പകലുറക്കത്തെ കുറിച്ച് പൊതുവേ മോശം അഭിപ്രായമാണ് എപ്പോഴും പറഞ്ഞ് കേള്‍ക്കാറ്. എന്നാല്‍ പകലുറക്കത്തെ അങ്ങനെ ആകെയും തള്ളിപ്പറയാനാകില്ലെന്നാണ് 'ലൈഫ്‌സ്റ്റൈല്‍ വിദഗ്ധര്‍' അഭിപ്രായപ്പെടുന്നത്. പകല്‍നേരത്ത് ഇടയ്ക്ക് ചെറിയ മയക്കം ആകാമെന്നും, അതിന് ചില ഗുണങ്ങളുണ്ടെന്നും കൂടി ഇവര്‍ പറയുന്നു. 

എന്നാല്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ഈ മയക്കം പോകരുതെന്നും ഇവര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ തന്നെ അതിരാവിലെയും, രാത്രി ഉറങ്ങാന്‍ പോകാറുള്ള സമയത്തോട് അടുപ്പിച്ചും മയങ്ങുന്നത് ആരോഗ്യകരമല്ലെന്നും ഇവര്‍ പറയുന്നു. ഇനി പകല്‍സമയത്തെ മയക്കത്തിന്റെ ചില ഗുണങ്ങള്‍ കൂടി മനസിലാക്കാം. 

ഒന്ന്...

ചെറിയ നേരത്തേക്ക് മയങ്ങുമ്പോള്‍, അതുവരെയും നടന്ന കാര്യങ്ങള്‍, നമ്മളിലേക്ക് വന്നുചേര്‍ന്ന വിവരങ്ങള്‍ എല്ലാം ഒന്നുകൂടി വൃത്തിയായി തലച്ചോറിനകത്ത് അടുക്കിപ്പെറുക്കി വയ്ക്കാന്‍ സാധിക്കുമത്രേ. ഇത് പിന്നീട് ഓര്‍മ്മശക്തിയെ അനുകൂലമായ തരത്തില്‍ സ്വാധീനിക്കുകയും ചെയ്യുന്നു. 

 

 

ജര്‍മ്മനിയില്‍ നിന്നുള്ള ഒരു കൂട്ടം ന്യൂറോസൈക്കോളജിസ്റ്റുകള്‍ നടത്തിയ പഠനം ഈ വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ നിരത്തുന്നു.

രണ്ട്...

ധാരാളം മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന ജീവിതരീതികളിലൂടെയാണ് നമ്മളില്‍ മിക്കവരും ഇന്ന് കടന്നുപോകുന്നത്. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ ശരീരത്തെയും മോശമായി ബാധിക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദം ഉയരാനും അതുവഴി ഹൃദയത്തെ ബാധിക്കാനുമെല്ലാം മാനസിക സമ്മര്‍ദ്ദം കാരണമാകാറുണ്ട്. എന്നാല്‍ ഇത്തരം ദോഷകരമായ അവസ്ഥകളില്‍ നിന്നെല്ലാം നമ്മെ രക്ഷപ്പെടുത്താന്‍ ചെറിയൊരു മയക്കത്തിന് സാധിക്കുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. 

മൂന്ന്...

പകല്‍ സമയത്തെ ചെറിയ ഉറക്കം, നമ്മുടെ ബാക്കി സമയത്തെ കൂടുതല്‍ മിഴിവുറ്റതും ഊര്‍ജ്ജസ്വലതയുള്ളതുമാക്കി തീര്‍ക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

 

 

ഏതെങ്കിലും വിഷയത്തിന് മുകളില്‍ അസ്വസ്ഥത, നിരാശ എന്നിവയെല്ലാം തോന്നുമ്പോള്‍ - അല്ലെങ്കില്‍ ഉറക്കമില്ലാത്ത ഒരു രാത്രിക്ക് ശേഷമുള്ള തളര്‍ച്ച നേരിടുമ്പോഴെല്ലാം സുഖകരമായ ചെറിയൊരു മയക്കം നമ്മെ സ്വസ്ഥരാക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. 

നാല്...

തിരക്ക് പിടിച്ച ജോലി, മീറ്റിംഗുകള്‍ എന്നിങ്ങനെ സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ ഷെഡ്യൂളുകള്‍ക്കിടെ ചെറിയൊരു മയക്കം എടുക്കാന്‍ ശ്രമിക്കണമെന്നാണ് ലൈഫ്‌സ്റ്റൈല്‍ വിദഗ്ധരുടെ ഉപദേശം. ജോലിയേയും അതിന്റെ അനുബന്ധ വിഷയങ്ങളേയും കുറെക്കൂടി ഉണര്‍വോടെ സമീപിക്കാന്‍ ഈ ചെറിയ ഉറക്കം സഹായിക്കുമെന്നാണ് ഇവരുടെ വിശദീകരണം.

Also Read:- ഒരിക്കലും ഭക്ഷണം ധൃതിയില്‍ കഴിക്കരുത്; കാരണങ്ങള്‍ ഇവയാണ്...