വാക്സിനേഷനും പുതിയ ചികിത്സാ രീതികളുമൊക്കെയെത്തി കഴിഞ്ഞിട്ടും പരിപൂർണമായ അവസാനം കാണാതെ ഈ പാൻഡെമിക് ലോകത്തെമ്പാടും തുടരുന്നു .

കൊവിഡ് 19 (covid 19) പാൻഡെമിക് ലോകത്ത് വന്നു കഴിഞ്ഞിട്ട് ഏതാണ്ട് രണ്ടുകൊല്ലം കഴിയുന്നു. വാക്സിനേഷനും (vaccination) പുതിയ ചികിത്സാ രീതികളുമൊക്കെയെത്തി കഴിഞ്ഞിട്ടും പരിപൂർണമായ അവസാനം കാണാതെ ഈ പാൻഡെമിക് ലോകത്തെമ്പാടും തുടരുന്നു.

ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ വാക്സിനേഷൻ നല്ല ഒരു ശതമാനം ആൾക്കാരിലും ലഭിച്ചതിനു ശേഷവും മറ്റൊരു മൂന്നാം തരംഗത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല. മൂന്നാം തരംഗം അതിശക്തിയാർജ്ജിക്കുവാനുള്ള സാധ്യത തീരെ കുറവായിരിക്കുമെന്നാണ് പൊതുവേ വിലയിരുത്തൽ. 

2022ൽ പാൻഡെമിക് ഗതിയെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങൾ പരിശോധിക്കാം. 

ഒമിക്രോൺ... 
വേരിയന്റ് ഓഫ് കൺസെണായി പ്രഖ്യാപിക്കപ്പെട്ട ഒമിക്രോൺ ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇതിനകം എത്തിച്ചേർന്നിരിക്കാനാണ് സാധ്യത. ഇന്ത്യയില്‍ വളരെ കുറച്ച് കേസുകൾ മാത്രമാണ് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞതെങ്കിലും അതിലേറെ കേസുകൾ നിലവിലുണ്ടാകുവാനുള്ള സാധ്യത തീരെ കുറവല്ല. 

വേരിയന്റ് ഓഫ് കൺസെൺ എന്നുള്ളത് മുൻപ് ഉണ്ടായിരുന്ന മറ്റ് വകഭേതങ്ങൾ പോലെ മറ്റൊന്ന് മാത്രമാണെങ്കിലും ഒമിക്രൊണിനെ വ്യത്യസ്തമാക്കുന്നത് അതിൽ സംഭവിച്ച മുപ്പതിലേറെ വ്യതിയാനങ്ങളാണ്.

എ. രോഗവ്യാപനം ശേഷി: 

30ലേറെ യുള്ള മ്യൂട്ടെഷനുകളിലൂടെ ശക്തമായ രോഗവ്യാപനശേഷി ആർജിച്ചുവെന്നുള്ളതാണ് ഇതിലെ അപകടം. വിവിധ പ്രായ വിഭാഗങ്ങളിലെ രോഗവ്യാപന ശേഷി കൂടുതൽ അറിയേണ്ടതായിട്ടുണ്ട്

ബി. ഒമിക്രോൺ രോഗാവസ്ഥ: 

ലഭ്യമായ പഠനങ്ങൾ വ്യക്തമാക്കുന്നത് ഒമിക്രോൺ ബഹുഭൂരിപക്ഷം ആൾക്കാരിലും വളരെ മൈൽഡായ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നുവെന്നുള്ളതാണ്. 

സി. വാക്സിൻ ഫല പ്രാപ്തി :

ലഭ്യമായ വാക്സിനുകളുക്കെ തന്നെയും ഗുരുതരമായ രോഗത്തെയും വെൻറിലേറ്റർ ഉപയോഗം, ഓക്സിജൻ ഉപയോഗം, ഇന്ത്യൻസിവ് കെയർ യൂണിറ്റ് അഡ്മിഷൻ എന്നിവ കുറയ്ക്കുമെന്നുള്ളതാണ്. എന്നിരിക്കിലും അനവധി ആൾക്കാരെ ഒമിക്രോൺ ബാധിക്കുമ്പോൾ
അതിൻറെ ഒരു ചെറിയ ശതമാനം പോലും വലിയ അളവായി മാറുവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല 

ഡി. പരിശോധനകൾ:

ആർ ടി പിസിആർ ടെസ്റ്റ് തന്നെയാണ് ഉപയോഗിക്കുന്നത്. പിസിആർ ടെസ്റ്റിൽ മൂന്ന് ജീനുകളാണ് സാധാരണ ടെസ്റ്റ് ചെയ്യുന്നത്. എസ് ജീൻ അഥവാ വൈറസിന്‍റെ പുറംചട്ടയിലുള്ള കാലുകളിൽ കാണപ്പെടുന്ന ജീൻ, വൈറസിന്റെ ആവരണത്തിലെ ജീൻ, വൈറസിന്‍റെ ന്യൂക്ലിയോ ക്യാപ്സിഡ് അഥവാ ഉൾഭാഗത്തുള്ള ജീൻ.

പി സി ആർ ടെസ്റ്റിൽ വൈറസിന്റെ കാലുകളിലുള്ള ജീനുകൾ കണ്ടെത്താനായില്ലെങ്കിൽ പ്രസ്തുത വൈറസ് അണുബാധ, ഒമിക്രോൺ വകഭേദമെന്ന് പറയുവാൻ കഴിയും. കൂടാതെ ജീനോമിക്സ് സ്റ്റഡീസ് പുതിയ വകഭേദം കണ്ടെത്തുവാൻ അത്യന്താപേക്ഷിതമാണ്. വകഭേദം കണ്ടെത്തുവാനുള്ള വിവിധതരം ടെസ്റ്റുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് 

ഇ. ചികിത്സയും ഒമിക്രോണും :

ഒമിക്രോൺ ചികിത്സ സാധാരണ കൊവിഡ്19ന് നൽകുന്നത് പോലെതന്നെയാണ്. ആ ചികിത്സാമാർഗങ്ങൾ ഓമിക്രോൺ വകഭേദത്തെയും ഭേദമാക്കുമെന്നുള്ളത് തന്നെയാണ് ഇതുവരെയുള്ള വിലയിരുത്തൽ. 

വാക്സിനേഷൻ.... 

ലഭ്യമായ മിക്ക വാക്സിനുകളും ഒമിക്രോൺ മൂലമുള്ള ഗുരുതര രോഗാവസ്ഥയെ തടയുന്നുവെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ കാണിക്കുന്നത്.

വാക്സിൻ ഇനിയെന്ത് ? 
കൊവിഡ് 19 പ്രതിരോധ മാർഗ്ഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വാക്സിനേഷൻ തന്നെയാണ്. നല്ല ഒരു ശതമാനം ആൾക്കാരിൽ വാക്സിനേഷൻ ഗുരുതര രോഗം കുറയ്ക്കുന്നുവെന്ന് പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ എത്രയും വേഗത്തിൽ കൂടുതൽ ആൾക്കാരിൽ എല്ലാ രാജ്യങ്ങളിലും ഒന്നും രണ്ടും ഡൊസ് വാക്സിനേഷൻ എത്തിക്കുക എന്നുള്ളതാണ് ഏറ്റവും പ്രാധാന്യം. 

ബൂസ്റ്റർ ഡോസ്? 

ബൂസ്റ്റർ ഡോസ് എന്ന പ്രയോഗത്തെ മൂന്നാം ഡോസ്സ് എന്ന് വിളിക്കുന്നതാണ് കൂടുതൽ അഭികാമ്യം. ലോകത്തെ ധാരാളം രാജ്യങ്ങളിൽ മൂന്നാം ഡോസ് നൽകി കഴിഞ്ഞു. അമേരിക്കയും ഇംഗ്ലണ്ടും മറ്റ് പല വികസിത രാജ്യങ്ങളുമൊക്കെ ആ പാതയിൽ തന്നെയാണ്. 

പക്ഷേ വികസിതമെന്നൊ, അവികസിതമെന്നൊ വ്യത്യാസമില്ലാതെ വാക്സിനേഷൻ എല്ലാ രാജ്യങ്ങളിലും തുല്യമായി എത്തിയില്ലെങ്കിൽ കൊവിഡ്19, ഒമിക്രോൺ കഴിഞ്ഞ് പുതിയ വകഭേതങ്ങളിൽ എത്തുകയും നിരന്തരം മാനവരാശിക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ലോകത്തെല്ലായിടത്തും വാക്സിൻ ഇക്വാലിറ്റി എന്ന പൊതുനയം സ്വീകരിക്കേണ്ടതാണ്. 

എന്നിരിക്കിലും മൂന്നാം ഡോസ് പ്രതിരോധശേഷി കുറഞ്ഞവരിലും പ്രായാധിക്യമുള്ളവരിലും നൽകേണ്ടതാണ് എന്ന്ലോ കാരോഗ്യസംഘടനയും പറയുന്നു. മൂന്നാം ഡോസിന് അനുകൂലമായ തീരുമാനം ഭാരതത്തിലും ഉണ്ടാകേണ്ടതാണ്. മുതിർന്ന പൗരന്മാരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ആരോഗ്യപ്രവർത്തകരിലും ഹൈറിസ്ക് വിഭാഗത്തിനും മൂന്നാം ഡോസ്ന ൽകേണ്ടിവരുമെന്നുള്ളതാണ് പൊതുവേയുള്ള സമവായം.

വാക്സിനുകൾ മിക്സ് ചെയ്തു, ഒന്നാം ഡൊസും രണ്ടാം ഡോസും വ്യത്യസ്തമായ വാക്സിനുകൾ നൽകാം എന്നാണ് കരുതപ്പെടുന്നത്. വർഷാവർഷം വീണ്ടും വാക്സിനേഷൻ നൽകേണ്ടി വരുമോയെന്നുള്ളത് കൂടുതൽ പഠനങ്ങൾക്കുവിധേയമാക്കേണ്ട വിഷയമാണ്. എന്നാൽ 6 മാസം മുതൽ ഒരു കൊല്ലം വരെയുള്ള കാലാവധിയിൽ വാക്സിനേഷൻ പ്രതിരോധശേഷി അല്ലെങ്കിൽ ആൻറിബോഡിയുടെ അളവ് കുറഞ്ഞു വരുന്നു എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. 

മെമ്മറി സെൽ മൂലമുള്ള രോഗപ്രതിരോധശേഷി നിലനിൽക്കുമെങ്കിലും മൂന്നാം ഡോസ് നൽകുന്നത് അഭികാമ്യമെന്ന് ഒട്ടനവധി വിദഗ്ധരും സംഘടനകളും വിശ്വസിക്കുന്നു. 

അടിസ്ഥാനതത്വങ്ങൾ...

കൊവിഡ് 19 ഒരു എയർ ബോൺ, ഡ്രൊപ് ലൈറ്റ് അണുബാധയാണ് എന്നുള്ളത് നിസ്സംശയം തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു പക്ഷേ സാമൂഹിക അകലം മാസ്ക് ധരിക്കൽ തുറസ്സായ സ്ഥലങ്ങൾ ഉപയോഗിക്കൽ എന്നിവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ഒരുപക്ഷേ തുറസായ സ്ഥലങ്ങളുടെ ഉപയോഗമാണെന്ന് പറയേണ്ടിവരും. അതിനർത്ഥം ശാരീരിക അകലം പാലിക്കുന്നതിലും കൃത്യമായ രീതിയിൽ മാസ്ക് ധരിക്കുന്നതിനും പ്രാധാന്യം കുറയുന്നുവെന്നല്ല.

ഒരുപക്ഷേ ഭാരതത്തിലെങ്കിലും തുറസായ സ്ഥലങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള അവബോധം കൂടുതൽ എത്തിച്ചേരേണ്ടതായിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്. മഹാമാരിയുടെ അവസാനം കാണാൻ വാക്സിനൊടൊപ്പം അടിസ്ഥാനതത്വങ്ങൾ തീർത്തും മുറുകെ പിടിക്കേണ്ടത് തന്നെയാണ് 2022ലും 

നവീന ചികിത്സ രീതികൾ...

കൊവിഡ് 19 ന് ആദ്യം വന്ന കാലഘട്ടത്തിൽ ഡോക്ടർമാരും ശാസ്ത്രജ്ഞരുമൊക്കെ ചികിത്സ രീതികൾ എന്തെന്നറിയാതെ പരക്കം പായുകയായിരുന്നു. 

24 മണിക്കൂറും ഏതാണ്ട് ഒരു കൊല്ലത്തോളമുള്ള കഠിനാധ്വാന് ഫലം കണ്ടെത്തിയെന്ന് പറയാതെ വയ്യ. സ്റ്റിറോയിഡുകൾ, ഓക്സിജൻ, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ, മോണോ ക്ലൊണൽ ആൻറി ബോഡീസ്, ആൻറി വൈറൽ മരുന്നുകൾ.. തുടങ്ങി ഒരു വലിയ നിര ചികിത്സാരീതികൾ അസന്നിഗ്ധമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചില ചികിത്സാ രീതികളുടെ ഫലപ്രാപ്തിയിൽ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും 2019 അല്ല 2022 എന്ന് നിസ്സംശയം പറയാൻ കഴിയും.

കൂടുതൽ പഠനങ്ങൾ 

കേരളത്തിലും ഭാരതത്തിലും ഇല്ലാതെപോയത് കൂടുതൽ കൂടുതൽ പഠനങ്ങൾ തന്നെയാണ്. ഇനിയും വരാനിരിക്കുന്ന പുതിയ പാൻഡെമിക്കുകളെ നേരിടുവാൻ തയ്യാറെടുപ്പ് നടത്തുന്നതിന് കൂടുതൽ പഠനങ്ങൾ അനിവാര്യമാണ്. 

ചുരുക്കത്തിൽ കൊവിഡ്-19 അത് 2022 ലും തുടരും. പക്ഷേ മൂന്നാം തരംഗം, തരംഗമില്ലാത്ത തരംഗമാകുവാൻ സാധ്യത കൂടുതൽ. കൂടുതൽ മൈൽഡായ രോഗം ഒട്ടനവധി ആൾക്കാരിൽ എത്തിച്ചേർന്നാൽ പോലും വാക്സിനേഷനും ഹൈബ്രിഡ് ഇമ്മ്യൂണിറ്റിയും ശക്തമായ രോഗ പ്രതിരോധ നടപടികളും കൂടി ഒത്തുചേർന്നാൽ ഒരുപക്ഷേ തരംഗംമില്ലാത്ത തരംഗമായി മൂന്നാം തരംഗം മാറിയേക്കാം. 

പക്ഷേ അശ്രദ്ധമായ അലസമായ ആഘോഷങ്ങളും ഒത്തുചേരലുകളും ഈ തരംഗമില്ലാത്ത മൂന്നാം തരംഗത്തെ, മറ്റൊരു ഒരു കൊവിഡ് സുനാമിയാക്കി മാറ്റാതിരിക്കാൻ നാം ശ്രദ്ധിച്ചേ മതിയാകൂ. 

എഴുതിയത്: 
ഡോ സുൽഫി നൂഹു, 
നിയുക്ത സംസ്ഥാന പ്രസിഡൻറ്.
(ഐ എം എ)