Asianet News Malayalam

രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കുന്ന ഏഴ് ശീലങ്ങളെക്കുറിച്ച് അറിയൂ...

ചെറുപ്പക്കാരില്‍ പോലും രക്തസമ്മര്‍ദ്ദം കുത്തനെ ഉയരുകയും അത് ഹൃദയാഘാതത്തിലേക്ക് വരെയെത്തുകയും ചെയ്യുന്ന സാഹചര്യം ഇന്ന് കാണപ്പെടുന്നുണ്ട്. പലപ്പോഴും നിത്യജീവിതത്തില്‍ നമ്മള്‍ ചെയ്തുപോകുന്ന സാധാരണ കാര്യങ്ങളൊക്കെ തന്നെയാകാം, നമുക്ക് തന്നെ തിരിച്ചടിയാകുന്നത്. അത്തരത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ഏഴ് ശീലങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്

seven habits which may lead to hypertension
Author
Trivandrum, First Published Feb 1, 2020, 8:34 PM IST
  • Facebook
  • Twitter
  • Whatsapp

മൂന്നിലൊരാള്‍ എന്ന കണക്കിലാണ് മുതിര്‍ന്നവരില്‍ ഇന്ന്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം റിപ്പോര്‍ട്ട് ചെയ്യുന്നത്. മോശം ജീവിതശൈലി തന്നെയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ചെറുപ്പക്കാരില്‍ പോലും രക്തസമ്മര്‍ദ്ദം കുത്തനെ ഉയരുകയും അത് ഹൃദയാഘാതത്തിലേക്ക് വരെയെത്തുകയും ചെയ്യുന്ന സാഹചര്യം ഇന്ന് കാണപ്പെടുന്നുണ്ട്. പലപ്പോഴും നിത്യജീവിതത്തില്‍ നമ്മള്‍ ചെയ്തുപോകുന്ന സാധാരണ കാര്യങ്ങളൊക്കെ തന്നെയാകാം, നമുക്ക് തന്നെ തിരിച്ചടിയാകുന്നത്. അത്തരത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ഏഴ് ശീലങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരുന്നുകൊണ്ട് ചെയ്യുന്ന ജോലിയാണോ നിങ്ങളുടേത്? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക, നിങ്ങളില്‍ രക്തസമ്മര്‍ദ്ദം ഉയരാനുള്ള സാധ്യതയുണ്ട്. ശരീരം അനങ്ങാതിരിക്കുമ്പോള്‍ കൊഴുപ്പ് അടിയുകയും വണ്ണം കൂടുകയുമെല്ലാം ചെയ്‌തേക്കാം. ഇതാണ് ക്രമേണ രക്തസമ്മര്‍ദ്ദം ഉയരുന്നതിലേക്ക് വഴിവയ്ക്കുന്നത്. 

ഇത്തരത്തിലുള്ള ജോലി ചെയ്യുകയും മറ്റ് വ്യായാമങ്ങളിലൊന്നും ഏര്‍പ്പെടാതിരിക്കുകയും ചെയ്യുന്നത് മോശം ജീവിതശൈലിയാണെന്ന് പറയേണ്ടിവരും. 

 

 

അതിനാല്‍ ആഴ്ചയില്‍ ആറ് ദിവസവും ഒരു മണിക്കൂര്‍ വീതമെങ്കിലും വര്‍ക്കൗട്ടിനായി മാറ്റിവയ്ക്കുക. ഒപ്പം നടത്തം, നീന്തല്‍ പോലുള്ള, ഹൃദയാരോഗ്യത്തിന് ആവശ്യമായ വ്യായാമങ്ങളും ചെയ്യാം. 

രണ്ട്...

ദിവസവും മദ്യപിക്കുന്നവരാണെങ്കില്‍ അവരിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകാന്‍ സാധ്യതയുണ്ട്. എത്ര കുറഞ്ഞ അളവിലാണ് കഴിക്കുന്നത് എന്ന് പറഞ്ഞാലും ഓരോരുത്തരുടേയും ശരീരപ്രകൃതിയും, അവരുടെ ആരോഗ്യവുമെല്ലാം അടിസ്ഥാനപ്പെടുത്തി- ഒരളവ് വരെ ഇതിനുള്ള അപകടസാധ്യതകള്‍ അങ്ങനെ തന്നെ കിടക്കുന്നുണ്ട്. അതിനാല്‍ മദ്യപാനം ഇടയ്ക്ക് വല്ലപ്പോഴുമാക്കി ചുരുക്കാം. അതും അളവിന്റെ കാര്യത്തില്‍ കണിശമായും ജാഗ്രത കാണിക്കുകയും വേണം. 

മൂന്ന്...

ഉപ്പിന്റെ ഉപയോഗം വര്‍ധിക്കുന്നതിലൂടെയും ഒരു വ്യക്തിയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായേക്കാം. ഉപ്പ് തന്നെ ഉപയോഗിക്കണമെന്നില്ല, ഉപ്പ് ചേര്‍ത്ത ഭക്ഷണങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതും പ്രശ്‌നമാകാം. ഉദാഹരണത്തിന് പാക്കറ്റില്‍ വരുന്ന ചിപ്‌സുകള്‍, ജങ്ക് ഫുഡ് എന്നിവയിലെല്ലാം 'സോഡിയ'ത്തിന്റെ അളവ് കൂടുതലാണ്. 

 

 

ദിവസത്തില്‍ അഞ്ച് ഗ്രാമില്‍ കൂടുതല്‍ ഉപ്പ് മുതിര്‍ന്നയൊരാളുടെ ശരീരത്തിലെത്തരുത് എന്നാണ്. അതിനാല്‍ ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. 

നാല്...

ചില പ്രത്യേകതരം മരുന്നുകള്‍ കഴിക്കുന്നവരില്‍ 'സൈഡ് എഫക്ട്' ആയും രക്തസമ്മര്‍ദ്ദം ഉയരാറുണ്ട്. വേദനസംഹാരികള്‍, വിഷാദത്തിന് കഴിക്കുന്ന മരുന്നുകള്‍, ഹോര്‍മോണ്‍ നിയന്ത്രണത്തിന് കഴിക്കുന്ന മരുന്നുകള്‍ എന്നിങ്ങനെയുള്ള മരുന്നുകളില്‍ ചിലതെല്ലാം ഇത്തരത്തില്‍ അപകടഭീഷണി ഉയര്‍ത്തുന്നതാണ്. അതിനാല്‍ എന്ത് തരം മരുന്നും തുടങ്ങുന്നതിന് മുമ്പ് ഡോക്ടറുമായി വിശദമായി സംസാരിച്ചിരിക്കണം. 

അഞ്ച്...

'സ്‌ട്രെസ്' ആണ് രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കുന്ന മറ്റൊരു നിത്യ പ്രശ്‌നം. ഇന്നാണെങ്കില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പോലും 'സ്‌ട്രെസ്' കാണാറുണ്ട്. 'സ്‌ട്രെസ്' ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാവുകയും ഇത് രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കുകയും ചെയ്യുന്നു. അതിനാല്‍ 'സ്‌ട്രെസ്' ഉണ്ടെങ്കില്‍ ഏത് വിധേനയും അതിനെ നിയന്ത്രണത്തിലാക്കാന്‍ ശ്രദ്ധിക്കുക. 

 

 

യോഗ, ഡയറ്റ്, ഉറക്കം, മറ്റ് വിനോദോപാധികള്‍ എന്തും ഇതിനായി പരീക്ഷിക്കാം. 

ആറ്...

പുകവലിക്കുന്ന ശീലവും രക്തസമ്മര്‍ദ്ദം ഉയര്‍ത്തിയേക്കാം. ഇത് എല്ലാവരിലും ഒരുപോലെ ഉണ്ടാകണമെന്നില്ല. ചിലര്‍ വളരെ കുറവ് മാത്രം വലിക്കുന്നവരായിരിക്കാം, എങ്കിലും അവരിലാകാം ഒരുപക്ഷേ രക്തസമ്മര്‍ദ്ദം ഉയരുന്ന സാഹചര്യമുണ്ടാകുന്നത്. പുകവലി രക്തക്കുഴലുകളിലെ കോശങ്ങള്‍ തകര്‍ക്കുകയും രക്തക്കുഴലുകള്‍ നേര്‍ത്തുവരാന്‍ ഇടയാക്കുകയുമെല്ലാം ചെയ്‌തേക്കാം. കഴിയുന്നതും ഈ ശീലം മുഴുവനായി ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം. 

ഏഴ്...

ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. എന്നാല്‍ പലപ്പോഴും അത്യാവശ്യ വേണ്ട ഘടകങ്ങള്‍ പോലും ലഭിക്കാത്ത തരത്തിലുള്ള ഭക്ഷണമാണ് നമ്മള്‍ കഴിക്കാനായി തെരഞ്ഞെടുക്കുക. ഇതും ഒരു പരിധി വരെ രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകാറുണ്ട്. ധാരാളം പച്ചക്കറികളും ഫ്രൂട്ട്‌സും കഴിക്കുകയെന്നതാണ് ഈ പ്രശ്‌നം ഒഴിവാനായി ചെയ്യേണ്ടത്. 

Follow Us:
Download App:
  • android
  • ios