രാത്രി ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലം ഉണ്ടാകുമല്ലോ. ഇനി മുതൽ പാൽ വെറുതെ കുടിക്കാതെ അൽപം വെളുത്തുള്ളി ചേർത്ത് കുടിക്കൂ. ​പാലിൽ വെളുത്തുള്ളി ചേർത്ത് കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ.  പലരോ​ഗങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ് വെളുത്തുള്ളി എന്ന കാര്യം നമുക്കറിയാം. 

ഉദര സംബന്ധമായ അസ്വസ്ഥതകള്‍ക്കും ഹൃദയാരോഗ്യത്തിനും ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കുമെല്ലാം വെളുത്തുള്ളി മികച്ച ഒരു മരുന്നാണ്. എന്നാല്‍ പാലിന്‍റെ കൂടെ വെളുത്തുള്ളി ചേരുമ്പോള്‍ അത്, പല തരത്തിലുള്ള ശാരീരിക പ്രശ്‍നങ്ങള്‍ക്ക് പരിഹാരം കാണുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ​ഗ്ലാസ് ​​ഗാർലിക് മിൽക്ക് കുടിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...

ഒന്ന്...

ഉദരസംബന്ധമായ രോ​ഗങ്ങൾക്ക് ഏറ്റവും മികച്ച മരുന്നാണ് ​ഗാർലിക് മിൽക്ക്. മുതിർന്നവർക്കും കുട്ടികൾക്കും കുടിക്കാവുന്ന ഒന്നാണ് ​ഗാർലിക് മിൽക്ക്.​ ഗ്യാസ് ട്രബിൾ, ഇടവിട്ട് വരുന്ന വയറ് വേദന, ഭക്ഷണം ദഹിക്കാനുള്ള പ്രയാസം എന്നിവ അകറ്റാൻ ​ഗാർലിക് മിൽക്ക് നല്ലതാണ്. മലബന്ധം അകറ്റാനും പാലിൽ വെളുത്തുള്ളി ചേർത്ത് കുടിക്കാവുന്നതാണ്. 

രണ്ട്...

ആസ്‍ത്‍മയുള്ളവര്‍ ദിവസവും രാത്രി ഒരു​ ​ഗ്ലാസ് ഗാര്‍ലിക് മില്‍ക്ക് കുടിക്കുന്നത് ക്രമേണ രോഗം കുറയാന്‍ സഹായിക്കും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ചുമയെ പ്രതിരോധിക്കാനും സഹായിക്കും. ആസ്‍ത്‍മയ്ക്ക് പുറമെ, ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയ, ടി.ബി തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കും ഗാര്‍ലിക് മില്‍ക്ക് കഴിക്കാവുന്നതാണ്. 

മൂന്ന്...

ദിവസവും ഗാര്‍ലിക് മില്‍ക്ക് കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‍ട്രോളിന്‍റെ അളവ് കുറയാന്‍ സഹായിക്കുന്നു. കൊളസ്‍ട്രോള്‍ ഉള്ളവര്‍  മറ്റ് ഡയറ്റുകള്‍ സൂക്ഷിക്കുന്നതിനൊപ്പം തന്നെയാണ് ഇതും കഴിക്കേണ്ടത്. കൊഴുപ്പിന്‍റെ അളവ് കുറയുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രത്യേകിച്ച് ഹൃദയസ്തംഭനത്തെ ഇത് ചെറുക്കുന്നു. 

നാല്...‌

ഏത് മരുന്ന് കഴിച്ചിട്ടും ചുമയും ജലദോഷവും മാറുന്നില്ലേ. വിട്ടുവിട്ട് വരുന്ന ചുമ, തുമ്മൽ, ജലദോഷം എന്നിവയ്ക്ക് മികച്ച മരുന്നാണ് ​ഗാർലിക് മിൽക്ക്. ഉറക്കമില്ലായ്മ പലരേയും അലട്ടുന്ന പ്രശ്നമാണല്ലോ. ദിവസവും ഒരു ​​ഗ്ലാസ് ​ഗാർലിക് മിൽക്ക് കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

'ഗാർലിക് മിൽക്ക്' തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

ആദ്യം ഒരു കപ്പ് പാലില്‍ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി തൊലി കളഞ്ഞിടുക. ശേഷം ഇത് തിളപ്പിക്കുക. തിളച്ചുതുടങ്ങുമ്പോള്‍ ഒരു നുള്ള് കുരുമുളക് പൊടിയും കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടിയും ചേര്‍ക്കുക. 
തീ അണച്ച ശേഷം ഇത് ചൂടാറാനായി മാറ്റിവയ്ക്കുക. ചൂടാറിയ ശേഷം അരിച്ച്, ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് കുടിക്കാവുന്നതാണ്.