അധിക നേരം ഇയർ ഫോൺ ഉപയോ​ഗിക്കുന്നത് ചെവിയുടെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഇയര്‍ ഫോണിന്റെ അമിത ഉപയോ​ഗം നമ്മെ കേള്‍വി തകരാറിലേക്ക് നയിക്കും. കേള്‍വി ശക്തിയെ ഇയര്‍ ഫോണ്‍ ഉപയോഗം ബാധിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

' തുടർച്ചയായി ഇയര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ഇയര്‍ ഫോണില്‍ പാട്ടു കേള്‍ക്കുമ്പോള്‍ 10 മിനിറ്റ് നേരം പാട്ട് കേട്ടതിന് ശേഷം അഞ്ച് മിനിട്ടെങ്കിലും ചെവിയ്ക്ക് വിശ്രമം നൽകുക. ഉച്ചത്തിൽ പാട്ട് കേൾക്കുന്നത് കേൾവിശക്തി നഷ്ടപ്പെടാൻ ഇടയാക്കും...' ഫരീദാബാദിലെ ഫോർട്ടിസ് എസ്‌കോർട്ട്സ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇഎൻടി ഡോ. അപർണ മഹാജൻ പറയുന്നു. ഇയർ ഫോൺ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ‌ എന്തൊക്കെയാണെന്ന് നോക്കാം...

ശബ്ദം കുറയ്ക്കൂ...

2017 ൽ 'നോയിസ് ആന്റ് ഹെൽത്ത്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്, 90 ഡെസിബെൽ (ഡിബി) അല്ലെങ്കിൽ 100 ​​ഡിബി ശബ്ദ തീവ്രതയോടെ ദീർഘനേരം ഇയർ ഫോണുകൾ ഉപയോ​ഗിക്കുന്ന ആളുകൾക്ക് ശ്രവണ വൈകല്യത്തിനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടുന്നു. അതിനാൽ എല്ലായ്‌പ്പോഴും 60 ഡിബി ശബ്ദ തീവ്രത നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. പരമാവധി 80 ഡിബി ശബ്ദത്തിൽ ഇയർ ഫോണുകൾ ഉപയോ​ഗിക്കാവുന്നാണ്. ഒരു സാധാരണ സംഭാഷണത്തിന് 60 ഡിബി മതിയാകും.

 

 

ഇയർ ഫോൺ തുടർച്ചയായി ഉപയോ​ഗിക്കരുത്...

അഞ്ചും ആറും മണിക്കൂർ തുടർച്ചയായി ഇയർ ഫോൺ ഉപയോ​ഗിക്കുന്നത് കേൾവിക്കുറവിന് കാരണമാകാമെന്നാണ് ഡോ. അപർണ പറയുന്നത്. 

അണുബാധയ്ക്ക് കാരണമാകാം...

 2002 ലെ ' മലേഷ്യൻ ജേണൽ ഓഫ് മെഡിക്കൽ സയൻസ' സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്, ഇയർഫോൺ ഉപയോഗം ചെവിയുടെ കനാലില്‍ ഉയർന്ന താപനിലയും ഈർപ്പവും ഉള്ള അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കുന്നുവെന്ന്
വ്യക്തമാക്കുന്നു, ഇത് ബാക്ടീരിയയ്ക്കും ഫംഗസിനും അനുയോജ്യമായ പ്രജനന കേന്ദ്രമാണ്. പുറം ചെവി അണുബാധയ്ക്ക് കാരണമാകും. മൃദുവായ ഇയർബഡുകളുള്ള ഒരു ഇയർഫോൺ തിരഞ്ഞെടുക്കുന്നത്  അണുബാധയ്ക്കുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കും.

 

 

ചെവി വൃത്തിയാക്കുക...

'ചെവിക്കായം' അഥവാ 'ഇയര്‍വാക്‌സ്' നമ്മുടെയെല്ലാം ചെവിയില്‍ ഉണ്ട്. ചെവിയുടെ സംരക്ഷണത്തിനും ശുചിത്വത്തിനും ചെവിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും എല്ലാം ചെവിക്കായം അത്യാവശ്യമായ ഒന്നാണ്. എന്നാൽ, ഇയർഫോണുകളുടെ ഉപയോഗം ഇയർവാക്സ് ചെവിയുടെ ഉള്ളിൽ കഠിനമായി പറ്റി പിടിച്ചിരിക്കുന്നതിന് കാരണമാകുമെന്ന് ഡോ. അപർണ പറഞ്ഞു.

ഇയർഫോൺ വൃത്തിയാക്കുക...

ഇയർഫോണുകൾ പതിവായി വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. പൊടി, സൂക്ഷ്മാണുക്കൾ, മറ്റേതെങ്കിലും വസ്തുക്കൾ ഇയർഫോൺ പറ്റിപിടിച്ചിരിക്കുന്നുവെങ്കിൽ വൃത്തിയാക്കുന്നതിലൂടെ അത് മാറികിട്ടും.

കൊവിഡ് 19 പകരുന്നത് അധികവും വീട്ടിനകത്ത് വച്ച്'; പഠനം പറയുന്നു...