Asianet News Malayalam

'അച്ഛനുള്ള മരുന്ന് യുഎസിൽ എത്തി'; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ശിൽപ്പ

ഇമെയിൽ അയച്ച ശേഷം സംഭവിച്ച കാര്യങ്ങൾ ഞങ്ങളുടെ കുടുംബത്തെ അക്ഷരാർഥത്തിൽ നിശബ്ദരാക്കിക്കളഞ്ഞു. മുഖ്യമന്ത്രിക്ക് ഒരു ഇമെയിൽ അയച്ചതിലൂടെ തന്റെ അച്ഛന് അവശ്യ മരുന്ന് ലഭ്യമാക്കിയ സംഭവത്തെ കുറിച്ചാണ് ശില്‍പ്പ സമൂഹമാധ്യമത്തില്‍ കുറിച്ചത്. 

Shilpa Chandran fb post regarding cm pinarayi vijayan
Author
Thiruvananthapuram, First Published May 14, 2020, 11:15 AM IST
  • Facebook
  • Twitter
  • Whatsapp

കൊവിഡ് കാലത്ത് വിദേശത്ത് അകപ്പെട്ടുപോയ അച്ഛന് മരുന്ന് എത്തിക്കാന്‍ സഹായിച്ച മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് യുവതിയുടെ കുറിപ്പ്. ശിൽപ്പ ചന്ദ്രൻ എന്ന യുവതിയാണ് കുറിപ്പ് തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഒരു ഇമെയിൽ അയച്ചതിലൂടെ തന്‍റെ അച്ഛന് അവശ്യമായ മരുന്ന് ലഭ്യമാക്കിയ സംഭവത്തെ കുറിച്ചാണ് ശില്‍പ്പ സമൂഹമാധ്യമത്തില്‍ കുറിച്ചത്. 

ശില്‍പ്പയുടെ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: 

''കൊവിഡ് 19 ലോകത്തെ മുൻപില്ലാത്ത തരത്തിൽ മാറ്റി മറിച്ചു എന്നു ഞാൻ പറഞ്ഞാൽ അതൊരു ക്ലീഷേ ആകും. ക്വാറന്‍റൈന്‍ , സാമൂഹിക അകലം പാലിക്കൽ, കടകൾക്കു മുന്നിൽ മറ്റുള്ളവരുമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് വരിയായി നില്‍ക്കല്‍, മുഖാവരണങ്ങളും കയ്യുറകളും ധരിക്കുക, കുട്ടികളെ വീടനുള്ളിൽതന്നെ പാർപ്പിക്കുക, ഓൺലൈൻ സ്കൂളിങ് തുടങ്ങിയ സാഹചര്യത്തിലൂടെ നമ്മൾ കടന്നു പോകുന്നു. ഇതിനെല്ലാമിടയിലും കഴിഞ്ഞ കുറച്ചാഴ്ചകളായി എന്റെ കുടുംബത്തിനുണ്ടായ ചെറിയ ഒരനുഭവം പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

അറുപതും എഴുപതും വയസ്സ് കഴിഞ്ഞ എന്‍റെ മാതാപിതാക്കൾ ഇപ്പോൾ യുഎസിലെ അറ്റ്‌ലാന്റയിലാണ്‌. എന്റെ സഹോദരന്റെയും കുടുംബത്തിന്റെയും കൂടെ സമയം ചെലവഴിക്കാനാണ് അവർ അവിടേക്ക് പോയത്. ആറുമാസത്തെ വിസിറ്റിങ് വീസയിലാണ് ഒക്ടോബർ അവസാനത്തെ ആഴ്ച അവർ അറ്റ്ലാന്റയിലെത്തിയത്. അവരുടെ മടക്കയാത്രാ വിമാനം മെയ് ആറിനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ക്വാറന്‍റൈന്‍ പ്രഖ്യാപിച്ചതുമൂലം എന്റെ സഹോദരന് അവരുടെ വീസ കാലാവധി നീട്ടിക്കിട്ടാൻ അപേക്ഷിക്കേണ്ടി വന്നു. വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ തിരിച്ചു വരാനുള്ള തീയതി ഇതുവരെയും തീരുമാനിച്ചിട്ടില്ല.

കഴിഞ്ഞ സെപ്റ്റംബറിൽ എന്റെ അച്ഛന് ഒരു മേജർ ഹാർട്ടറ്റാക്ക് ഉണ്ടായി. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം, കൊച്ചിയിലെ ഡോക്ടർമാർ കുറിച്ച മരുന്ന് കഴിച്ചുവരുന്നു.  കൊച്ചിയിൽ നിന്ന് ആറുമാസത്തേക്കുള്ള മരുന്നുകളും വാങ്ങിയാണ് യുഎസ് സന്ദർശനത്തിന് പോയത്. ലോക്ഡൗൺ നീട്ടി ആറുമാസം കൂടി അമേരിക്കയിൽ തുടരേണ്ടി വന്നാൽ പെട്ടെന്നുതന്നെ മരുന്ന് തീരുന്ന അവസ്ഥ വരും.

ഒരു അമേരിക്കൻ ഡോക്ടറുടെ പക്കൽനിന്ന് കുറിപ്പടി വാങ്ങി യുഎസിൽ നിന്നുതന്നെ മരുന്ന് വാങ്ങുക എന്നത് വളരെയധികം ചെലവേറിയതാണ്. ഈ സാഹചര്യത്തിലാണ് എന്റെ സഹോദരഭാര്യയുടെ പിതാവ് ബാലകൃഷ്ണൻ വലിയപറമ്പത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഇമെയിൽ അയക്കാൻ തീരുമാനിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് കുടുങ്ങിക്കിടക്കുന്ന എല്ലാവരുടെയും അവസ്ഥയെക്കുറിച്ചും അവരുടെ മരുന്നുകൾ തീരാറായതിനെക്കുറിച്ചും അദ്ദേഹം തന്റെ ഇമെയിലിൽ ചൂണ്ടിക്കാട്ടി. ഇമെയിൽ അയച്ച ശേഷം സംഭവിച്ച കാര്യങ്ങൾ ഞങ്ങളുടെ കുടുംബത്തെ അക്ഷരാർഥത്തിൽ നിശബ്ദരാക്കിക്കളഞ്ഞു. 

കേരളത്തിൽ കൊറോണ വൈറസ് വ്യാപനം ആരംഭിച്ചപ്പോൾ മുതൽ ദിവസവും മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്ന കാര്യം നമ്മിക്കറിയാം. ഇമെയിൽ അയച്ചതിന്റെ തൊട്ടടുത്ത ദിവസം, പ്രവാസികളായ രക്ഷിതാക്കളും മുതിർന്ന പൗരൻമാരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് തനിക്ക് ഒരു ഇമെയിൽ ലഭിച്ചതായും പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുകയാണെന്നും വൈദ്യസഹായം ആവശ്യമുള്ളവരെ സഹായിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. 

ഇന്ത്യയ്ക്ക് പുറത്തേക്ക് മരുന്നുകൾ അയയ്ക്കാൻ നിയമപരമായ ഇളവുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വ്യക്തിപരമായി അപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കകം അതാ അടുത്ത പത്രസമ്മേളനം വരുന്നു. അന്ന് പ്രവാസികളായ മുതിർന്ന പൗരൻമാർക്ക് മരുന്നുകൾ വളരെ വേഗം അയയ്ക്കാനുള്ള കൊറിയർ സർവീസുകൾ പുനരാരംഭിക്കാൻ തന്റെ ഓഫീസ് തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

ഒരു ദിവസം കഴിഞ്ഞ് എന്റെ സഹോദരഭാര്യയുടെ അച്ഛന് ഒരു ഫോൺകോൾ വന്നു. പ്രവാസികളെ സഹായിക്കാനുള്ള കേരളസർക്കാരിന്റെ സംരംഭമായ നോർക്ക റൂട്ട്സിൽ നിന്നായിരുന്നു ഫോൺകോള്‍. പ്രാദേശിക ഡിഎച്ച്എൽ ഓഫീസുമായി ഉടനെ ബന്ധപ്പെടണമെന്നു പറഞ്ഞു. കൂടാതെ അച്ഛന് വേണ്ടി മരുന്നുകൾ അയയ്ക്കാനും ഡിഎച്ച്എല്ലുമായി ബന്ധം പുലർത്താനും പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസ് കാര്യങ്ങള്‍ വിളിച്ച് അന്വേഷിക്കുകയും നോർക്കയിൽ വിളിച്ച് ചോദിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കു ശേഷം മരുന്നുകൾ എന്റെ സഹോദരന്റെ വീട്ടിലെത്തി. മുഖ്യമന്ത്രിക്കും നോർക്കയ്ക്കും ബാലകൃഷ്ണനങ്കിളിനും ഡിഎച്ച്എല്ലിനും നന്ദി.

വെല്ലുവിളിയുടെ ഈ കാലം നമ്മുടെ നേതാക്കളുടെ പരീക്ഷണ കാലം കൂടിയാണ്. വൈറസിന്റെ തീവ്രത കുറയ്ക്കാൻ വേണ്ട മുൻകരുതൽ നടപടികൾ എടുക്കാൻ അവർക്ക് കഴിയാതെ വരുമ്പോൾ ഇവിടെയിതാ യഥാർഥ നേതൃത്വത്തിന്റെ അപൂർവ്വമായ ഒരുദാഹരണം. മനുഷ്യത്വം നിറഞ്ഞ, കലർപ്പില്ലാത്ത, വിനീതനായ ഒരു നേതാവ്. സാധാരണക്കാരുടെ അവസ്ഥകളെ കേൾക്കാനും  മറ്റ് നിരവധി പ്രശ്നങ്ങൾ തന്റെ മുന്നിലുള്ളപ്പോഴും അധികാരം ഉപയോഗിച്ച് മാറ്റങ്ങൾ കൊണ്ടുവരാനും ശ്രമിക്കുന്ന ആൾ. 

സർ, താങ്കളുടെ പ്രവൃത്തിയിലൂടെ എന്റെ അച്ഛനെ മാത്രമല്ല, കേരളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് മുതിർന്ന പൗരൻമാരെയാണ് സഹായിച്ചത്. അങ്ങേയ്ക്ക് എന്‍റെ അഭിവാദ്യങ്ങൾ. താങ്കളെപ്പോലെയുള്ളവരെയാണ്  ഈ ലോകത്തിന് ആവശ്യം. ഞങ്ങളെ കേൾക്കുന്നവരെ, സേവിക്കാൻ തയാറായവരെ, അഭിമാനത്തോടെ ഞങ്ങളുടെ നേതാക്കൾ എന്നു വിളിക്കാൻ സാധിക്കുന്നവരെ''- ശില്‍പ്പ കുറിച്ചു. 

Also Read: ഇന്ത്യന്‍ വംശജരായ അച്ഛനും മകളും അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചു, ഇരുവരും ഡോക്ടര്‍മാര്‍

Follow Us:
Download App:
  • android
  • ios