ന്യൂറോളജിക്കൽ വേദനയുടെ ഏറ്റവും കഠിനമായ രൂപം എന്നാണ് ട്രൈജെമിനൽ ന്യൂറാൾജിയയെ ഡോക്ടര്‍മാര്‍ പോലും വിശേഷിപ്പിക്കുന്നത്.
ബോളിവുഡ് നടൻ സൽമാൻ ഖാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തനിക്ക് 'ട്രൈജെമിനൽ ന്യൂറാൾജിയ' എന്ന ആരോഗ്യ പ്രശ്നമുണ്ടെന്ന് വെളിപ്പെടുത്തിയത്. ന്യൂറോളജിക്കൽ വേദനയുടെ ഏറ്റവും കഠിനമായ രൂപം എന്നാണ് ട്രൈജെമിനൽ ന്യൂറാൾജിയയെ ഡോക്ടര്‍മാര്‍ പോലും വിശേഷിപ്പിക്കുന്നത്.
എന്താണ് ട്രൈജെമിനൽ ന്യൂറാൾജിയ?
മുഖത്തെ ട്രൈജമിനൽ നാഡിയെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത വേദനയാണിത്. മുഖത്തിന്റെ താഴത്തെ ഭാഗത്തും താടിയെല്ലിലും ആണ് സാധാരണയായി വേദന അനുഭവപ്പെടുന്നത്. വേദന അതിതീവ്രവും ഇലക്ട്രിക്ക് ഷോക്ക് പോലെയുള്ള സംവേദനം സൃഷ്ടിക്കുന്നവയുമാണ്.
ചെറിയ സ്പര്‍ശമേല്‍ക്കുമ്പോഴോ, തണുത്ത വെള്ളം കുടിക്കുമ്പോഴോ, കാറ്റ് തട്ടുന്നത് പോലുള്ള മിതമായ സെൻസറി ഉത്തേജകങ്ങളാൽ പോലും വേദന ഉണ്ടാകാം. മുഖത്ത് സ്പർശിക്കുമ്പോഴും ഭക്ഷണം ചവയ്ക്കുമ്പോഴും ബ്രഷ് ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും വേദന ഉണ്ടാവുന്നതൊക്കെ രോഗ ലക്ഷണമാകാം. ഏത് പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാമെങ്കിലും അമ്പത് കഴിഞ്ഞവരെയാണ് കൂടുതലായി ബാധിക്കുന്നത്.
നാഡികൾ തലച്ചോറിൽ നിന്ന് ആരംഭിക്കുന്ന ഭാഗത്ത് ഞരമ്പുകൾ ഉരസിയുണ്ടാകുന്ന കേടുപാടുകളാണ് രോഗത്തിന്‍റെ പ്രധാന കാരണം. ഞരമ്പുകളുടെ വികാസ സങ്കോചങ്ങൾ കാരണം നാഡിയുടെ സംരക്ഷണകവചം ക്ഷയിക്കും. തുടർന്ന് ഇവ ഹെപ്പർ ആക്ടീവ് ആകുന്നതുമൂലമാണ് വേദന അനുഭവപ്പെടുന്നത്. വേദനയുടെ തീവ്രത മൂലം സൂയിസൈഡ് ഡിസീസ് എന്ന വിളിപ്പേരും ഈ രോഗത്തിനുണ്ട്. പല രോഗികളിലും വേദനയുടെ ആഘാതം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചിന്തകൾപോലും ഉണ്ടാകാറുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
