Asianet News MalayalamAsianet News Malayalam

'ഷുഗര്‍' അധികവും കാണുന്നത് സ്ത്രീകളിലോ പുരുഷന്മാരിലോ?

പ്രമേഹം രണ്ട് വിധത്തിലുണ്ടെന്ന് ഏവര്‍ക്കുമറിയാം. ടൈപ്പ്-1 പ്രമേഹം ടൈപ്പ്- 2 പ്രമേഹം എന്നിങ്ങനെ. രണ്ട് തരം പ്രമേഹവും പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കാം. എങ്കിലും ഇതിലെന്തെങ്കിലും ഏറ്റക്കുറച്ചിലുകളുണ്ടോ, അല്ലെങ്കില്‍ ഷുഗര്‍ അധികവും കാണുന്നത് പുരുഷന്മാരിലാണോ സ്ത്രീകളിലാണോ എന്ന സംശയം പലര്‍ക്കും ഉണ്ടാകാറുണ്ട്.

reports says that diabetes more reporting among women in india
Author
First Published Oct 21, 2022, 9:13 AM IST

ഷുഗര്‍ അഥവാ പ്രമേഹം ജീവിതശൈലീരോഗമെന്ന നിലയിലാണ് നാം കണക്കാക്കി പോരുന്നത്. പാരമ്പര്യഘടകങ്ങളും പ്രമേഹത്തെ മോശമല്ലാത്ത രീതിയില്‍ സ്വാധീനിക്കാറുണ്ട്. എങ്കിലും കാര്യമായി മോശം ജീവിതരീതികള്‍ തന്നെയാണ് പ്രമേഹത്തിലേക്ക് കൂടുതലായി ആളുകളെ നയിക്കുന്നത്. 

പ്രമേഹം രണ്ട് വിധത്തിലുണ്ടെന്ന് ഏവര്‍ക്കുമറിയാം. ടൈപ്പ്-1 പ്രമേഹം ടൈപ്പ്- 2 പ്രമേഹം എന്നിങ്ങനെ. രണ്ട് തരം പ്രമേഹവും പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കാം. എങ്കിലും ഇതിലെന്തെങ്കിലും ഏറ്റക്കുറച്ചിലുകളുണ്ടോ, അല്ലെങ്കില്‍ ഷുഗര്‍ അധികവും കാണുന്നത് പുരുഷന്മാരിലാണോ സ്ത്രീകളിലാണോ എന്ന സംശയം പലര്‍ക്കും ഉണ്ടാകാറുണ്ട്.

ഇന്ത്യയിലാണെങ്കില്‍ പ്രമേഹത്തിന്‍റെ കാര്യത്തില്‍ സ്ത്രീ-പുരുഷതോതില്‍ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവുമധികം പ്രമേഹരോഗികളുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തിന്‍റെ 'പ്രമേഹ തലസ്ഥാനമാണെന്നാണ്' ഇക്കാര്യത്തില്‍ രാജ്യം അറിയപ്പെടുന്നത് തന്നെ. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കൂടുതല്‍ പ്രമേഹരോഗികളുള്ളതെന്ന് 2020ല്‍ പുറത്തുവന്നൊരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 'ജേണല്‍ ഓഫ് ഡയബറ്റിസ് ആന്‍റ് മെറ്റബോളിക് ഡിസോര്‍ഡേഴ്സ്' എന്ന പ്രസിദ്ധീകരണത്തിലാണ് ഈ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. 

ഈ റിപ്പോര്‍ട്ട് അടക്കം പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത് പ്രകാരം ഇന്ത്യയില്‍ പ്രമേഹരോഗികള്‍ കൂടുതലും കാണുന്നത് സ്ത്രീകളിലാണ്. പ്രമേഹം മൂലം മരണത്തിലേക്ക് എത്തുന്നവരിലും സ്ത്രീകളാണത്രേ കൂടുതലുള്ളത്. സാമ്പത്തിക സാഹചര്യം, ഭക്ഷണരീതി, വിദ്യാഭ്യാസ സാഹചര്യം തുടങ്ങി പല ഘടകങ്ങളും ഇതില്‍ ഭാഗവാക്കാകുന്നുണ്ടത്രേ. അതുപോലെ തന്നെ ഭൂമിശാസ്ത്രപരമായ വ്യത്യാസം- നഗരം- ഗ്രാമം എന്നിങ്ങനെയുള്ള വ്യത്യാസവും ഇതില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ടത്രേ. 

സ്ത്രീകള്‍ക്ക് എന്നല്ല, ഏത് വ്യക്തിക്കും ഏത് പ്രായത്തിലും പ്രമേഹരോഗം പിടിപെടാം. എന്നാല്‍ സാധാരണനിലയില്‍ മുതിര്‍ന്നവരിലാണ് പ്രമേഹം ഏറെയും കാണുന്നത്. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിന് ശേഷം പ്രമേഹസാധ്യത കൂടുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സ്ത്രീകളില്‍ പ്രമേഹം കൂടുന്നതെന്ന് ചോദിച്ചാല്‍ അതിന് അനുമാനിക്കപ്പെടുന്ന കാരണം മാത്രമേയുള്ളൂ.

പുരുഷന്മാരെ അപേക്ഷിച്ച് ഇന്ത്യയില്‍ ഒരു പ്രായം കടന്ന സ്ത്രീകളില്‍ വണ്ണം കൂടുതല്‍ കാണാം എന്നതാണ് ഈ കാരണം. ഇങ്ങനെ ശരീരഭാരം വര്‍ധിക്കുമ്പോള്‍  പ്രമേഹം വര്‍ധിക്കാനുള്ള സാധ്യതയും കൂടുതലാണെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ മറ്റ് കാരണങ്ങളാല്‍ പ്രമേഹം പിടിപെടുന്നവര്‍ കൂടിയാകുമ്പോള്‍ തോത് കുത്തനെ വര്‍ധിക്കുന്നു. എന്തായാലും ഇരുപത്തിയഞ്ച് വയസ് കടന്നാല്‍ പ്രമേഹ പരിശോധന കൃത്യമായ ഇടവേളകളില്‍ നടത്തുന്നതാണ് ഉചിതം. പ്രത്യേകിച്ച് പ്രമേഹത്തില്‍ പാരമ്പര്യമുള്ളവര്‍. 

അമിതമായ ദാഹം, ഇടവിട്ട് മൂത്രമൊഴിക്കല്‍, മുറിവുകള്‍ ഉണങ്ങാൻ കാലതാമസം, ക്ഷീണം എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങള്‍ തന്നെയാണ് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ പ്രമേഹത്തിന്‍റേതായി കാണുക. പ്രമേഹമുള്ളവരില്‍ ഹൈപ്പര്‍ടെൻഷൻ സാധ്യതയും കൂടുതലാണ്. അങ്ങനെയെങ്കില്‍ അത് ഹൃദയാരോഗ്യത്തിനും വെല്ലുവിളിയാകാം. 

Also Read:- വണ്ണം കുറയ്ക്കാൻ പതിവായി നടന്നിട്ട് കാര്യമുണ്ടോ? നടപ്പിന്‍റെ ഗുണങ്ങളെന്തെല്ലാം?

Follow Us:
Download App:
  • android
  • ios