പല കാരണങ്ങള്‍ കൊണ്ടും തോളുവേദന അനുഭവപ്പെടാം. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ചലനം വേണ്ടിവരുന്നതു തോൾസന്ധിക്കാണല്ലോ.
ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും തോളുവേദന അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും തോളുവേദന അനുഭവപ്പെടാം. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ചലനം വേണ്ടിവരുന്നതു തോൾസന്ധിക്കാണല്ലോ. അധികം ആയാസമുള്ള ജോലികൾ ചെയ്താൽ, അധിക ഭാരമുള്ള സാധനങ്ങൾ ഏറെനേരം തൂക്കിപ്പിടിച്ചാൽ, ആരെങ്കിലും പെട്ടെന്നു കൈപിടിച്ചു വലിച്ചാൽ, ബസിൽ കമ്പിയിൽ തൂങ്ങിനിന്നു യാത്ര ചെയ്താല്‍, ഹെവി വാഹനങ്ങളുടെ സ്റ്റിയറിങ് ശക്തിയായി തിരിച്ചാൽ, രാത്രി ഉറങ്ങുമ്പോൾ സ്ഥിരമായി ചെരിഞ്ഞുകിടന്നാൽ തുടങ്ങി പല കരണങ്ങള്‍ കൊണ്ടും തോളുവേദന അനുഭവപ്പെടാം.
എന്തായാലും തോളുവേദനയ്ക്ക് ക്യാൻസറുമായി ബന്ധം ഉണ്ടാകും എന്ന് ആരും ചിന്തിക്കാന്‍ സാധ്യതയില്ല. എന്നാല്‍ യുകെയിലെ ക്യാന്‍സര്‍ റിസര്‍ച്ചിന്‍റെ കണ്ടെത്തല്‍ തിരിച്ചാണ്. കടുത്ത തോളുവേദന ചിലപ്പോൾ അപൂർവമായ ഒരു ശ്വാസകോശാർബുദമായ പാൻകോസ്റ്റ് ട്യൂമറിന്റെ (Pancoast Tumour) ലക്ഷണമാകാം എന്നാണ് യുകെയിലെ ക്യാൻസർ ഗവേഷകര്‍ പറയുന്നത്. പാൻകോസ്റ്റ് ട്യൂമര്‍ കടുത്ത തോളുവേദന ഉണ്ടാകാം. വേദന പിന്നീട് കൈകളിലേക്കും കഴുത്തിലേക്കും തലയിലേക്കും വ്യാപിക്കാം. ശ്വാസകോശത്തിനു മുകളിൽ ട്യൂമര്‍ വളരുകയും ഇത് കഴുത്തിൽ നിന്നു മുഖത്തേക്കു പോകുന്ന നാഡികളെ അമർത്തുകയും ചെയ്യാം എന്നും ഗവേഷകര്‍ പറയുന്നു.
പാൻകോസ്റ്റ് ട്യൂമറിന്‍റെ മറ്റ് ലക്ഷണങ്ങൾ...
1. ഒരേ കണ്ണില്‍ ഒരു ചെറിയ കൃഷ്ണമണി കാണപ്പെടുക
2. മുഖത്തിന്‍റെ ഒരു ഭാഗം വിയര്‍ക്കാതിരിക്കുക.
3. ഇമകള്‍ തൂങ്ങുകയോ ബലക്ഷയം അനുഭവപ്പെടുകയോ ചെയ്യുക
ശ്വാസകോശാർബുദമുള്ളവരിൽ അഞ്ച് ശതമാനത്തിൽ താഴെപേർക്ക് മാത്രമേ ഇത്തരത്തിൽ ക്യാൻസർ വരൂ എന്നും ഗവേഷകര്‍ പറയുന്നു.
ശ്വാസകോശാര്‍ബുദത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
- വിട്ടുമാറാത്ത അതിഭയങ്കരമായ ചുമ.
- ചുമയ്ക്കുമ്പോള്‍ രക്തം വരുക.
- കഫത്തില്‍ ചോരയുടെയോ തുരുമ്പിന്റെയോ നിറം.
- ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം.
- ചെറുതായിട്ട് ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പ്.
- നെഞ്ചുവേദന
- ചുമയ്ക്കുമ്പോഴും ശ്വസിക്കുമ്പോഴും വേദന....
- ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുക
- അമിത ക്ഷീണം
- അകാരണമായി ശരീരഭാരം കുറയുക
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also Read: തൈറോയ്ഡ് ക്യാന്‍സര്‍; അറിഞ്ഞിരിക്കാം ഈ പ്രാരംഭ ലക്ഷണങ്ങൾ...

