കീമോതെറാപ്പി ചെയ്താല്‍ തലമുടി കൊഴിയുന്നത് ക്യാന്‍സര്‍ രോഗികളുടെ പ്രധാനപ്രശ്‌നങ്ങളിലൊന്നാണ്.  എന്നാല്‍  ഇതിനെ പ്രതിരോധിക്കാന്‍ പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവേഷകര്‍.

2040ഓടെ ഓരോ വര്‍ഷവും കീമോതെറാപ്പി ചെയ്യുന്നവരുടെ എണ്ണം 1.5 കോടി വീതം വര്‍ദ്ധിക്കുമെന്നാണ് 'ദി ലാന്‍സെറ്റ് ഓങ്കോളജി' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. അത്രമാത്രം ക്യാന്‍സര്‍ ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. കീമോതെറാപ്പി ചെയ്താല്‍ തലമുടി കൊഴിയുന്നത് ക്യാന്‍സര്‍ രോഗികളുടെ പ്രധാനപ്രശ്‌നങ്ങളിലൊന്നാണ്.

എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവേഷകര്‍. മാഞ്ചസ്റ്ററിലെ സെന്റര്‍ ഫോര്‍ ഡെര്‍മിറ്റോളജി റിസേര്‍ച്ചില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ക്യാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന മരുന്നുകള്‍ എങ്ങനെ ഹെയര്‍ ഫോളിക്കുകളെ തകരാറിലാക്കുന്നു എന്നും ഇത് എങ്ങനെ തലമുടി കൊഴിയുന്നതിലേക്ക് എത്തിക്കുന്നുവെന്നും ഇതിനെ പ്രതിരോധിക്കാനുള്ള വഴികളുമാണ് ഇന്ത്യന്‍ വംശജനടങ്ങിയ ഗവേഷണസംഘം പഠനവിധേയമാക്കിയിരിക്കുന്നത്.

ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സി.ഡി.കെ4/6 എന്ന മരുന്നിന്റെ ഘടകങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. കോശവിഭജനം തടയാനുള്ള മരുന്നാണ് സി.ഡി.കെ4/6. ക്യാന്‍സര്‍ കോശങ്ങള്‍ വിഭജിച്ച് ശരീരമാകെ വ്യാപിക്കുന്നത് തടയലാണ് സി.ഡി.കെ4/6-യുടെ ധര്‍മം. എന്നാല്‍ സി.ഡി.കെ4/6 യുടെ നിയന്ത്രിത ഉപയോഗത്തിലൂടെ മുടിനാരുകള്‍ക്കു ദോഷം വരുത്താതെ കോശവിഭജനം എങ്ങനെ തടയാമെന്നാണ് പ്രൊഫ. റാല്‍ഫ് പോസിന്റെ നേതൃത്വത്തിലുള്ള പഠനം പറയുന്നത്. 

തലമുടി വളരുന്ന രോമകൂപഗ്രന്ഥികളിലെ കോശവിഭജനം തടയാനും നിയന്ത്രിക്കാനും കഴിയുന്ന മരുന്നുകളുടെ കണ്ടെത്തലിലേക്കാണ് തങ്ങളുടെ പഠനം വഴിയൊരിക്കിയതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. റാല്‍ഫ് പറയുന്നു. തുടക്കത്തില്‍ വിപരീതഫലം ഉണ്ടാക്കുമെങ്കിലും ഇത് ഫലപ്രദമാണെന്നാണ് ഗവേഷകസംഘം പറയുന്നത്.