ശരീരത്തില്‍ ഈ പ്രത്യേക വിറ്റാമിന്‍ കുറഞ്ഞാല്‍, അത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിന്‍ ബി12-ന്‍റെ കുറവു മൂലം ഉണ്ടാകുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു പോഷകമാണ് വിറ്റാമിന്‍ ബി12. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിലും ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഇവ സഹായിക്കും. ഉപാപചയ പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന പങ്കുവഹിക്കുന്നു. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ആവശ്യമാണ്.
ശരീരത്തില്‍ വിറ്റാമിന്‍ ബി12 കുറഞ്ഞാല്‍, അത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിന്‍ ബി12-ന്‍റെ കുറവു മൂലം ഉണ്ടാകുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ക്ഷീണം, തളര്‍ച്ച, വിളറിയ ചര്‍മ്മം, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ഓസ്റ്റിയോപൊറോസിസ്, ചര്‍മ്മത്തിലെ മഞ്ഞനിറം, മറവി, വിഷാദം, മലബന്ധം, നടക്കുമ്പോള്‍ ബാലന്‍സ് കിട്ടാതെ വരുക, കൈ- കാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്നങ്ങള്‍, വായ്പ്പുണ്ണ് തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം.
വിറ്റാമിന്‍ ബി12 അഭാവം രൂക്ഷമാകുമ്പോൾ ലക്ഷണങ്ങളും കൂടുതൽ സങ്കീർണമാകും. സംസാരിക്കാൻ ബുദ്ധിമുട്ട്, വിഷാദരോഗം, പെട്ടെന്ന് ദേഷ്യം വരൽ, പെരുമാറ്റത്തിൽ വ്യതിയാനങ്ങൾ എന്നിവ ചിലരില്‍ ഉണ്ടാകാം. അതുപോലെ എല്ലുകളുടെ ആരോഗ്യം മോശമാകാനും മാനസികാരോഗ്യത്തെ ഇത് മോശമായി ബാധിക്കുകയും ചെയ്യാം. ഭക്ഷണത്തില്‍ നിന്ന് തന്നെയാണ് നമ്മുക്ക് വിറ്റാമിന്‍ ബി12 ലഭിക്കുന്നത്.
അത്തരത്തില്‍ വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
പാല്‍, തൈര്, ചീസ്, മുട്ട, മത്സ്യം, ബീഫ്, സാൽമൺ ഫിഷ്, ചൂര, മത്തി, പാലുൽപന്നങ്ങൾ, സോയ മിൽക്ക്, അവക്കാഡോ, മഷ്റൂം, ചീര എന്നിവയിലെല്ലാം വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
