മഴക്കാലത്ത് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ഈർപ്പം ദോഷകരമായ സൂക്ഷ്മാണുക്കൾക്ക് അതിവേഗം വളരാൻ അനുകൂല സാഹചര്യമൊരുക്കുന്നു.

വേനൽച്ചൂടിൽ നിന്ന് വലിയൊരു ആശ്വാസവുമായാണ് കാലവർഷം എത്തുന്നതെങ്കിലും, അതിനൊപ്പം പലതരം ആരോഗ്യപ്രശ്നങ്ങളും ഈ മഴക്കാലത്ത് വരാറുണ്ട്. പ്രത്യേകിച്ച് വയറിനെയും കുടലിനെയും ബാധിക്കുന്ന അണുബാധകൾ ഈ സമയത്ത് വളരെ കൂടുതലാണ്. വയറിളക്കം, ഛർദ്ദി, വയറുവേദന, ദഹനക്കേട്, ഭക്ഷ്യവിഷബാധ എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്. മഴവെള്ളം കുടിവെള്ള സ്രോതസ്സുകളിൽ കലരുന്നതും ബാക്ടീരിയ, വൈറസ് എന്നിവയ്ക്ക് വളരാൻ അനുയോജ്യമായ അന്തരീക്ഷം ഉണ്ടാകുന്നതുമാണ് മഴക്കാലത്ത് പലതരം രോഗങ്ങൾ വരാനുള്ള കാരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്തുകൊണ്ട് മഴക്കാലത്ത് വയറിന് അണുബാധ കൂടുന്നു?

മഴക്കാലത്ത് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ഈർപ്പം ദോഷകരമായ സൂക്ഷ്മാണുക്കൾക്ക് അതിവേഗം വളരാൻ അനുകൂല സാഹചര്യമൊരുക്കുന്നു. ശക്തമായ മഴ പെയ്യുമ്പോൾ മലിനജലവും മറ്റ് മാലിന്യങ്ങളും കുടിവെള്ള സ്രോതസ്സുകളിൽ കലരാൻ സാധ്യതയേറെയാണ്. അതേസമയം ഈ സമയത്ത് ഭക്ഷണസാധനങ്ങൾ കേടാകാനുള്ള സാധ്യതയുമുണ്ട്. തുറന്നുവെച്ചതോ കൃത്യമായി സൂക്ഷിക്കാത്തതോ ആയ ഭക്ഷണങ്ങളിൽ രോഗാണുക്കൾ എളുപ്പത്തിൽ പ്രവേശിക്കാം. മഴവെള്ളവും പൊടിയും ഈച്ചകളും സമ്പർക്കത്തിൽ വരുന്ന തെരുവോര ഭക്ഷണങ്ങൾ മഴക്കാലത്ത് വലിയ ആരോഗ്യഭീഷണി ഉയർത്തുന്നു.

ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

വ്യത്യസ്ത രീതിയിലാണ് രോഗം ബാധിക്കുന്നതെങ്കിലും ലക്ഷണങ്ങളെ അവഗണിക്കരുത്.

  1. വിട്ടുമാറാത്ത വയറിളക്കം

2. ഓക്കാനവും ഛർദ്ദിയും

3. അടിവയറ്റിൽ വേദന അല്ലെങ്കിൽ കഠിനമായ വയറുവേദന

4. വയർ വീർക്കലും ദഹനക്കേടും

5. പനി

6. വിശപ്പില്ലായ്മ

7. ശാരീരിക തളർച്ചയും നിർജ്ജലീകരണവും

ലക്ഷണങ്ങൾ രണ്ടു ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയോ, കഠിനമായ നിർജ്ജലീകരണം അനുഭവപ്പെടുകയോ, മലത്തിൽ രക്തത്തിന്റെ അംശം കാണുകയോ, കടുത്ത പനി ഉണ്ടാകുകയോ ചെയ്താൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്.

സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കാം

1. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

മലിനമായ വെള്ളമാണ് മഴക്കാലത്തെ രോഗങ്ങൾക്ക് പ്രധാന കാരണം. ഫിൽട്ടർ ചെയ്തതോ, നന്നായി തിളപ്പിച്ചതോ ആയ ശുദ്ധജലം മാത്രം കുടിക്കുക.

2. കൈകളുടെ ശുചിത്വം ഉറപ്പാക്കുക

ഭക്ഷണം കഴിക്കുന്നതിന് മുൻപും, ശുചിമുറി ഉപയോഗിച്ച ശേഷവും, പുറത്തുപോയി തിരികെ വീട്ടിൽ എത്തുമ്പോഴും കൈകൾ സോപ്പിട്ട് നന്നായി കഴുകുക. രോഗാണുക്കൾ പടരുന്നത് തടയാൻ ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണിത്.

3. തെരുവോര ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക

മഴക്കാലത്ത് ഈച്ചകളും വന്നിരിക്കാനും പൊടി കലരാനും സാധ്യതയുള്ളതിനാൽ വഴിയോരങ്ങളിലെ തുറന്നുവെച്ച ഭക്ഷണങ്ങൾ, വേവിക്കാത്ത സാലഡുകൾ, മുറിച്ചുവെച്ച പഴങ്ങൾ എന്നിവ ഒഴിവാക്കുക. എപ്പോഴും ചൂടോടെ തയ്യാറാക്കിയ ഭക്ഷണങ്ങൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.

4. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക

പച്ചക്കറികളിലും പഴങ്ങളിലും ദോഷകരമായ ബാക്ടീരിയകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഉപയോഗിക്കുന്നതിന് മുൻപ് പച്ചക്കറികൾ നന്നായി കഴുകുക. സാധ്യമാകുന്ന പഴങ്ങളുടെ തൊലി കളഞ്ഞ ശേഷം മാത്രം കഴിക്കുക.

5. പഴകിയ ഭക്ഷണം കഴിക്കരുത്

ഈർപ്പമുള്ള കാലാവസ്ഥയിൽ ഭക്ഷണസാധനങ്ങൾ പെട്ടെന്ന് കേടാകും. അതുകൊണ്ട് ഫ്രിഡ്ജിൽ വെക്കാതെ ദീർഘനേരം പുറത്തിരുന്ന പഴകിയ ആഹാരങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. എപ്പോഴും ഫ്രഷ് ആയി പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതാണ് സുരക്ഷിതം.

6. ഭക്ഷണം കൃത്യമായി സൂക്ഷിക്കുക

പാൽ, ഇറച്ചി, പാകം ചെയ്ത ആഹാരങ്ങൾ എന്നിവ കേടുവരാതെ കൃത്യസമയത്ത് തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് ബാക്ടീരിയകളുടെ വളർച്ച തടയാനും ഭക്ഷ്യവിഷബാധ ഒഴിവാക്കാനും സഹായിക്കും.

7. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക

പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, പ്രോബയോട്ടിക്സ് എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും നല്ലതാണ്. വയറിളക്കം പോലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കുക.