കൊറോണക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരവധി വിദ​ഗ്ധർ പറഞ്ഞിട്ടുണ്ട്. സ്വാഭാവിക പ്രതിരോധശേഷി വർധിപ്പിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. നല്ല ഭക്ഷണവും ജീവിതശൈലിയും രോഗപ്രതിരോധശേഷിക്ക് അത്യാവശ്യമാണ്. 

പല കാരണങ്ങള്‍ കൊണ്ട് രോഗപ്രതിരോധശേഷി കുറയാം. നല്ല ആരോഗ്യശീലങ്ങളുണ്ടായിട്ടും ഈ ലക്ഷണങ്ങളുണ്ടെങ്കില്‍,  നിങ്ങള്‍ക്ക് രോഗപ്രതിരോധശേഷി കുറവാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഒന്ന്...

വര്‍ഷത്തില്‍ മൂന്നില്‍ കൂടുതല്‍ തവണ പിടിപെടുന്ന പനിയും ജലദോഷവും അവ മാറാന്‍ സാധാരണയിലും കൂടുതല്‍ സമയമെടുക്കുന്നതും രോഗപ്രതിരോധശേഷി കുറവാണെന്നതിന്‍റെ സൂചനയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമേരിക്കന്‍ അക്കാദമി ഓഫ് അലര്‍ജി, ആസ്ത്മ, ഇമ്മ്യൂണോളജിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഒരു വര്‍ഷത്തില്‍ രണ്ട് തവണയില്‍ കൂടുതല്‍ ആന്റിബയോട്ടിക് മരുന്നുകള്‍കൊണ്ടുള്ള ചികിത്സ എടുക്കുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് രോഗപ്രതിരോധശക്തിയുടെ കുറവാണെന്നാണ്. ഇത്തരക്കാര്‍ പ്രതിരോധശേഷി കൂട്ടാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക. 

രണ്ട്...

എപ്പോഴും ക്ഷീണം ആണോ? അതും രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം അനുഭവപ്പെടാം. അതിനാല്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ടതാണ്. രോഗപ്രതിരോധശക്തി നിലനിര്‍ത്തുന്നതിന് ശരീരം ഊര്‍ജത്തോടെയും ആരോഗ്യത്തോടെയും ഇരിക്കേണ്ടത് അത്യാവശ്യമാണ്. ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കേണ്ട സാഹചര്യമാണ് സൂചിപ്പിക്കുന്നത്. 

മൂന്ന്...

പ്രതിരോധശക്തിയും ഉദരവും ആയി വലിയ ബന്ധമുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആവര്‍ത്തിച്ചു വരുന്ന വയറിളക്കം, ദഹനപ്രശ്‌നങ്ങള്‍ എന്നിവ രോഗപ്രതിരോധശക്തിയെയും ബാധിക്കാം. ഇത്തരം ഉദരസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരും വേണ്ട ചികിത്സ സ്വീകരിക്കേണ്ടതാണ്. 

നാല്...

പല കാരണങ്ങള്‍ കൊണ്ട് വായ്പ്പുണ്ണ് ഉണ്ടാകാം. പ്രതിരോധശേഷി കുറഞ്ഞവരിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

മേല്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏന്തെങ്കിലും ഉള്ളതുകൊണ്ട് പ്രതിരോധശേഷി കുറവാണെന്ന് സ്വയം കരുതേണ്ട. ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നല്ലതാണ്. 

Also Read: പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും വിറ്റാമിന്‍ എ അടങ്ങിയ ഈ ഭക്ഷണങ്ങള്‍...

പ്രതിരോധശേഷി കൂട്ടാന്‍ ഇതാ ഒരു എളുപ്പ വഴി...