും ചേര്‍ത്ത് നിര്‍ത്തുകയെന്നതാണല്ലോ പൊതുവില്‍ ആരും തെരഞ്ഞെടുക്കുന്ന മാര്‍ഗം. സാമ്പത്തികാവസ്ഥയുള്ളവര്‍ മാത്രമല്ല കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും. എന്നിട്ടും സ്വന്തം മക്കളോട് ഇവര്‍ക്ക് ഈ ക്രൂരത കാണിക്കാന്‍ തോന്നുന്നത് എന്തുകൊണ്ടായിരിക്കാം? 

അറിയാം ഈ മാനസികാവസ്ഥയെ കുറിച്ച്...

'ഫിലിസൈഡ്' എന്നൊരു വാക്ക് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ലാറ്റിന്‍ വാക്കാണിത്. മാതാവോ പിതാവോ മനപ്പൂര്‍വ്വമായി തങ്ങളുടെ മക്കളെ കൊലപ്പെടുത്തുന്ന പ്രവര്‍ത്തിക്കാണ് 'ഫിലിസൈഡ്' എന്ന് പറയുന്നത്. 18 വയസ് വരെയുള്ള കുട്ടികളെയാണ് ഫിലിസൈഡില്‍ ഇരകളായി കണക്കാക്കുന്നത്. നിരവധി പഠനങ്ങളും ഗവേഷണങ്ങളും ഈ വിഷയത്തില്‍ പലയിടങ്ങളിലായി നടന്നിട്ടുണ്ട്. 

കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ കൊന്നുകളയുന്ന സംഭവങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒരു രാജ്യമെന്ന നിലയ്ക്ക് അമേരിക്ക ഇതെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഫിലിസൈഡ് എന്ന വാക്കും, അതിന്റെ വിശദാംശങ്ങളുമൊന്നും ഇനിയും മുഖ്യധാരയില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്നുള്ളത് ശ്രദ്ധേയമാണ്. അതായത്, ഇന്ത്യയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുന്നില്ലെന്നോ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നോ അല്ല. മറിച്ച്, അവയെ എല്ലാം വ്യക്തിപരമായ കുറ്റം മാത്രമായി നമ്മള്‍ കണക്കാക്കിപ്പോവുകയാണെന്ന് സാരം.

കൃത്യമായും മാനസികമായ പ്രശ്‌നമാണ് ഫിലിസൈഡിലേക്ക് ഒരു വ്യക്തിയെ എത്തിക്കുന്നതെന്നാണ് മിക്ക പഠനങ്ങളും പറഞ്ഞുവയ്ക്കുന്നത്. ഏറ്റവും അപകടകരമായ ഒരു മാനസികാവസ്ഥയാണിത്. ഒരു മനുഷ്യന്റെ വികാസം മുതല്‍ തന്നെ അയാളെ മാനസികമായി നല്ലരീതിയില്‍ ജീവിതത്തെ നേരിടാന്‍ പ്രാപ്തനാക്കുക എന്നല്ലാതെ ഇതില്‍ മറ്റൊന്നും ചെയ്യാനില്ലെന്ന് വിദഗ്ധര്‍ തന്നെ പറയുന്നു. പലപ്പോഴും ഒരു ദുരന്തം സംഭവിച്ച ശേഷം മാത്രമാണ് നമ്മള്‍ ഇതെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ അപ്പോഴേക്കും ഒരു ജീവനെ നമ്മള്‍ നഷ്ടപ്പെടുത്തിയിരിക്കും. അതിനാല്‍ ഫിലിസൈഡിനെക്കുറിച്ച് ആളുകള്‍ക്കിടയില്‍ കൃത്യമായ അവബോധമുണ്ടാക്കുകയാണ് വേണ്ടതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

ലോകപ്രശസ്തനായ ഫൊറന്‍സിക് സൈക്യാട്രിസ്റ്റ് ഡോ.ഫിലിപ് ജെ റെസ്‌നിക് ഈ വിഷയത്തില്‍ വിശദമായൊരു ഗവേഷണം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ നിഗമനം അനുസരിച്ച് പ്രധാനമായും അഞ്ച് കാരണങ്ങളാണ് ഫിലിസൈഡിന് പിന്നിലുള്ളത്. 

ഒന്നാമതായി, കുഞ്ഞിനെ ഈ ലോകത്തേക്ക് വിട്ടുകൊടുക്കാനുള്ള വിസമ്മതം. അതായത്, എന്തിനാണ് എന്റെ കുഞ്ഞ് ഞാനനുഭവിച്ച കഷ്ടതകള്‍ അനുഭവിക്കുന്നത് എന്ന തരത്തിലുള്ള മാനസികാവസ്ഥ. രണ്ടാമതായി, കുഞ്ഞുങ്ങളെ എന്തെങ്കിലും കാരണത്തില്‍ ഭീകരമായി പീഡിപ്പിക്കുന്ന മാനസികാവസ്ഥയാണ് വരുന്നത്. ഇതില്‍ പലപ്പോഴും കുഞ്ഞിന്റെ മരണം അച്ഛനോ അമ്മയോ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് അവരറിയാതെ തന്നെ സംഭവിക്കുന്നു. 

മൂന്നാമതായി, എന്തെങ്കിലും മാനസികാസ്വാസ്ഥ്യമുള്ള മാതാവോ പിതാവോ അക്കാരണത്തില്‍ കുഞ്ഞിനെ കൊല്ലുന്നത്. നാലാമതായി, ആഗ്രഹിക്കാതെ ജനിക്കുന്ന കുഞ്ഞിനോടുള്ള ദേഷ്യം. അഞ്ചാമതായി പറയുന്നത്- പങ്കാളിയോടുള്ള വൈരാഗ്യം കൊണ്ട് അച്ഛനോ അമ്മയോ കുഞ്ഞിനെ കൊല്ലുന്നത്. 


ഒന്നാമത്തെ കാരണമാണ് ലോകത്തില്‍ ഏറ്റവുമധികം കുഞ്ഞുങ്ങളെ കൊല്ലാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചിട്ടുള്ളതെന്നും റെസ്‌നിക് പറയുന്നു. എന്നാല്‍ ഓരോ പ്രദേശത്തേയും സാമൂഹിക സാഹചര്യം ഈ ഘടകങ്ങളെയെല്ലാം സ്വാധീനിക്കുന്നതായും നമുക്ക് കാണാം. ആരോഗ്യമുള്ള മാനസികാവസ്ഥയില്‍ നില്‍ക്കുന്ന കുറ്റമല്ല ഇതെന്നാണ് ഗവേഷകരൊക്കെത്തന്നെ വിലയിരുത്തുന്നത്. അതേസമയം ഏറ്റവും ക്രൂരവും അതുപോലെ തന്നെ നിസഹായവുമായ മാനസികാവസ്ഥയാണെന്നും ഫിലിസൈഡിനെ വിദഗ്ധര്‍ പറഞ്ഞുവയ്ക്കുന്നു. 

ആകെ ഒരു ജനതയുടെ മാനസികാരോഗ്യത്തെ വെല്ലുവിളിക്കുന്ന പ്രവണതയായി ഫിലിസൈഡിനെ കാണാവുന്നതാണ്. ബുദ്ധിവികാസം തുടങ്ങുന്ന കാലം മുതല്‍ തന്നെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുണ്ടാക്കിക്കൊണ്ട് മുന്നോട്ടുപോവുകയെന്നതാണ് ഇത്തരം അങ്ങേയറ്റം അപകടകരമായ അവസ്ഥകളൊഴിവാക്കാനുള്ള പ്രധാനമാര്‍ഗം.