എല്ലുതേയ്മാനത്തിന് ആരോഗ്യവുമായി ബന്ധപ്പെട്ട പല കാരണങ്ങളും ഡോക്ട‍ർമാർ ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഞെട്ടിക്കുന്ന ഒരു കാരണം ചൂണ്ടിക്കാട്ടുകയാണ് ഒരുകൂട്ടം ഗവേഷകര്‍

പ്രായഭേദമെന്യേ ആളുകള്‍ നേരിടുന്ന ഒരസുഖമായി എല്ലുതേയ്മാനം ഇപ്പോള്‍ മാറിയിട്ടുണ്ട്. ഇതിന് പിന്നില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പല കാരണങ്ങള്‍ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഞെട്ടിക്കുന്ന ഒരു കാരണം ചൂണ്ടിക്കാട്ടുകയാണ് ഒരുകൂട്ടം ഗവേഷകര്‍. 

ചൈനയിലെ ചില ആരോഗ്യസംഘടനകളില്‍ നിന്നുള്ള ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അതായത്, നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ചില സൗന്ദര്യ വര്‍ധക വസ്തുക്കളോ- ആരോഗ്യ പരിപാലനത്തിന് വേണ്ടിയുള്ള ഉത്പന്നങ്ങളോ ഒക്കെ എല്ലുതേയ്മാനത്തിലേക്ക് വഴിയൊരുക്കുന്നുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍.

ഹാന്‍ഡ് വാഷ്, സോപ്പ്, ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ്- എന്നിങ്ങനെയുള്ള ഉത്പന്നങ്ങളാണത്രേ അപകടകാരികള്‍. ഇത്തരത്തിലുള്ള എല്ലാ ഉത്പന്നങ്ങളും പ്രശ്‌നക്കാരാണെന്നല്ല, മറിച്ച് ഇവയിലടങ്ങിയിരിക്കുന്ന 'Triclosan' എന്ന പദാര്‍ത്ഥമാണേ്രത പ്രശ്‌നക്കാരന്‍. ഇത് എല്ലുകളുടെ ആരോഗ്യത്തെ പതിയെ തകര്‍ക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

അണുബാധകളെ ചെറുക്കാന്‍ വേണ്ടി നമ്മളുപയോഗിക്കുന്ന തരം ഉത്പന്നങ്ങളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ കരുതേണ്ടതെന്നും ഇവര്‍ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേകര്‍ ഉള്‍പ്പെടെ പല സംഘങ്ങളും മുമ്പ് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. 'Triclosan' എന്ന ഘടകം എല്ലിനുണ്ടാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് ഈ പഠനങ്ങളും സൂചന നല്‍കിയിരുന്നു. 

നേരത്തേ, അമേരിക്കയില്‍ ഈ പദാര്‍ത്ഥമടങ്ങിയ സോപ്പുകള്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. സുരക്ഷയെ ഉറപ്പുവരുത്താന്‍ വേണ്ടി നമ്മളുപയോഗിക്കുന്ന ഉത്പന്നങ്ങള്‍ തന്നെ നമ്മുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന അവസ്ഥ വളരെ അപകടകരമാണെന്നായിരുന്നു അന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്.