മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കൗൺസിലിംഗിനോ തെറാപ്പിക്കോ പകരമല്ല ഭക്ഷണമെങ്കിലും, തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിൽ നമ്മൾ കഴിക്കുന്ന ആഹാരത്തിന് വലിയൊരു പങ്കുണ്ട്.
നമ്മുടെ വികാരങ്ങൾ എപ്പോഴും നേരിട്ടല്ല പ്രകടമാകുന്നത്. ചിലപ്പോൾ ചില പ്രത്യേക ഭക്ഷണങ്ങളോടുള്ള അമിതമായ കൊതിയായോ അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന മാനസിക സമ്മർദ്ദമായോ ഒക്കെ അവ പുറത്തുവരാം. മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കൗൺസിലിംഗിനോ തെറാപ്പിക്കോ പകരമല്ല ഭക്ഷണമെങ്കിലും, തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിൽ നമ്മൾ കഴിക്കുന്ന ആഹാരത്തിന് വലിയൊരു പങ്കുണ്ട്. അമിത ഉത്കണ്ഠ, ശ്രദ്ധക്കുറവ്, തളർച്ച എന്നിവ അനുഭവപ്പെടുമ്പോൾ കഴിക്കേണ്ട ചില പ്രധാന ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
1. അമിത ഉത്കണ്ഠയും പരിഭ്രമവും
നമ്മുടെ ശരീരത്തിലെ മഗ്നീഷ്യവും ഉത്കണ്ഠയും തമ്മിൽ വലിയ ബന്ധമുണ്ട്. നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങളെ ശാന്തമാക്കാനും തലച്ചോറിന്റെ അമിത ഉത്കണ്ഠ കുറയ്ക്കാനും മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണകരമാണ്. മത്തങ്ങ വിത്തുകൾ, ചിയ സീഡ്, ബദാം എന്നിവ മികച്ച ലഘുഭക്ഷണങ്ങളാണ്. ഇവ സ്ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കുകയും സന്തോഷം നൽകുന്ന സെറോടോണിൻ പോലുള്ള ന്യൂറോട്രാൻസ്മിറ്ററുകളുടെ ഉത്പാദനത്തെ സഹായിക്കുകയും ചെയ്യുന്നു.
2. വിഷാദം
മാനസികാവസ്ഥ കൃത്യമായി നിലനിർത്തുന്നതിനും ശരീരത്തിന് ഊർജ്ജം പകരുന്നതിനും ഏറ്റവും ആവശ്യമുള്ള ഒന്നാണ് വിറ്റാമിൻ ഡി. ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കുന്നതിനൊപ്പം ചില പ്രത്യേകതരം കൂണുകൾ , കൊഴുപ്പുള്ള മീനുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ വിറ്റാമിൻ ഡി നിലനിർത്താൻ സഹായിക്കും. മാനസികാവസ്ഥ മോശമാകുന്നതിലേക്ക് നയിക്കുന്ന പോഷകാഹാരക്കുറവും ഹോർമോൺ വ്യതിയാനങ്ങളും പരിഹരിക്കാൻ ഇവ സഹായിക്കുന്നു.
3. ശ്രദ്ധക്കുറവ്
ഓർമ്മശക്തി, ഏകാഗ്രത, മാനസിക വ്യക്തത എന്നിവയ്ക്ക് കാരണമാകുന്ന ഒരു പ്രധാന ന്യൂറോട്രാൻസ്മിറ്ററിന്റെ നിർമ്മാണ ഘടകമാണ് കോളിൻ. തലച്ചോറിൽ ഇതിന്റെ അളവ് കുറയുമ്പോൾ മസ്തിഷ്ക മന്ദത, തളർച്ച, ശ്രദ്ധക്കുറവ് എന്നിവ ഉണ്ടാകാം. മുട്ടയുടെ മഞ്ഞക്കരു, പയറുവർഗ്ഗങ്ങൾ എന്നിവ കോളിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സവിശേഷമായ പോഷകങ്ങൾ ഇവയിലടങ്ങിയിരിക്കുന്നു.
4. ശ്രദ്ധിക്കേണ്ടത്
നമ്മുടെ മനസും ശരീരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ കൃത്യമായ പരിചരണവും സ്നേഹവും നൽകി അവയെ പോഷിപ്പിക്കേണ്ടത് അനിവാര്യമാണ്.


