Asianet News MalayalamAsianet News Malayalam

'ജൂണ്‍ പകുതിയാകുമ്പോഴേക്ക് ഇന്ത്യയില്‍ പ്രതിദിനം 15,000 കൊവിഡ് കേസുകള്‍!'

ചൈനയിലെ ഗാന്‍സുവിലുള്ള 'ലാന്‍സോ യൂണിവേഴ്‌സിറ്റി'ക്ക് കീഴിലാണ് ഗവേഷകരുടെ 'ഗ്ലോബല്‍ കൊവിഡ് 19 പ്രെഡിക്ട് സിസ്റ്റം' പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ ജൂണ്‍ 2 കഴിയുമ്പോള്‍ 9,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് സംഘം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്

researchers says that india may face new 15000 covid 19 cases in single day by mid june
Author
China, First Published Jun 4, 2020, 7:24 PM IST

ഏറെ ആശങ്കയോടെയും ഞെട്ടലോടെയുമാണ് ഇക്കഴിഞ്ഞ ഓരോ ദിവസവും രാജ്യത്തെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം സംബന്ധിച്ച വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കുന്നത്. ഇതില്‍ പോയ 24 മണിക്കൂറിനിടെ മാത്രം 9,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതില്‍ പിന്നെ ഇന്ത്യ കണ്ട ഏറ്റവും ഉയര്‍ന്ന രോഗനിരക്ക് ആണിത്. 

വരാനിരിക്കുന്ന ദിനങ്ങള്‍ ഇതിലും ഭീതിതമാണെന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ 180 രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ മുന്‍കൂട്ടി വിലയിരുത്തുകയും പ്രവചിക്കുകയും ചെയ്യുന്ന ചൈനീസ് ഗവേഷകസംഘം അവകാശപ്പെടുന്നത്, ജൂണ്‍ പകുതിയാകുമ്പോഴേക്ക് ഇന്ത്യയില്‍ പ്രതിദിനം 15,000 പുതിയ കൊവിഡ് കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യുമെന്നാണ്. 

ചൈനയിലെ ഗാന്‍സുവിലുള്ള 'ലാന്‍സോ യൂണിവേഴ്‌സിറ്റി'ക്ക് കീഴിലാണ് ഗവേഷകരുടെ 'ഗ്ലോബല്‍ കൊവിഡ് 19 പ്രെഡിക്ട് സിസ്റ്റം' പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ ജൂണ്‍ 2 കഴിയുമ്പോള്‍ 9,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് സംഘം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. 

വെള്ളിയാഴ്ച ആകുമ്പോഴേക്ക് ഈ കണക്ക് 10,000ല്‍ ചെന്നെത്തുമെന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ദിവസങ്ങളില്‍ വീണ്ടും വര്‍ധനവുണ്ടാകുമത്രേ. അങ്ങനെ ഈ മാസം പകുതി ആകുമ്പോഴേക്ക് 15,000ല്‍ എത്തിനില്‍ക്കും. അതിന് ശേഷമുള്ള ദിവസങ്ങളിലും വര്‍ധനവ് കാണിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

പ്രവചിക്കുന്ന കണക്കുകള്‍ പൂര്‍ണ്ണമായി ശരിയാകണമെന്നില്ലെന്നും, എങ്കിലും ഏറെക്കുറേ ശരിയായിരിക്കുമെന്നും ഗവേഷകര്‍ വാദിക്കുന്നു. മെയ് അവസാനം മുതല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകളുടെ എണ്ണം ഇവരുടെ പ്രവചനവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നതാണ്. അതിനാല്‍ത്തന്നെ ഇപ്പോള്‍ നല്‍കുന്ന സൂചനകള്‍ നിസാരമായി തള്ളിക്കളയാനുമാകില്ല. 

Also Read:- 'കൊവിഡ് 19 ഇന്ത്യയില്‍ കൂടാനിരിക്കുന്നതേയുള്ളൂ'; മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍...

ഇന്ത്യയിലെ കൊവിഡ് കേസുകള്‍ ജൂണിലാണ് ഔന്നത്യത്തിലെത്തുകയെന്ന് നേരത്തേ പല ആരോഗ്യ വിദഗ്ധരും സൂചിപ്പിച്ചിരുന്നു. ജൂണ്‍- ജൂലൈ മാസങ്ങളിലായിരിക്കും ഏറ്റവുമധികം കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയെന്ന് മെയ് ആദ്യവാരത്തില്‍ തന്നെ ദില്ലി എയിംസ് ആശുപത്രി ഡയറക്ടര്‍ രണ്‍ദീപ് ഗുലേരിയ വ്യക്തമാക്കിയിരുന്നു. 

നിലവില്‍ രണ്ട് ലക്ഷത്തി, പതിനേഴായിരം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 6,075 പേര്‍ മരണത്തിന് കീഴടങ്ങി. ഒരു ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേരിടുകയും ചെയ്തിട്ടുണ്ട്. രോഗമുക്തിയുടെ കാര്യത്തില്‍ റഷ്യ കഴിഞ്ഞാല്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഇതാണ് നിലവിലെ സാഹചര്യത്തില്‍ ആശ്വാസവും പ്രത്യാശയും നല്‍കുന്ന ഒരു വാര്‍ത്ത. 

Also Read:- ലോകത്ത് അറുപത്തിയഞ്ചര ലക്ഷം കൊവിഡ് രോഗികള്‍; അമേരിക്കയില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു...

Follow Us:
Download App:
  • android
  • ios