കൊവിഡ് 19നെതിരായി റഷ്യ വികസിപ്പിച്ചെടുത്ത 'സ്ഫുട്‌നിക്' വാക്‌സിന്‍ ഇന്ത്യയിലും. 'ഹെറ്ററോ' എന്ന ഇന്ത്യന്‍ മരുന്നുനിര്‍മ്മാണ കമ്പനിയുമായി സഹകരിച്ചാണ് 'സ്ഫുട്‌നിക്' ഉത്പാദിപ്പിക്കുക. 

പ്രതിവര്‍ഷം 10 കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് തീരുമാനം. വാക്‌സിന്റെ ആദ്യഘട്ട ഉത്പാദനം 2021 തുടക്കത്തിലുണ്ടാകുമെന്നാണ് സൂചന. ഇതിനാവശ്യമായ കരാറില്‍ ഇന്ത്യന്‍ കമ്പനിയുമായി ഒപ്പുവച്ചുവെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. 

ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നൊരു വാര്‍ത്തയാണിത്. കൊവിഡ് പോരാട്ടവഴികളില്‍ ഊര്‍ജ്ജം പകരാന്‍ തീര്‍ച്ചയായും ഈ പുതിയ ചുവടുവയ്പിനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

'കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമായ പരിഹാരമെന്നോണം ഏവരും ഉറ്റുനോക്കുന്ന സ്ഫുട്‌നിക് വാക്‌സിന്റെ ഉത്പാദനത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഇന്ത്യയില്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിച്ചുവരികയാണ്. ഇതിനിടെ പ്രാദേശികമായി നമ്മള്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത് ജനങ്ങള്‍ക്ക് വലിയ തോതില്‍ ആശ്വാസമാകും...'- 'ഹെറ്ററോ ലാബ്‌സ് ലിമിറ്റഡ്' ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ബി. മുരളി കൃഷ്ണ റെഡ്ഡി അറിയിച്ചു. 

വാക്‌സിന്റെ രണ്ട്- മൂന്ന് ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അവസാനഘട്ട പരീക്ഷണങ്ങള്‍ 2021 മാര്‍ച്ചോടെ അവസാനിക്കുമെന്നാണ് 'ഹെറ്ററോ' പ്രതീക്ഷിക്കുന്നത്. ഇതിന് ശേഷം വൈകാതെ തന്നെ വാക്‌സിന്‍ വിപണിയിലേക്കെത്തിക്കാമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.

Also Read:- സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെട്ടു; വാക്‌സിനില്‍ പുതിയ പരീക്ഷണത്തിനൊരുങ്ങി ആസ്ട്രാസെനേക്ക...