അമിതവണ്ണം ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. കൊഴുപ്പുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും  വ്യായാമമില്ലായ്മയുമാണ് അമിതവണ്ണം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ. വ്യായാമമില്ലായ്മ അമിതവണ്ണം മാത്രമല്ല ​ഹൃദ്രോ​ഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം പോലുള്ള ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. 

  വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്നതും ശരീരഭാരം എളുപ്പം കുറയ്ക്കാൻ സഹായിക്കുന്നതുമായ അഞ്ച് വ്യായാമങ്ങളെ കുറിച്ച് നാഷണൽ തായ്‌വാൻ യൂണിവേഴ്സിറ്റിയിലെ ഒരു സം​ഘം ​ഗവേഷകർ അടുത്തിടെ പഠനം നടത്തിയിരുന്നു. 30നും 70 നും വയസിനിടയിൽ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. 

ഈ അഞ്ച് വ്യായാമങ്ങൾ സ്ഥിരമായി ചെയ്യുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് എളുപ്പം ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ​ഗവേഷകൻ വാൻ യൂ ലിൻ പറയുന്നു. ജീവിതശെെലി ഘടകങ്ങളും പരമ്പര്യവും തന്നെയാണ് അമിതവണ്ണത്തിനുള്ള പ്രധാന കാരണങ്ങൾ. ക്യത്യമായി വ്യായാമം ചെയ്താൽ ശരീരഭാരം വളരെ എളുപ്പം കുറയ്ക്കാനാകുമെന്നും അദ്ദേഹം പറയുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് വ്യായാമങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ബ്രിഡ്ജ് എക്സര്‍സൈസ് (Bridge Exercises)

തറയിലോ കട്ടിലിലോ കിടന്ന് ചെയ്യാവുന്ന വ്യായാമമാണിത്. കൈകള്‍ രണ്ടും ഇരുവശത്തായി ശരീരഭാഗത്തോട് ചേര്‍ത്ത് മടക്കിവെക്കുക. കാലുകള്‍ മടക്കി ഇടുപ്പ് ഭാഗം ഉയര്‍ത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ കാല്‍പ്പാദങ്ങള്‍ തറയില്‍ അമര്‍ത്തി വക്കണം. തോള്‍, ഇടുപ്പ്, മുട്ട് എന്നിവ ഒരേ ക്രമത്തില്‍ വരണം. 30 സെക്കന്റ് കഴിഞ്ഞ ശേഷം പഴയ അവസ്ഥയിലേക്ക് മടങ്ങി വരണം. ഇതും ഒരു ദിവസം 20 പ്രാവശ്യം തുടര്‍ച്ചയായി ചെയ്യുക.

 സ്ക്വാറ്റ്...

സ്ക്വാറ്റ് അധികം ആരും കേൾക്കാത്ത ഒരു വ്യായാമമാണെന്ന് പറയാം. ദിവസവും 15 തവണ സ്ക്വാറ്റ് ചെയ്യാൻ ശ്രമിക്കുക.  മസിലുകൾക്ക് ഇത് നല്ലൊരു വ്യായാമമാണ്. ശരീരത്തിലെ കൊഴുപ്പ് അകറ്റുക മാത്രമല്ല കാൽ കെെമുട്ട് വേദന എന്നിവ മാറാനും ഏറ്റവും നല്ല വ്യായാമമാണ് ഇത്. ഇനി സ്ക്വാറ്റ് ചെയ്യേണ്ട രീതിയെ കുറിച്ച് പറയാം. 

ആദ്യം മുട്ട് മടങ്ങാതെ രണ്ട് കാലുകളും രണ്ട് വശത്തേക്ക് അകറ്റിവയ്ക്കുക. ശേഷം രണ്ട് കെെകളും നിവർത്തി മുഖത്തിന് നേരെ പിടിക്കുക. കെെമുട്ട് മടങ്ങാതെ നോക്കണം. ശേഷം കാൽമുട്ട് വരെ (കസേരയിലേക്ക് ഇരിക്കുന്നരീതിയിൽ) ഇരിക്കുകയും എഴുന്നേൽക്കുകയും വേണം. സ്ക്വാറ്റു ദിവസവും രാവിലെയോ വെെകിട്ടോ ചെയ്യാൻ ശ്രമിക്കുക. 

ലങ്ക്സ്...

നടുവേദന, കഴുത്ത് വേദന എന്നിവ മാറാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഏറ്റവും നല്ല വ്യായാമമാണ് ലങ്ക്സ്. ദിവസവും 15 മിനിറ്റെങ്കിലും ലങ്ക്സ് ചെയ്യാൻ ശ്രമിക്കുക. ഈ വ്യായാമം ചെയ്യേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞു തരും. ആദ്യം വലതുകാൽ മുമ്പിലോട്ടും ഇടത് കാൽ പുറകിലോട്ടും മുട്ട് മടക്കാതെ നിവർത്തിവയ്ക്കുക.ശേഷം വലത് കാൽ തറയിൽ ഉറപ്പിച്ച കെെകൾ പിടിക്കാതെ താഴേക്കും മുകളിലേക്കും ഇരിക്കുകയും എഴുന്നേൽക്കുകയും വേണം. 

പുഷ്അപ്പ്...

 ശരീരത്തിലെ കൊഴുപ്പ് മാറ്റാൻ ഏറ്റവും നല്ല വ്യയാമമാണ് പുഷഅപ്പ്. ആർത്തവസമയങ്ങളിൽ പുഷ്അപ്പ് ചെയ്യാതിരിക്കുക. കാരണം ഈ വ്യായാമം ചെയ്തു കഴിഞ്ഞാൽ അമിതരക്തസ്രവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 20 പുഷ്അപ്പുകൾ ദിവസവും ചെയ്യാൻ ശ്രമിക്കുക. ആദ്യം രണ്ട് കെെകളും തറയിലേക്ക് വയ്ക്കുക.ശേഷം കാൽമുട്ടുകൾ തറയിൽ വച്ച് കെെയ്യിന്റെ സഹായത്തോടെ പുഷ്അപ്പുകൾ ചെയ്യുക. 

ബ്ർപീസ്...

 തടി കുറയ്ക്കാൻ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും നടുവേദന പോലുള്ള പ്രശ്നങ്ങൾ അകറ്റാനും ഏറ്റവും നല്ല വ്യായാമമാണ് ബ്ർപീസ്. കാൽമുട്ടുകൾ മടക്കാതെ കെെകൾ താഴേക്ക് വച്ച് അപ്പ് ആന്റ് ഡൗൺ എന്ന രീതിയിൽ മുകളിലോട്ടും താഴോട്ടും ചാടുക. ദിവസവും 10 മിനിറ്റെങ്കിലും ഇത് ചെയ്യാൻ ശ്രമിക്കുക.