പലപ്പോഴും ഹൃദയാഘാതം സംഭവിച്ച ശേഷം മാത്രമാണ് ഇത് തിരിച്ചറിയുന്നത്. ഹാര്‍ട്ട് ഫെയിലിയറിന്‍റെ  ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ശ്വാസതടസ്സം, ക്ഷീണം, കാലുകളിലെ വീക്കം എന്നിവ ഉൾപ്പെടുന്നു. 

ഹൃദയം ദുർബലമാവുകയും ശരീരത്തിലുടനീളം കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരികയും ചെയ്യുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ഹാര്‍ട്ട് ഫെയിലിയര്‍. ഇതുമൂലം ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ മുഴുവനായി ബാധിക്കുകയോ നിലയ്ക്കുകയോ ചെയ്യാം. പലപ്പോഴും ഹൃദയാഘാതം സംഭവിച്ച ശേഷം മാത്രമാണ് ഇത് തിരിച്ചറിയുന്നത്. ഹാര്‍ട്ട് ഫെയിലിയറിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ശ്വാസതടസ്സം, ക്ഷീണം, കാലുകളിലെ വീക്കം എന്നിവ ഉൾപ്പെടുന്നു. 

ഹാര്‍ട്ട് ഫെയിലിയറിന്‍റെ മറ്റ് ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

വിട്ടുമാറാത്ത ചുമയാണ് ആദ്യത്തെ ലക്ഷണം. വിട്ടുമാറാത്തതോ കാലക്രമേണ വഷളാകുന്നതോ ആയ ചുമ ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിനെ സൂചിപ്പിക്കാം. ഇത് ഹാര്‍ട്ട് ഫെയിലിയറിന്‍റെ ഒരു സാധാരണ ലക്ഷണമാണ്. എന്നിരുന്നാലും, വിട്ടുമാറാത്ത ചുമ മറ്റ് വിവിധ രോഗങ്ങളുടെയും അണുബാധകളുടെയും ലക്ഷണമാകാം. അതിനാല്‍ വിട്ടുമാറാത്ത ചുമ ഉണ്ടെങ്കില്‍, പരിശോധിക്കേണ്ടത് പ്രധാനമാണ്. 

രണ്ട്...

രാത്രയില്‍ നിരവധി തവണ മൂത്രമൊഴിക്കാന്‍ തോന്നുന്നതും ഒരു ലക്ഷണമാകാം. 

മൂന്ന്...

വിശപ്പില്ലായ്മ അല്ലെങ്കിൽ ഓക്കാനം വരുന്നതും നിസാരമായി കാണേണ്ട. വിശപ്പ് കുറയുന്നത് അല്ലെങ്കിൽ നിരന്തരമായ ഓക്കാനം ഹൃദയാരോഗ്യം മോശമായതിന്‍റെ ലക്ഷണമാകാം. ഹൃദയത്തിന് രക്തം ഫലപ്രദമായി പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ ദഹനവ്യവസ്ഥയെ ബാധിക്കും.

നാല്...

 ക്രമരഹിതമായ ഹൃദയമിടിപ്പും ഹാര്‍ട്ട് ഫെയിലിയറിന്‍റെ ഒരു സാധാരണ ലക്ഷണമാണ്.

അഞ്ച്...

തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നത് മാനസികമായ ആശയക്കുഴപ്പം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മെമ്മറി പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

ആറ്...

പെട്ടെന്ന് ശരീരഭാരം വര്‍ധിക്കുന്നതും നിസാരമായി കാണേണ്ട. 

ഏഴ്... 

നിരന്തരമായ ശ്വാസം മുട്ടൽ അല്ലെങ്കിൽ ശ്വാസതടസ്സം, ശാരീരിക അദ്ധ്വാനമില്ലാതെ പോലും ശ്വാസം മുട്ടുന്നതും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

എട്ട്... 

വയര്‍ എപ്പോഴും വീര്‍ത്തിരിക്കുന്നതും ഹാര്‍ട്ട് ഫെയിലിയറിന്‍റെ ഒരു ലക്ഷണമാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also Read: ഹെർണിയ ശ്രദ്ധിക്കണം; അറിയാം ഈ ലക്ഷണങ്ങൾ...

youtubevideo