മനസിനെ എത്ര നിയന്ത്രിച്ചാലും നമ്മളില്‍ പലര്‍ക്കും ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിയാറില്ല. മിക്കവാറും എല്ലാ തിരക്കുകള്‍ക്കുമൊടുവില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴായിരിക്കും, ചിന്തകളുടെ ഈ പ്രളയം തലയില്‍ പാഞ്ഞെത്തുക.. നല്ലതും ചീത്തതുമായ ആലോചനകള്‍ ഇക്കൂട്ടത്തിലുണ്ടാകാം. 

ഏറെയും മോശം കാര്യങ്ങളായിരിക്കും നമ്മുടെ ചിന്തകളില്‍ വന്നുനിറയുന്നത്. ഇത് മനുഷ്യരിലെ ഒരു പൊതുപ്രവണതയാണ്. ജീവിതത്തിന്റെ അവസ്ഥകള്‍ക്കനുസരിച്ച് ഓരോരുത്തരിലും മാറിവരുമെന്ന് മാത്രം. സ്വാഭാവികമായും നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ മനസ് വിഷമിക്കുകയും സമ്മര്‍ദ്ദത്തിലാവുകയും ചെയ്യും. ഇത് ഉത്കണ്ഠ, വിഷാദം പോലുള്ള അവസ്ഥകളിലേക്ക് നമ്മെയെത്തിക്കുന്നു. 

ഇതില്‍ ഉത്കണ്ഠയെക്കുറിച്ചാണ് ഇനി പറയുന്നത്. ഒരു ചെറിയ പരിധി വരെ ഉത്കണ്ഠ എല്ലാവരിലും കാണും. എന്നാല്‍ അവനവന്റെ കാര്യങ്ങള്‍ പോലും ചെയ്യാനാകാത്ത വിധത്തില്‍ ഉത്കണ്ഠ ബാധിക്കുന്ന അവസരങ്ങളില്‍ മരുന്നിനെയോ ചികിത്സയെയോ ആശ്രയിക്കുക തന്നെയേ മാര്‍ഗമുള്ളൂ. അപ്പോഴും മരുന്നിന് അടിമയാകുമോ, മരുന്നില്ലാതെ ഇനി പറ്റില്ലേ എന്ന ആശങ്ക വരാം. കൂടാതെ 'ആംഗ്‌സൈറ്റി'ക്ക് വേണ്ടി കഴിക്കുന്ന മരുന്നുകളുണ്ടാക്കുന്ന അതിയായ ക്ഷീണവും പ്രശ്‌നമായേക്കാം. 

ഇങ്ങനെയെല്ലാമുള്ള വിഷമഘട്ടത്തില്‍ സ്വയം 'റിലാക്‌സ്' ചെയ്യിക്കാനുള്ള ഒരു പരീക്ഷണത്തെക്കുറിച്ചാണ് ഇനി പറയുന്നത്. ഉത്കണ്ഠ മൂലം 'പാനിക് അറ്റാക്ക്' സ്ഥിരമായവര്‍ക്കെല്ലാം ഇത് ചെയ്തുനോക്കാവുന്നതാണ്. സ്വയം ചികിത്സയായോ ശാസ്ത്രീയമായ ചികിത്സാരീതിയായോ ഒന്നും ഇതിനെ കാണേണ്ടതില്ല. തളര്‍ന്നുപോകുമ്പോള്‍ സ്വയം ഒന്ന് കൈ പിടിച്ചുയര്‍ത്താനുള്ള ശ്രമമായി മാത്രം കണ്ടാല്‍ മതി. അപ്പോ ഇതിന്റെ വിവിധ ഘട്ടങ്ങളിലേക്ക് കടക്കാം...

ഒന്ന്...

സ്വസ്ഥമായി കാലുകളും മസിലുകളുമെല്ലാം അയച്ചിട്ട് ഇരിക്കുക. യോഗ അറിയാവുന്നവരാണെങ്കില്‍ അവര്‍ക്കിത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതേയുള്ളൂ. 

രണ്ട്...

വളരെ പതുക്കെ ശ്വാസം അകത്തേക്കെടുക്കുക. അതുപോലെ പതുക്കെ പുറത്തേക്കും വിടുക. ഒന്ന് മുതല്‍ മൂന്ന് വരെ എണ്ണിക്കൊണ്ട് ഇത് ചെയ്യാം. അതായത് എണ്ണിക്കൊണ്ട് ശ്വാസമെടുക്കുക, പിന്നീടിത് വീണ്ടും എണ്ണിക്കൊണ്ട് ഹോള്‍ഡ് ചെയ്യാം. പിന്നെയും ഒരു തവണ കൂടി എണ്ണുന്ന നേരത്ത് പുറത്തേക്ക് വിടാം. ഈ സമയങ്ങളില്‍ എന്ത് ചിന്തകള്‍ വേണമെങ്കിലും വന്നോട്ടെ. ഒന്നിനേയും നിര്‍ബന്ധപൂര്‍വ്ം തടയാന്‍ ശ്രമിക്കണ്ട. 

മൂന്ന്...

മൂന്നാം ഘട്ടത്തില്‍ നമുക്കേറ്റവും സന്തോഷം തോന്നാന്‍ സാധ്യതയുള്ള ഒരിടത്താണ് നമ്മളെന്ന് വെറുതെ ഒന്ന് സങ്കല്‍പിക്കാം.

മുമ്പെപ്പോഴെങ്കിലും അനുഭവിച്ചതോ, അല്ലെങ്കില്‍ ഭാവനയില്‍ ഉള്ളതോ ആയ ഒരിടമോ സമയമോ എല്ലാം ആകാം ഇത്. തുടര്‍ന്ന് പതിയെ മനസിനെ ആ സന്തോഷത്തിലേക്ക് പറിച്ചുനടാന്‍ ശ്രമിക്കാം. 

നാല്...

നാലാമതായി, കണ്ണടച്ച ശേഷം സ്വയം എന്തെങ്കിലും 'പൊസിറ്റീവ്' ആയ കാര്യങ്ങള്‍ സംസാരിക്കാം. ജീവിതത്തിന്റെ ഏത് റിയാലിറ്റിയേയും നമ്മള്‍ ഉള്‍ക്കൊണ്ടേ പറ്റൂ. ആ റിയാലിറ്റികളെയെല്ലാം അംഗീകരിക്കുന്നവെന്നോ, സ്വയമുള്ള വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നോ, ധൈര്യം കളഞ്ഞുപോയിട്ടില്ലെന്ന് ഉറപ്പിക്കുകയോ ഒക്കെയാകാം. ഇതും ഓരോരുത്തരുടേയും ചുറ്റുപാടുകളേയും കാഴ്ചപ്പാടുകളേയും അനുസരിച്ചിരിക്കും. പ്രശ്‌നങ്ങള്‍ സംസാരിക്കുകയും, അതിന് സ്വയം ഉത്തരം പറയുകയും ആവാം. 

ഇത് എത്രനേരം വേണമെങ്കിലും തുടരാം. ഉണര്‍ന്നുകഴിയുമ്പോഴും ശരീരം 'റിലാക്‌സ്ഡ്' ആയി ഇട്ടിരിക്കാന്‍ ശ്രമിക്കുക. പല തവണ ഇത് പരീക്ഷിച്ചുനോക്കാം. പലപ്പോഴും ശീലത്തിന്റെ ഭാഗമാകുമ്പോഴായിരിക്കാം, നമ്മള്‍ ഇതിനകത്ത് ഒതുങ്ങിനില്‍ക്കാന്‍ സ്വയം പരിശീലിക്കുന്നത്.