ചൈനയില്‍ നിന്ന് പടര്‍ന്നുപിടിച്ച 'കൊറോണ' വൈറസ് ഇപ്പോഴിതാ പത്തോളം രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലായി യുഎഇയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് പൊട്ടിപ്പുറപ്പെട്ടുവെന്ന് കരുതപ്പെടുന്ന ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നെത്തിയ കുടുംബത്തിനാണ് യുഎഇയില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നും രാജ്യത്ത് ആശങ്കപ്പെടേണ്ടതായ സാഹചര്യമില്ലെന്നും യുഎഇ മന്ത്രാലയം അറിയിച്ചിരുന്നു. 

എങ്കിലും, ഇന്ത്യയില്‍ നിന്ന് ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കും മറ്റുമായി ഏറ്റവുമധികം പേര്‍ പോകുന്നത് യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് എന്നതുകൊണ്ട് തന്നെ ഇവിടങ്ങളിലും 'കൊറോണ' പടരുമോയെന്ന ആശങ്ക സാധാരണക്കാര്‍ക്കിടയിലുണ്ട്. 

അതേസമയം മാരകമായ വൈറസ് ബാധയെ തുടര്‍ന്ന് ലോകരാജ്യങ്ങളെല്ലാം കനത്ത ജാഗ്രതയില്‍ തന്നെയാണ് തുടരുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിമാനത്താവളങ്ങളില്‍ കര്‍ശനമായ ആരോഗ്യപരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഇതിനിടെ 'കൊറോണ'യെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ചൈന, യുഎസ്എ, ഓസ്‌ട്രേലിയ എന്നീ മൂന്നിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഇതിന് വേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം ഇവര്‍ ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.

എന്നാല്‍ ഒരു പുതിയ രോഗകാരിക്കെതിരെ വാക്‌സിന്‍ ഉത്പാദിപ്പിക്കുകയെന്നത് അല്‍പം പ്രയാസകരമായ ജോലിയാണെന്നാണ് ഗവേഷണരംഗത്തുള്ള പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്. വലിയ വെല്ലുവിളിയാണ് അവര്‍ക്ക് മുന്നിലുള്ളതെന്നും, അത് വിജയകരമായി പൂര്‍ത്തിയാക്കാനാല്‍ പിന്നെ ഭയപ്പെടേണ്ട സാഹചര്യമുണ്ടാകില്ലെന്നും വിദഗ്ധര്‍ പറയുന്നു. 

രോഗം പടരുന്നത് തടയാനാണ് വാക്‌സിന്‍ സഹായകമാവുക. നിലവിലെ ഏറ്റവും വലിയ ഭീഷണിയും വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്നത് തന്നെയാണ്. ഇതിനോടകം 132 പേര്‍ 'കൊറോണ' വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി ആറായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കെത്തിയതാണ് ഈ മാരകമായ വൈറസ് എന്നാണ് പ്രാഥമികമായ നിഗമനം. ആദ്യം സൂചിപ്പിച്ചത് പോലെ, ചൈനയിലെ വുഹാന്‍ നഗരത്തിലാണ് വൈറസിന്റെ ഉറവിടമെന്നും കരുതപ്പെടുന്നു.