തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് സംഭവിച്ച റെട്രൊഗ്രേഡ് അംനേഷ്യ കേസിനെ ബാധിക്കില്ലെന്ന് ക്രിമിനോളജിസ്റ്റ് ജെയിംസ് വടക്കുംചേരി . അമിതമായി മദ്യം ഉപയോഗിക്കുന്നവരില്‍ സംഭവിക്കുന്ന ആല്‍ക്കഹോളിക് അംനേഷ്യ ഡിസോര്‍ഡറിന്‍റെ ഭാഗമാണ് ഈ അവസ്ഥയെന്ന് കേരള പൊലീസിലെ മുന്‍ ക്രിമിനോളജിസ്റ്റായ ജെയിംസ് വടക്കുംചേരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി. 

അമിത മദ്യപാന ശീലമുള്ളവരില്‍ കാണുന്ന തകരാറുകളില്‍പ്പെടുന്നതാണ് റെട്രൊഗ്രേഡ് അംനേഷ്യ. ഹെവിഡോസില്‍ മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ അപകടങ്ങളോ ആക്സിഡന്‍റുകളോ സംഭവിച്ചാല്‍ ഈ തകരാര്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. സംഭവിച്ച കാര്യങ്ങളെ ഓര്‍ക്കാനാവാതെ വരിക, നടന്ന സംഭവങ്ങളെ കൃത്യമായി രീതിയില്‍ വിവരിക്കാനാവാതെ വരികയെല്ലാം ഇതിന്‍റെ ഭാഗമായി സംഭവിക്കാവുന്നതാണ്. 

അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചയാള്‍ ശ്രീറാമാണെങ്കില്‍ അയാള്‍ക്ക് ഈ അസുഖത്തിന്‍റെ പേരില്‍ ശിക്ഷയില്‍ ഇളവുകള്‍ ഉണ്ടാവില്ല. എന്നാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് അസുഖത്തില്‍ ചികിത്സ തേടേണ്ടി വരും. മാനസികാരോഗ്യ കേന്ദ്രങ്ങളിലാവും ചികിത്സ തേടേണ്ടി വരിക. ഇത് മാനസിക തകരാറാണെന്ന് പറയാന്‍ സാധിക്കില്ല. മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ഈ അവസ്ഥയിലേക്ക് എത്തിക്കുകയില്ലെന്നും അദ്ദേഹം പറയുന്നു. 

മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ  ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യയാണെന്ന കണ്ടെത്തല്‍ വാഹനമോടിച്ചത് ശ്രീറാമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ കേസിനെ ബാധിക്കില്ല. നിയമത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ള വ്യക്തിയാണ് ശ്രീറാം. അപകടം നടന്ന സമയത്ത് മദ്യപിച്ചിട്ടില്ലെങ്കില്‍ പോലും ശ്രീറാം മദ്യത്തിന് അടിമയാണെന്ന് തെളിയിക്കാന്‍ കണ്ടെത്തല്‍ കൊണ്ട് സാധിക്കും. 

അപകടം നടന്ന സമയത്ത് ശ്രീരാമിന് റെട്രൊഗ്രേഡ് അംനേഷ്യയില്ല. അതിന് ശേഷമാണ് അസുഖമുണ്ടായിട്ടുള്ളത്. അപകടമുണ്ടായ സമയത്ത് മദ്യത്തിന്‍റെ സ്വാധീനത്തിലാണോയെന്ന് അറിയില്ലെങ്കിലും വാഹനം ഓടിച്ചയാള്‍ക്ക് അലക്ഷ്യമായി വാഹനം ഓടിച്ചതിനുള്ള ശിക്ഷ ലഭിക്കുമെന്നും ജെയിംസ് വടക്കുംചേരി വ്യക്തമാക്കി. വാഹനം ഓടിച്ചയാളെ കണ്ടെത്തുകയെന്നത് പൊലീസിന്‍റെ ചുമതലയാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ കണ്ടെത്തല്‍ അനുസരിച്ചായിരിക്കും നടപടികളെന്നും ജെയിംസ് വടക്കുംചേരി വ്യക്തമാക്കി.