Asianet News MalayalamAsianet News Malayalam

എല്ലാ വാത രോഗങ്ങൾക്കും സമഗ്ര ചികിത്സ, 3 മെഡിക്കൽ കോളേജുകളിൽ റ്യുമറ്റോളജി വിഭാഗം; സർക്കാർ മേഖലയിൽ ആദ്യം !

റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതോടെ ഭാവിയില്‍ ഡി.എം. റ്യുമറ്റോളജി കോഴ്‌സ് ആരംഭിക്കാനും ഈ രംഗത്ത് കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

rheumatology department in three government medical colleges in kerala vkv
Author
First Published Dec 29, 2023, 2:26 PM IST

തിരുവനന്തപുരം: എല്ലാത്തരം വാത രോഗങ്ങള്‍ക്കും സമഗ്ര ചികിത്സയുമായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി (Rheumatology) വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാതരോഗ സംബന്ധമായ അസുഖങ്ങള്‍ക്കും ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നതുമായ അസുഖങ്ങള്‍ക്കും അത്യാധുനിക ശാസ്ത്രീയ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. 

റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതോടെ ഭാവിയില്‍ ഡി.എം. റ്യുമറ്റോളജി കോഴ്‌സ് ആരംഭിക്കാനും ഈ രംഗത്ത് കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കാനും സാധിക്കും. റ്യുമറ്റോളജി വിഭാഗം ആരംഭിക്കാനായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഓരോ അസി. പ്രൊഫസര്‍മാരുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. എത്രയും വേഗം നിയമനം നടത്തി റ്യുമറ്റോളജി വിഭാഗം യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മനുഷ്യ ശരീരത്തിലെ ഹൃദയം, രക്തക്കുഴല്‍, സന്ധികള്‍, പേശികള്‍, അസ്ഥികള്‍, ലിഗമെന്റുകള്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഒരു മെഡിക്കല്‍ ശാസ്ത്ര ശാഖയാണ് റ്യുമറ്റോളജി. ആമവാതം, സന്ധിവാതം, ല്യൂപസ്, രക്തവാതം, ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന അസുഖങ്ങള്‍ എന്നിയാണ് അവയില്‍ പ്രധാനം. ഈ രോഗങ്ങള്‍ കാരണം പലപ്പോഴും വേദന, നീര്‍വീക്കം, ചുവപ്പ്, മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ കാണപ്പെടാറുണ്ട്. വാത രോഗങ്ങള്‍ പലപ്പോഴും ദീര്‍ഘകാല രോഗങ്ങളാണെങ്കിലും ശരിയായ ചികിത്സയിലൂടെ നിയന്ത്രിക്കാനും ഭേദമാക്കാനും കഴിയും. ഇവയ്ക്ക് ശാസ്ത്രീയമായ ചികിത്സ ഉറപ്പ് വരുത്തിയില്ലെങ്കില്‍ സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ട്.

നിലവില്‍ മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരാണ് ഈ രോഗങ്ങള്‍ ചികിത്സിക്കുന്നത്. പുതുതായി റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതോടെ റ്യുമറ്റോളജി സ്‌പെഷ്യലിസ്റ്റിന്റെ സേവനവും കൂടുതല്‍ സംവിധാനങ്ങളും ലഭ്യമാകും. മാത്രമല്ല കണ്ണ്, ത്വക്ക്, ശ്വാസകോശം തുടങ്ങി വിവിധ ശരീര ഭാഗങ്ങളെ ബാധിക്കുന്ന വാതരോഗങ്ങള്‍ക്ക് ബന്ധപ്പെട്ട വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് സമഗ്രമായ ചികിത്സ ഉറപ്പ് വരുത്താനും ഈ വിഭാഗത്തിലൂടെയാകും. 

സന്ധികളുടെ ചലനക്ഷമത മെച്ചപ്പെടുത്തുന്നതിനും വേദന കുറയ്ക്കുന്നതിനും ഫിസിയോ തെറാപ്പി വിഭാഗത്തിന്റെ സേവനവും ഉറപ്പ് വരുത്തുന്നുണ്ട്. മെഡിക്കല്‍ ചികിത്സയാണ് റ്യുമറ്റോളജി വിഭാഗത്തിലൂടെ നല്‍കുന്നത്. മോണോക്ലോണല്‍ ആന്റിബോഡി അടക്കമുള്ള അത്യാധുനിക ചികിത്സയും ലഭ്യമാക്കുന്നു. ഇത്തരം രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Read More : വട്ടമല വ്യൂ പോയിന്‍റിലെ പാറയിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമം; 100 അടി താഴ്ചയിലേക്ക് വീണ് നഴ്സിങ് വിദ്യാർത്ഥി

Latest Videos
Follow Us:
Download App:
  • android
  • ios